ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം കരയില്ല, അതിവിടെയാണ്; സെക്കൻഡിൽ താഴേക്ക് പതിക്കുന്നത് ശതകോടി ലിറ്റർ വെള്ളം!
കരയിലെ വെള്ളച്ചാട്ടങ്ങളെപ്പോലെ ഇത് കുത്തനെ താഴേക്ക് പതിക്കുകയല്ല ചെയ്യുന്നത്

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതെന്ന ചോദ്യത്തിന് നയാഗ്ര, ഏയ്ഞ്ചൽ, വിക്ടോറിയ...അങ്ങനെ പല ഉത്തരങ്ങളായിരിക്കും പലരും പറയുന്നത്. എന്നാൽ ഇതൊന്നുമല്ല ശരി ഉത്തരം. കാരണം അത് കരയിലല്ല, അങ്ങ് കടലിനടിയിലാണ്. സമുദ്രത്തിനടിയിൽ മറഞ്ഞിരിക്കുന്ന ഈ ഭീമൻ വെള്ളച്ചാട്ടത്തിലൂടെ ഓരോ സെക്കൻഡിലും ശതകോടി ലിറ്റർ വെള്ളമാണ് താഴേക്ക് പതിക്കുന്നത്.
ഗ്രീൻലാൻഡിനും ഐസ്‌ലാന്‍റിനും ഇടയിൽ, ആഴക്കടലിന്റെ അടിത്തട്ടിൽ ആയിരക്കണക്കിന് വർഷങ്ങളായി നടക്കുന്ന അപൂർവമായ ഒരു പ്രകൃതിപ്രതിഭാസമാണിത്. അറ്റ്ലാന്റിക് സമുദ്രത്തിലെ ചൂടുള്ള വെള്ളത്തിന് അടിയിലേക്ക് ശതകോടി കണക്കിന് ലിറ്റർ തണുത്തതും സാന്ദ്രതയേറിയതുമായ സമുദ്രജലം ഓരോ സെക്കൻഡിലും താഴേക്ക് പതിക്കുന്നു. കരയിലെ ഏത് കൂറ്റൻ വെള്ളച്ചാട്ടത്തെക്കാളും എത്രയോ ഇരട്ടി വലിപ്പമുള്ളതാണ് സമുദ്രത്തിനുള്ളിലെ ഈ ഭീമൻ ജലപാതം.
ഗ്രീൻലാൻഡിനും ഐസ്‌ലാൻഡിനും ഇടയിലാണ് ഡെൻമാർക്ക് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്, ഇത് നോർഡിക് കടലുകളെ വടക്കൻ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ, താഴെ എന്താണ് സംഭവിക്കുന്നതെന്ന് സമുദ്രോപരിതലം കണ്ടാൽ മനസിലാകില്ല. നൂറുകണക്കിന് മീറ്റര്‍ താഴെ കുത്തിയൊലിക്കുന്ന വലിയൊരു വെള്ളച്ചാട്ടത്തിന്‍റെ ഒരു സൂചന പോലും കാണാതെയാണ് കപ്പലുകൾ ഈ പ്രദേശം കടക്കുന്നത്.
സമുദ്രജലത്തിന്റെ തണുപ്പും ഉപ്പുരസവും (ലവണാംശം) അനുസരിച്ച് അതിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. നോർഡിക് സമുദ്രത്തിൽ നിന്ന് എത്തുന്ന ജലം, തെക്കുഭാഗത്തുള്ള ഇർമിംഗർ സമുദ്രത്തിലെ ചൂടുള്ള ജലത്തേക്കാൾ തണുപ്പുള്ളതും സാന്ദ്രത (Density) കൂടിയതുമാണെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ട് ജലപ്രവാഹങ്ങളും തമ്മിൽ കൂട്ടിമുട്ടുമ്പോൾ, സാന്ദ്രത കൂടിയ തണുത്ത വെള്ളം സ്വാഭാവികമായും സാന്ദ്രത കുറഞ്ഞ ചൂടുവെള്ളത്തിന് അടിയിലേക്ക് താഴ്ന്നുപോകുന്നു.
സാന്ദ്രതയിലുള്ള ഈ വ്യത്യാസമാണ് തണുത്ത ജലത്തെ 'ഡെന്മാർക്ക് സ്ട്രെയിറ്റ് സിൽ' എന്ന കടലിനടിയിലെ നിരപ്പായ ഭാഗം കടന്ന്, ഗ്രീൻലാൻഡിന്‍റെ വൻകര ചരിവിലൂടെ താഴേക്ക് പതിക്കാൻ സഹായിക്കുന്നത്. സമുദ്രത്തിൻ്റെ അടിത്തട്ടിലെ ഭൂപ്രകൃതി ഇതിന് ആവശ്യമായ ചരിവ് നൽകുമ്പോൾ, ഗുരുത്വാകർഷണം ബാക്കി ജോലി പൂർത്തിയാക്കുന്നു.
എന്നാൽ, കരയിലെ വെള്ളച്ചാട്ടങ്ങളെപ്പോലെ ഇത് കുത്തനെ താഴേക്ക് പതിക്കുകയല്ല ചെയ്യുന്നത്. പകരം, സാന്ദ്രതയേറിയ ഈ ജലപ്രവാഹം സമുദ്ര അടിത്തട്ടിന്റെ ഘടനയ്ക്കനുസരിച്ച് ദീർഘദൂരം ഒഴുകിപ്പോകുന്നു. തെക്കോട്ട് ഒഴുകുന്ന ഈ ജലപ്രവാഹത്തിന്റെ പാതയെ ഘർഷണം , സമുദ്ര അടിത്തട്ടിന്റെ ആകൃതി, ഭൂമിയുടെ ഭ്രമണം എന്നിവ സ്വാധീനിക്കുന്നുണ്ട്.
ഡെന്മാർക്ക് സ്ട്രെയിറ്റിലെ ജലപ്രവാഹത്തിന്റെ തോത് സാധാരണയായി ഒറ്റ കണക്കായി രേഖപ്പെടുത്താറുണ്ടെങ്കിലും, ഇത് ഒരിക്കലും സ്ഥിരമായി ഒരേ അളവിലല്ല തുടരുന്നത്. സമുദ്ര ശാസ്ത്രജ്ഞർ വെള്ളത്തിന്റെ ഈ ഒഴുക്കിനെ അളക്കാൻ 'സ്വർഡ്രപ്പ്' (Sverdrup) എന്ന യൂണിറ്റാണ് ഉപയോഗിക്കുന്നത്. ഒരു സെക്കൻഡിൽ പത്ത് ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകുന്നതാണ് ഒരു സ്വർഡ്രപ്പ്. പഠനം നടത്തിയ സമയം, ഉപയോഗിച്ച ഉപകരണങ്ങൾ, അളവുകൾ എടുത്ത സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി, ഈ ജലപ്രവാഹം ഏകദേശം 2.5 മുതൽ 5 സ്വർഡ്രപ്പ് വരെ വ്യത്യാസപ്പെടുന്നതായി വിവിധ ഗവേഷണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16

