Quantcast

'ആളുകൂടിയിട്ടു കാര്യമില്ല, ഗുണവും വേണം'-പുതിയ ജനസംഖ്യാ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ചൈന

'ജനസംഖ്യയും ജനങ്ങളുടെ നൈപുണിയും പ്രധാനമാണ്. ചൈനയുടെ ജനസംഖ്യ 140 കോടിയാണ്. അതിൽ തൊഴിൽപ്രായത്തിലുള്ള 90 കോടി പേരുണ്ട്.'

MediaOne Logo

Web Desk

  • Updated:

    2023-04-20 04:53:15.0

Published:

20 April 2023 4:39 AM GMT

ChineseresponsetoIndiasriseinworldpopulation, Chinalosingtopspotinpopulation, worldpopulation
X

ബെയ്ജിങ്: ജനസംഖ്യയിൽ ഒന്നാംസ്ഥാനത്തേക്കുള്ള ഇന്ത്യൻ കുതിപ്പിൽ പ്രതികരിച്ച് ചൈന. ആളെണ്ണത്തിൽ മാത്രമല്ല ഗുണനിലവാരത്തെക്കൂടി ആശ്രയിച്ചാണ് ജനസംഖ്യയുടെ നേട്ടം കണക്കാക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ വ്യക്തമാക്കി. രാജ്യത്ത് തൊഴിൽ വൈദഗ്ധ്യമുള്ള 90 കോടിയോളം പേരുണ്ടെന്നും അത് രാജ്യത്തിന്റെ വികസനത്തിനുള്ള ശക്തമായ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

'അളവിനെ മാത്രമല്ല, ഗുണനിലവാരത്തെക്കൂടി ആശ്രയിച്ചാണ് ജനസംഖ്യ വർധനയുടെ നേട്ടം നിലനിൽക്കുന്നത്. ജനസംഖ്യയും ജനങ്ങളുടെ നൈപുണിയും പ്രധാനമാണ്. ചൈനയുടെ ജനസംഖ്യ 140 കോടിയാണ്. അതിൽ തൊഴിൽപ്രായത്തിലുള്ള 90 കോടി പേരുണ്ട്. 10.5 ആണ് അവരുടെ വിദ്യാഭ്യാസ ശരാശരി.'-വാങ് വെൻബിൻ പറഞ്ഞു.

വാർധക്യപ്രതിസന്ധി പരിഹരിക്കാനുള്ള സജീവമായ നടപടിക്രമങ്ങൾ രാജ്യം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ ജനസംഖ്യാ നേട്ടങ്ങൾ ഇല്ലാതായിട്ടില്ലെന്ന് പ്രധാനമന്ത്രി ലി ക്വിയാങ് വ്യക്തമാക്കിയതാണ്. രാജ്യത്തിന്റെ നൈപുണ്യനേട്ടം കുതിച്ചുയരുകയാണ്. വികസനമുന്നേറ്റത്തിനിതു വലിയ പ്രചോദനമാണെന്നും വാൻ വെൻബിൻ കൂട്ടിച്ചേർത്തു.

ആഗോള ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്ന വിവരം ഐക്യരാഷ്ട്രസഭയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 142.86 കോടിയാണ് ഏറ്റവും പുതിയ വിവരപ്രകാരം ഇന്ത്യൻ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയും. 1950ൽ യു.എൻ ജനസംഖ്യാ വിവരം പുറത്തുവിടാൻ തുടങ്ങിയതിനുശേഷം ഇതാദ്യമായാണ് ഇന്ത്യ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ജനനനിരക്ക് കുത്തനെ കുറഞ്ഞതാണ് ചൈന നേരിടുന്ന പ്രതിസന്ധി. ഇതു തൊഴിൽരംഗത്തെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. ജനനനിരക്ക് കൂട്ടാനുള്ള വിവിധ പദ്ധതികൾ ചൈനീസ് ഭരണകൂടവും പ്രാദേശിക ഭരണകൂടങ്ങളും നടപ്പാക്കിവരുന്നുണ്ട്.

Summary: 'Population dividend does not depend on quantity but also quality," Wang Wenbin, spokesperson of the Chinese Foreign Ministry, responds hours after India had overtaken China to become the world's most populous country

TAGS :

Next Story