Quantcast

'ഫ്രൻഡ്‌സ് ഓഫ് ഐഡിഎഫി'ന് ഒരു മില്യൻ ഡോളർ സംഭാവന നൽകി യേൽ യൂണിവേഴ്‌സിറ്റി

ഇസ്രായേൽ സൈന്യത്തിനായി ഫണ്ട് സ്വരൂപിക്കുന്ന സംഘടനയാണ് ഫ്രൻഡ്സ് ഓഫ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്

MediaOne Logo

Web Desk

  • Published:

    20 Sept 2025 3:47 PM IST

Yale University Donated $1M to ‘Friends of IDF’ Group
X

ന്യൂയോർക്ക്: ഇസ്രായേൽ സൈന്യത്തിനായി ഫണ്ട് സ്വരൂപിക്കുന്ന ഫ്രൻഡ്സ് ഓഫ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (FIDF) എന്ന സംഘടനക്ക് അമേരിക്കയിലെ 'യേൽ യൂണിവേഴ്സിറ്റി' ഒരു മില്യൻ ഡോളർ സംഭാവന നൽകിയതായി ആരോപണം. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള സംഘടനയായ യേൽ എൻഡോവ്‌മെന്റ് ജസ്റ്റിസ് കൊയിലിഷനാണ് ആരോപണമുന്നയിച്ചത്. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സയിലെ വംശഹത്യയും നടത്താനാവശ്യമായ സൈനികരെ റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്ന ഒരു അമേരിക്കൻ എൻജിഒയാണ് എഫ്‌ഐഡിഎഫ് എന്ന് യേൽ എൻഡോവ്‌മെന്റെ് ജസ്റ്റിസ് കോയിലിഷൻ പറഞ്ഞു.

യേൽ നൽകുന്ന സംഭാവനയുടെ നിയമപരമായ നിയന്ത്രണം യൂണിവേഴ്‌സിറ്റി തന്നെ ഏറ്റെടുക്കുകയും അത് സർവകലാശാലാ എൻഡോവ്‌മെന്റിൽ നിക്ഷേപിച്ച ശേഷം യോഗ്യതയുള്ള ചാരിറ്റികൾക്ക് വർഷം തോറും സംഭാവനകൾ വിതരണം ചെയ്യുകയാണ് വേണ്ടത്. സംഭാവന നൽക്കുന്നവർക്ക് സ്വീകർത്താക്കളെ നിർദേശിക്കാമെങ്കിലും, സർവകലാശാലക്കാണ് അന്തിമ അംഗീകാരം ഉള്ളതെന്നും വിദ്യാർത്ഥി സംഘടന പറയുന്നു. കൂടാതെ നോട്രെ ഡാം പോലുള്ള എൻജിഒകൾ അവരുടെ ലക്ഷ്യവുമായി ചേർന്നു പോകുന്നവർക്കു മാത്രമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുമ്പോൾ, വിദ്യാഭ്യാസത്തിനും മനുഷ്യത്വത്തിനും എതിര് നിൽക്കുകയും വംശഹത്യക്ക് അനുകൂലമായി നിലകൊള്ളുകയും ചെയ്യുന്ന സംഘടനകൾക്ക് സഹായ വിതരണം ചെയ്യാൻ യേൽ അനുമതി നൽകുന്നുവെന്നും യേൽ എൻഡോവ്‌മെന്റ് ജസ്റ്റിസ് കൊയിലിഷൻ ആരോപിക്കുന്നു.

'യാലീസ് ഫോർ ഹ്യുമാനിറ്റി' എന്ന മുദ്രാവാക്യമുയർത്തി എൻഡോവ്മെന്റ് ജസ്റ്റിസ് കൊയിലിഷൻ സമാന്തരമായി ഒരു ഫണ്ട്റൈസിങ് കാമ്പയിനും ആരംഭിച്ചു. ഖാൻ യൂനിസിലെയും തെക്കൻ ഗസ്സയിലെയും ഫലസ്തീനി കുടുംബങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും വേണ്ടി 15,500 ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് കാമ്പയിൻ. കഴിഞ്ഞ ദിവസം അധിനിവേശ പലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള യുഎന്നിന്റെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തിയതായി സ്ഥിരീകരിച്ച സന്ദർഭത്തിൽക്കൂടിയാണ് യേലിനെതിരെ സാമ്പത്തികസഹായ ആരോപണമുയരുന്നത്. മാർച്ച് 18ന് വെടിനിർത്തൽ കരാർ പിൻവലിച്ചതിന് ശേഷം, ഗസ്സ മുനമ്പിലുടനീളം ഇസ്രായേൽ രക്തരൂക്ഷിതമായ വ്യോമാക്രമണം തുടരുകയാണ്. 2023 ഒക്ടോബർ ഏഴ് മുതൽ തുടങ്ങിയ വംശഹത്യയയിൽ ഇതുവരെ 65,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 165,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ വ്യാപകമായ വിമർശനം ഉയർന്നിട്ടും ഇസ്രായേൽ കടുത്ത ആക്രമണവുമായി മുന്നോട്ട് പോവുകയാണ്. വംശഹത്യയുടെ പേരിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അന്വേഷണവും ഇസ്രായേൽ നേരിടുകയാണ്.

TAGS :

Next Story