ഹസൻ അലി മുതൽ ധോണി വരെ; കൈവിട്ട ക്യാച്ചുകൾ വിധിയെഴുതിയ വർഷം

പാകിസ്താന്റെ കപ്പ് മോഹങ്ങൾ ഹസൻ അലി നിലത്തിട്ടൊരു ക്യാച്ച് തല്ലിക്കെടുത്തിയെങ്കിൽ ഫൈനലിൽ സമാനമായൊരു ദുർവിധിയിൽ നിന്ന് ഓസ്‌ട്രേലിയൻ താരം ജോഷ് ഹേസൽവുഡ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്.

MediaOne Logo

André

  • Updated:

    2022-01-03 10:57:54.0

Published:

3 Jan 2022 10:45 AM GMT

ഹസൻ അലി മുതൽ ധോണി വരെ; കൈവിട്ട ക്യാച്ചുകൾ വിധിയെഴുതിയ വർഷം
X

ക്രിക്കറ്റ് ലോകത്ത് കൈവിട്ട ക്യാച്ചുകൾ നിർണായകമായിത്തീർന്ന വർഷമായിരുന്നു 2021. ടി 20 ലോകകപ്പിൽ മിന്നും പ്രകടനവുമായി സെമിഫൈനലോളം മുന്നേറിയ പാകിസ്താന്റെ കപ്പ് മോഹങ്ങൾ ഹസൻ അലി നിലത്തിട്ടൊരു ക്യാച്ച് തല്ലിക്കെടുത്തിയെങ്കിൽ ഫൈനലിൽ സമാനമായൊരു ദുർവിധിയിൽ നിന്ന് ഓസ്‌ട്രേലിയൻ താരം ജോഷ് ഹേസൽവുഡ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. ഇതിഹാസതാരം മഹേന്ദ്ര സിങ് ധോണിയുടെ ചോരാത്ത കൈകൾ ഐ.പി.എൽ ഫൈനലിൽ ഒരു ക്യാച്ച് അനായാസം നഷ്ടപ്പെടുത്തിയതിനും ജോസ് ബട്‌ലർ വിട്ടുകളഞ്ഞ ക്യാച്ച് ഇംഗ്ലണ്ടിന്റെ ആഷസ് തോൽവിക്ക് കാരണമായതിനും പോയവർഷം സാക്ഷിയായി.

ഹസൻ അലി കൈവിട്ട ലോകകപ്പ്

2021-ൽ ക്രിക്കറ്റ് ലോകം ഏറ്റവുമധികം ചർച്ച ചെയ്ത ക്യാച്ച് നഷ്ടം ഹസൻ അലിയുടേത് തന്നെയായിരുന്നു. നവംബർ 11-ന് ടി 20 ലോകകപ്പ് രണ്ടാം സെമി ഫൈനലിന്റെ പിരിമുറുക്കമേറിയ 19-ാം ഓവറിലാണ് ഹസൻ അലിയുടെ കൈകളിലൂടെ പാകിസ്താന്റെ സ്വപ്‌നങ്ങൾ ചോർന്നുപോയത്. ഷഹീൻ അഫ്രീദിയുടെ പന്തിൽ ഹസൻ അലി മാത്യു വെയ്ഡ് നൽകിയ അവസരം തുലച്ച പാക് താരം ഏറെ പഴികേൾക്കുകയും ചെയ്തു.

ഓസീസിന് ജയിക്കാൻ രണ്ട് ഓവറിൽ 22 റൺസ് ആവശ്യമായിരുന്ന ഘട്ടം. 19-ാം ഓവറിലെ ആദ്യ രണ്ട് പന്തിൽ ഒരു റൺ മാത്രം വിട്ടുനൽകിയ ഷഹീൻ അഫ്രീദി കളി തങ്ങൾക്കനുകൂലമായി കളി തിരിക്കുമെന്ന് പാക് ആരാധകർ വിശ്വസിച്ചു നിൽക്കുന്ന സമയം. ലെഗ് സൈഡിലെ ഒരു വൈഡിനു ശേഷം അഫ്രീദി എറിഞ്ഞ മൂന്നാം പന്തിന്റെ വേഗത ഗണിക്കുന്നതിൽ മാത്യു വെയ്ഡിനു പിഴച്ചു. ആഞ്ഞുവീശിയ ബാറ്റിന്റെ കീഴറ്റത്ത് കൊണ്ട പന്ത് മിഡ് വിക്കറ്റിനു നേരെ ഉയർന്നുപൊങ്ങി. ശരാശരി ഫീൽഡർമാർക്കു പോലും അനായാസം പിടിച്ചെടുക്കാൻ കഴിയുന്ന ആ ചാൻസിൽ വെയ്ഡിന്റെ ഇന്നിങ്‌സ് അവസാനിക്കുകയാണെന്ന് എല്ലാവരും കരുതി.

