Quantcast

ഒറ്റക്കെട്ടായി പ്രതിപക്ഷം; യശ്വന്ത് സിൻഹ രാഷ്ട്രപതി സ്ഥാനാർത്ഥി

വാജ്‌പേയി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ പിന്നീട് ബി.ജെ.പിയുടെ കടുത്ത വിമർശകനായി മാറിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-21 10:45:30.0

Published:

21 Jun 2022 10:30 AM GMT

ഒറ്റക്കെട്ടായി പ്രതിപക്ഷം; യശ്വന്ത് സിൻഹ രാഷ്ട്രപതി സ്ഥാനാർത്ഥി
X

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ തിരഞ്ഞെടുത്തു. എൻ.സി.പി തലവൻ ശരദ് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നേരത്തെ സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ച് സിൻഹ രംഗത്തെത്തിയിരുന്നു.

ഐകകണ്‌ഠ്യെനയാണ് സിൻഹയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായിരിക്കും സിൻഹയെന്നും അദ്ദേഹം വ്യക്തമാക്കി.

ശരദ് പവാർ, നാഷനൽ കോൺഫറൻസ് തലവൻ ഫാറൂഖ് അബ്ദുല്ല, മഹമാത്മാ ഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി ഉയർന്നുകേട്ടിരുന്നത്. എന്നാൽ, മൂന്നുപേരും സ്ഥാനാർത്ഥിയാകാനില്ലെന്ന് അറിയിച്ചതോടെ മറ്റൊരാൾക്കു വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിപക്ഷം.

ഇന്നു രാവിലെയാണ് സ്ഥാനാർഥിയാകാൻ സന്നദ്ധത അറിയിച്ച് യശ്വന്ത് സിൻഹ രംഗത്തെത്തിയത്. വിശാല പ്രതിപക്ഷ ഐക്യത്തിനായി നിലകൊള്ളേണ്ട സമയമാണിതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

വാജ്‌പേയി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു യശ്വന്ത് സിൻഹ. പിന്നീട് ബി.ജെ.പിയുടെ കടുത്ത വിമർശകനായി മാറി. ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തിയ സിൻഹയെ സ്ഥാനാർഥിയാക്കാൻ തുടക്കത്തിൽ കോൺഗ്രസും ഇടതു പാർട്ടികളും വലിയ താത്പര്യം കാണിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മമതാ ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ആശങ്ക ഇവർ രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് തൃണമൂലിൽനിന്ന് രാജിവച്ച് മത്സരിക്കണമെന്ന നിബന്ധന മുന്നോട്ടുവയ്ക്കുകയായിരുന്നു കോൺഗ്രസും ഇടതു പാർട്ടികളും. മമത ബാനർജി കഴിഞ്ഞയാഴ്ച വിളിച്ച യോഗത്തിൽ കോൺഗ്രസ് അടക്കം 17 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തിരുന്നു.

എൻ.ഡി.എ സ്ഥാനാർഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഘടകകക്ഷികളുമായി രാജ്‌നാഥ് സിങ് ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഈ മാസം 29 ആണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. വോട്ടെടുപ്പ് ജൂലൈ 18നും വോട്ടെണ്ണൽ ജൂലൈ 21നും നടക്കും.

Summary: Yashwant Sinha named as Opposition candidate for Presidential elections

TAGS :

Next Story