Quantcast

രണ്ടാം ലോകമഹായുദ്ധ കാലത്തെ പൊട്ടാത്ത ബോംബ്; പാരിസിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

അര ടൺ ഭാരമുള്ള ബ്രിട്ടീഷ് നിർമിത ബോംബാണ് കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    8 March 2025 3:40 PM IST

WWII bomb disposal operation in Paris causes hours of travel chaos
X

പാരിസ്: രണ്ടാം ലോകമഹായുദ്ധ കാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പാരിസിലെ തിരക്കേറിയ ഗാരെ ഡു നോർഡ് റെയിൽവേ സ്‌റ്റേഷനിലെ ട്രാക്കുകൾക്ക് സമീപം വെള്ളിയാഴ്ചയാണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കാനുള്ള ശ്രമം റെയിൽ, റോഡ് ഗതാഗതത്തെ ബാധിച്ചു. ലണ്ടൻ-ബ്രസൽസ് അതിവേഗ ട്രെയിനടക്കം റദ്ദാക്കി.

സെയ്ൻ-സെന്റ്-ഡെനിസ് മേഖലയിലെ ട്രാക്കുകൾക്ക് സമീപം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് പുലർച്ചെ നാല് മണിയോടെ ബോംബ് കണ്ടെത്തിയത്. ബോംബ് സുരക്ഷിതമായി നീക്കം ചെയ്ത ശേഷം ട്രെയിൻ ഗതാഗതം പുനരാരംഭിച്ചതായി ഗതാഗത മന്ത്രി ഫിലിപ് തബരോട് പറഞ്ഞു.

ബോംബ് ഒരു ദ്വാരത്തിലേക്ക് മാറ്റിയ ശേഷം നിർവീര്യമാക്കൽ വിദഗധർ ബോംബിന്റെ ഫ്യൂസ് ഊരി മാറ്റുകയായിരുന്നു. അര ടൺ ഭാരമുള്ള ബ്രിട്ടീഷ് നിർമിത ബോംബാണ് കണ്ടെത്തിയതെന്ന് പാരിസ് പൊലീസ് ലബോറട്ടറി തലവൻ ക്രിസ്‌റ്റോഫ് പെസ്രോൺ പറഞ്ഞു. ജോലിക്കാർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജോലി ചെയ്യുമ്പോൾ ബോംബ് പൊട്ടിയിരുന്നെങ്കിൽ വൻ ദുരന്തത്തിന് ഇടയാക്കുമായിരുന്നുവെന്നും നിർവീര്യമാക്കാനായത് വലിയ ആശ്വാസമാണെന്നും പെസ്രോൺ പറഞ്ഞു.

ബോംബ് നീക്കം ചെയ്യുന്നതിന് മുമ്പ് ട്രെയിൻ, റോഡ് ഗതാഗതം പൊലീസ് തടഞ്ഞിരുന്നു. ഇത് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായി. ഏകദേശം അഞ്ഞൂറോളം ട്രെയിനുകളാണ് റദ്ദാക്കിയത്. ഇതോടെ വടക്കൻ ഫ്രാൻസ് മുഴുവൻ സ്തംഭിച്ചു. അയൽരാജ്യങ്ങളിലേക്കുള്ള ട്രെയിനുകളും റദ്ദാക്കിയതോടെ യുകെ, ബെൽജിയം, നെതർലൻഡ്‌സ്, ജർമനി തുടങ്ങിയ രാജ്യങ്ങളെയും ഇത് ബാധിച്ചു.

TAGS :

Next Story