വായുവിൽ ഉയർന്ന പന്ത് നോക്കി മുന്നോട്ടോടിയ ഹസൻ അലിക്ക് പക്ഷേ, പിഴക്കുന്നതാണ് കണ്ടത്. പന്ത് തന്റെ നേരെ എത്തുമ്പോഴേക്ക് ഹസ്സൻ അലി ഒരൽപം ഓവർ സ്‌റ്റെപ്പായിരുന്നു. സാഹചര്യത്തിന്റെ പരിഭ്രാന്തിയിൽ കൈ വിറക്കുക കൂടി ചെയ്തപ്പോൾ ഹസൻ അലി പന്ത് നിലത്തിട്ടു.

നിർണായക ഘട്ടത്തിൽ ലഭിച്ച ആ ലൈഫ് അടുത്ത മൂന്നു പന്തുകൾ സിക്‌സറിനു പറത്തിയാണ് വെയ്ഡ് ആഘോഷിച്ചത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ ഓസീസ് ജയത്തിലെത്തുകയും ചെയ്തു. ഹസൻ അലി ക്യാച്ച് കൈവിട്ടതാണ് തോൽവിക്ക് കാരണമായതെന്ന പാക് ക്യാപ്ടൻ ബാബർ അസമിന്റെ പരാമർശം ക്രിക്കറ്റ് ലോകത്ത് ചൂടേറിയ സംവാദത്തിന് കാരണമാവുകയും ചെയ്തു.

ക്യാച്ച് ഡ്രോപ്പായി; ഭാഗ്യം കൂടെനിന്നു

ന്യൂസിലാന്റും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ കെയ്ൻ വില്യംസൻ നൽകിയ അനായാസമായൊരു ക്യാച്ച് അവസരം ജോഷ് ഹേസൽവുഡ് നഷ്ടപ്പെടുത്തിയത് നിർണായകമായെങ്കിലും കളി ഓസീസ് ജയിച്ചതുകൊണ്ട് വലിയ വാർത്താ പ്രാധാന്യം നേടാതെ പോയി. ന്യൂസിലാന്റ് ക്യാപ്ടൻ 21 റൺസിൽ നിൽക്കെയാണ് 11-ാം ഓവറിൽ ഹേസൽവുഡിന്റെ കൈകൾ ചോർന്നത്. മിച്ചൽ സ്റ്റാർക്കിന്റെ ലോ ഫുൾടോസായി വന്ന പന്ത് ഫൈൻ ലെഗിനു മുകളിലൂടെ സിക്‌സറിനു പറത്താനുള്ള വില്യംസന്റെ ശ്രമം ബൗണ്ടറിയിൽ കാത്തുനിൽക്കുകയായിരുന്ന ഫീൽഡറുടെ കൈകളിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, ഹേസൽവുഡിന്റെ കൈകളിലും ചുമലിലും തട്ടി പന്ത് ബൗണ്ടറി കടക്കുന്ന അവിശ്വസനീയമായ കാഴ്ചയാണ് പിന്നെ കണ്ടത്.

