Quantcast

'എനിക്കുള്ള എല്ലാ അവകാശങ്ങളും നിങ്ങള്‍ക്കുമുണ്ട്': ബംഗ്ലാദേശിലെ ഹിന്ദുക്കളോട് ഷെയ്ഖ് ഹസീന

ബംഗ്ലാദേശിൽ എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യ അവകാശമുണ്ടെന്ന് ഷെയ്ഖ് ഹസീന

MediaOne Logo

Web Desk

  • Published:

    19 Aug 2022 5:28 AM GMT

എനിക്കുള്ള എല്ലാ അവകാശങ്ങളും നിങ്ങള്‍ക്കുമുണ്ട്: ബംഗ്ലാദേശിലെ ഹിന്ദുക്കളോട് ഷെയ്ഖ് ഹസീന
X

രാജ്യത്തെ ന്യൂനപക്ഷമാണെന്ന് ചിന്തിക്കരുതെന്ന് ഹിന്ദുക്കളോട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിൽ എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യ അവകാശമുണ്ടെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ധാക്കയിലെ ധകേശ്വരി മന്ദിറില്‍ നടന്ന പരിപാടിയെ ഓൺലൈൻ വഴി അഭിസംബോധന ചെയ്യുകയായിരുന്നു ഷെയ്ഖ് ഹസീന.

"എല്ലാ മതത്തിൽപ്പെട്ടവരും തുല്യാവകാശത്തോടെ ജീവിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നിങ്ങൾ ഈ രാജ്യത്തെ പൗരനാണെങ്കിൽ, നിങ്ങൾക്ക് ഇവിടെ തുല്യ അവകാശമുണ്ട്. എനിക്കുള്ള അതേ അവകാശങ്ങൾ നിങ്ങൾക്കും ഉണ്ട്"- ഷെയ്ഖ് ഹസീന പറഞ്ഞു.

കൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ച് ഹിന്ദുമത വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഷെയ്ഖ് ഹസീന- "ദയവായി നിങ്ങളെത്തന്നെ ദുർബലപ്പെടുത്തരുത്. എല്ലാവര്‍ക്കും ഈ ആത്മവിശ്വാസത്തോടെ നീങ്ങാൻ കഴിയുമെങ്കിൽ, ഏതെങ്കിലും മതത്തിൽ നിന്നുള്ള ദുഷ്ട വിഭാഗത്തിന് ഒരിക്കലും രാജ്യത്തിന്റെ മതസൗഹാർദം തകർക്കാൻ കഴിയില്ല. നമുക്കിടയിൽ ആ വിശ്വാസവും ഐക്യവും നിലനിർത്തണം. നിങ്ങളിൽ നിന്ന് എനിക്കിതാണ് വേണ്ടത്" - ഷെയ്ഖ് ഹസീന പറഞ്ഞു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾ മോശമായ അവസ്ഥയിലാണെന്ന് സൂചിപ്പിക്കാൻ ശ്രമിച്ച ഒരു വിഭാഗത്തെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. "രാജ്യത്ത് എന്ത് സംഭവമുണ്ടായാലും ഹിന്ദുക്കൾക്ക് ഈ രാജ്യത്ത് അവകാശമില്ലെന്ന തരത്തിൽ രാജ്യത്തും വിദേശത്തും വൻതോതിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് ഖേദത്തോടെ ഞാന്‍ പറയട്ടെ. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം അതിനെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുന്നുണ്ട്. പക്ഷേ ഹിന്ദുക്കൾക്ക് ഇവിടെ അവകാശമില്ല എന്ന തരത്തിലാണ് ചിത്രീകരിക്കുന്നത്. സർക്കാരിന്റെ നടപടികൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല"- ഷെയ്ഖ് ഹസീന പറഞ്ഞു.

TAGS :

Next Story