Quantcast

നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മത്സരിക്കും; ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

'സാമൂഹ്യനീതിക്ക് വെൽഫെയറിനൊപ്പം' എന്ന മുദ്രാവാക്യത്തിലാണ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിനെ നേരിടുക

MediaOne Logo

  • Published:

    12 March 2021 9:33 PM IST

നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മത്സരിക്കും; ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
X

ഏപ്രിൽ ആറിന് നടക്കുന്ന കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മത്സരിക്കും.'സാമൂഹ്യനീതിക്ക് വെൽഫെയറിനൊപ്പം' എന്ന മുദ്രാവാക്യത്തിലാണ് പാർട്ടി സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിനെ നേരിടുക. എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും ഇന്നും സാമൂഹ്യ നീതി നിലനിൽക്കുന്ന സാമൂഹ്യാന്തരീക്ഷം കേരളത്തിലുണ്ടാക്കാനായിട്ടില്ലെന്ന് പാർട്ടി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംഘ്പരിവാറിനും സി.പി.എമ്മിനുമിടയിൽ പാലമായി വർത്തിക്കുന്ന ആത്മീയ വ്യാപാരികൾക്ക് തലസ്ഥാന നഗരിയിൽ ഭൂമി ദാനം ചെയ്യുന്നു. വാളയാർ പെൺകുട്ടികളുടെ കേസ് അട്ടിമറിക്കുകയും പാലത്തായിയിലെ സ്ത്രീപീഢകനായ സംഘ്പരിവാർ നേതാവിന് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയും ചെയ്തതും ഇക്കാലത്താണ്. ദലിതർ, ആദിവാസികൾ, സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ സാമൂഹ്യ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു. അടിസ്ഥാനപരമായ ഇത്തരം പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടാൻ കേരളത്തിലെ പ്രതിപക്ഷത്തിനായിട്ടില്ലെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.

"കേന്ദ്രത്തിലെ സംഘ്പരിവാർ ഭരണം ഭരണഘടനാമൂല്യങ്ങളെ കാറ്റിൽ പറത്തി രാജ്യത്തെ സവർണാധിപത്യത്തിലധിഷ്ഠിതമായ സംഘ് രാജ്യം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിലും വംശീയ വിദ്വേഷം പരത്തി അധികാരത്തിലേറാനുള്ള നീക്കങ്ങളാണ് സംഘ്പരിവാർ ശക്തികൾ നടത്തുന്നത്." - അവർ പറഞ്ഞു.

ആദ്യഘട്ടത്തിൽ 16 മണ്ഡലങ്ങളിലെ സ്​ഥാനാർഥി പ്രഖ്യാപനം വെള്ളിയാഴ്ച നടത്തി. തൃക്കരിപ്പൂർ -ടി. മഹേഷ് മാസ്റ്റർ, തലശ്ശേരി -ഷംസീർ ഇബ്രാഹീം, ബാലുശ്ശേരി -എൻ.കെ ചന്ദ്രിക, എലത്തൂർ-താഹിർ പറമ്പത്ത്, വണ്ടൂർ-കൃഷ്ണൻ കുനിയിൽ, മലപ്പുറം - ഇ.സി ആയിഷ, വേങ്ങര -കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, പൊന്നാനി-ഗണേഷ് വടേരി, തരുർ-കെ. രജിത, പട്ടാമ്പി-എസ്. മുജീബ് റഹ്മാൻ, കൈപ്പമംഗലം-എം.കെ അസ്ലം, ആലുവ-കെ.എം ഷെഫിൻ, പെരുമ്പാവൂർ-അർഷദ് പെരിങ്ങാല, അമ്പലപ്പുഴ-സുഭദ്രാമ്മ തോട്ടപ്പള്ളി, ചടയമംഗലം-അർച്ചന പ്രിജിത്ത്, ചിറയിൻകീഴ്​-അഡ്വ.അനിൽകുമാർ എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്.

സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട സംവരണം അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളില്‍ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾക്ക് സമാന നിലപാടാണുള്ളതെന്നും വാർത്താസമ്മേളനത്തിൽ പാർട്ടി സെക്രട്ടറി കെ.എ.ഷഫീക്ക്​ പറഞ്ഞു. വൈസ് പ്രസിഡന്‍റുമാരായ സുരേന്ദ്രന്‍ കരിപ്പുഴ, റസാഖ് പാലേരി സെക്രട്ടറി സജീദ്​ ഖാലിദ്​ എന്നിവർ പ​ങ്കെടുത്തു.

TAGS :

Next Story