10,214 കിമീ, 7 ദിവസം, 20 മണിക്കൂർ, 25 മിനിറ്റ്; ഒറ്റ ടിക്കറ്റിൽ മൂന്ന് രാജ്യങ്ങൾ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിൻ യാത്രയെക്കുറിച്ചറിയാം
ഗ്രേറ്റ് സൈബീരിയൻ റൂട്ട് എന്നറിയപ്പെടുന്ന ട്രാൻസ് സൈബീരിയൻ റെയിൽവെ സൈബീരിയയുടെ വികസനം മുന്നിൽ കണ്ട് 1916ലാണ് ആരംഭിക്കുന്നത്

കയ്യിലുള്ള പണത്തെക്കുറിച്ചോ...ലീവിനെക്കുറിച്ചോ ആശങ്കയില്ലാതെ ദിവസങ്ങൾ നീണ്ടൊരു ട്രെയിൻ യാത്ര...പല യാത്രാപ്രേമികളുടെയും ഒരു സ്വപ്നമായിരിക്കും അത്. വിശാലമായ തുറസ്സായ സ്ഥലങ്ങളിലൂടെ കാഴ്ചകൾ കണ്ട്, ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത സ്ഥലങ്ങൾ കണ്ടൊരു യാത്ര...തീര്‍ച്ചയായും അതൊരു വല്ലാത്ത അനുഭവമായിരിക്കുമല്ലേ...ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രയും ഇത്തരത്തിലുള്ള സുന്ദരമായ യാത്രാനുഭവമാണ് സമ്മാനിക്കുന്നത്.ഒരൊറ്റ ടിക്കറ്റിൽ ലോകത്തിലെ മൂന്ന് രാജ്യങ്ങൾ സന്ദര്‍ശിക്കാമെന്നതാണ് ഈ യാത്രയുടെ പ്രത്യേകത.
ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാതയായ ട്രാൻസ് സൈബീരിയൻ റൂട്ടിലൂടെ സഞ്ചരിച്ചാലാണ് ഈ അത്യപൂര്‍വ കാഴ്ച കാണാനാവുക. റഷ്യയിലെ മോസ്കോയിൽ നിന്ന് ഉത്തര കൊറിയയിലെ പ്യോങ്‌യാങ്ങിലേക്കാണ് ട്രെയിൻ പോകുന്നത്. 10,214 കിലോമീറ്റർ ദൂരം താണ്ടിയാലാണ് ലക്ഷ്യസ്ഥാനത്തെത്തുക. ഏഴ് ദിവസവും 20 മണിക്കൂറും 25 മിനിറ്റും വേണ്ടി വരും പ്യോങ്‌യാങ്ങിലെത്താൻ. 142 റെയിൽവെ സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. 87 നഗരങ്ങളെ കടന്നുള്ള യാത്രയിൽ റഷ്യ, മംഗോളിയ, ഉത്തര കൊറിയ എന്നീ മൂന്ന് രാജ്യങ്ങളെയും ഈ ട്രെയിൻ ബന്ധിപ്പിക്കുന്നു.
ഗ്രേറ്റ് സൈബീരിയൻ റൂട്ട് എന്നറിയപ്പെടുന്ന ട്രാൻസ് സൈബീരിയൻ റെയിൽവെ സൈബീരിയയുടെ വികസനം മുന്നിൽ കണ്ട് 1916ലാണ് ആരംഭിക്കുന്നത്. പ്രദേശത്തിന്‍റെ ജനസംഖ്യയും സമ്പദ്‌വ്യവസ്ഥയും വർധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പത്തൊൻപതാം നൂറ്റാണ്ടിൽ സര്‍ അലക്സാണ്ടർ മൂന്നാമന്റെ കീഴിൽ നിർമാണം ആരംഭിച്ചു. 25 വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ പാതയായി ഇത് മാറി.മോസ്കോയിൽ നിന്ന് യാത്ര ആരംഭിച്ച് വ്‌ളാഡിവോസ്റ്റോക്കിൽ അവസാനിക്കുന്ന ട്രെയിൻ, ഉത്തര കൊറിയയിലെ പ്യോങ്‌യാങ്ങിലേക്കും യാത്ര തുടരുന്നു.16 പ്രധാന നദികൾ, പര്‍വതങ്ങൾ, വനങ്ങൾ, മഞ്ഞ് മൂടിയ മലകൾ...തുടങ്ങി പ്രകൃതി സുന്ദരമായ കാഴ്ചകൾ ഈ ട്രെയിൻ യാത്രയുടെ സവിശേഷതയാണ്. യാത്ര ആരംഭിച്ചു കഴിഞ്ഞാൽ എട്ട് വ്യത്യസ്തമായ സമയ മേഖലകളിലൂടെയായിരിക്കും കടന്നുപോവുക.
ഈ വഴിയിൽ, ബൈക്കൽ തടാകം, യുറൽ പർവതനിരകൾ, സൈബീരിയയിലെ വനമേഖല തുടങ്ങിയ അതിമനോഹരമായ കാഴ്ചകൾ സന്ദർശകർക്ക് ആസ്വദിക്കാം.ഈ ട്രെയിനിൽ ഫസ്റ്റ്, സെക്കൻഡ്, തേർഡ് ക്ലാസ് താമസ സൗകര്യങ്ങളുമുണ്ട്.
Adjust Story Font
16