വീണുകിട്ടിയ ലൈഫ് കിവീസ് ക്യാപ്ടൻ മുതലെടുക്കുക തന്നെ ചെയ്തപ്പോൾ അടുത്ത രണ്ടുപന്തും ബൗണ്ടറി കടന്നുപോയി. 48 പന്തിൽ 85 റൺസുമായി ടീമിന്റെ ടോപ് സ്‌കോററായാണ് വില്യംസൺ പിന്നീട് കളം വിട്ടത്. മറുപടി ബാറ്റിങ്ങിൽ വാർണറുടെയും മാർഷിന്റെയും അർധ സെഞ്ച്വറികൾ ഓസീസിന് അനായാസ ജയമൊരുക്കിയത് ഹേസൽവുഡിന്റെ ഭാഗ്യമായി.

ആ ക്യാച്ച് ധോണി കൈവിട്ടു!

മഹേന്ദ്ര സിങ് ധോണിയുടെ ക്യാച്ചിങ് പാടവത്തിൽ അദ്ദേഹത്തിന്റെ കടുത്ത വിമർശകർക്കു പോലും സംശയമുണ്ടാകാനിടയില്ല. എന്നാൽ, ഈ വർഷത്തെ ഐ.പി.എൽ ഫൈനലിൽ, സാധാരണ ഗതിയിൽ അനായാസം കൈയിലൊതുക്കാമായിരുന്ന ഒരു ക്യാച്ച് വെറ്ററൻ താരം നഷ്ടപ്പെടുത്തുന്നതു കണ്ടു. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ മുന്നോട്ടുവെച്ച 193 റൺസ് വിജയലക്ഷ്യത്തിലേക്ക് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബാറ്റ് ചെയ്യുന്നതിനിടെ രണ്ടാമത്തെ ഓവറിലായിരുന്നു സംഭവം. സ്‌കോർ ഏഴ് റൺസിൽ നിൽക്കെ ഹേസൽവുഡ് എറിഞ്ഞ ബാക്ക് ഓഫ് ലെങ്ത് പന്ത് കൊൽക്കത്ത ഓപണർ ശ്രേയസ് അയ്യരുടെ ബാറ്റിൽ തട്ടിയ വിക്കറ്റിനു പിന്നിലേക്ക് പോകുന്നു. ഇടതുഭാഗത്ത് ചെറുതായൊന്ന് നീങ്ങിയ ധോണി പന്ത് ഗ്ലൗവിലാക്കുമെന്ന് കരുതിയിരിക്കെ സംഭവിച്ചത് മറ്റൊന്നാണ്. ഗ്ലൗവിലും പിന്നെ ധോണിയുടെ ശരീരത്തിലും തട്ടിയ പന്ത് മൈതാനത്തെ പുല്ലിൽ വീഴുന്നു. ഡ്രോപ്പായ പന്ത് നിലംതൊടുംമുമ്പ് പിടിച്ചെടുക്കാനുള്ള ധോണിയുടെ ശ്രമം വിഫലമാവുകയും ചെയ്തു.

വ്യക്തിഗത സ്‌കോർ പൂജ്യത്തിൽ നിൽക്കെ ലഭിച്ച ഈ അസുലഭാവസരം 32 പന്തിൽ അർധസെഞ്ച്വറി നേടിയാണ് വെങ്കടേഷ് അയ്യർ മുതലാക്കിയത്. ഒന്നാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലിനൊപ്പം 91 റൺസ് ചേർത്ത അയ്യർ കളി കൊൽക്കത്തയ്ക്ക് അനുകൂലമാക്കുമെന്ന് തോന്നിക്കുകയും ചെയ്തു. എന്നാൽ, കൊൽക്കത്തയുടെ മധ്യനിര ചീട്ടുകൊട്ടാരം പോലെ തകർന്നത് ചെന്നൈയ്ക്കും ധോണിക്കും ഒരു ഐ.പി.എൽ കിരീടം കൂടി സമ്മാനിച്ചു. ഫൈനൽ തോൽവിക്കു കാരണമായൊരു ക്യാച്ച് ഡ്രോപ്പിന്റെ പേരിലുള്ള വിമർശനങ്ങളിൽ നിന്ന് മഹി രക്ഷപ്പെടുകയും ചെയ്തു.

ആഷസ് ചോർന്നുപോയ ഗ്ലൗസ്

2021-22 ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ ക്യാച്ച് നിലത്തിട്ടതിന് ഇംഗ്ലണ്ട് നൽകേണ്ടി വന്ന വില വളരെ വലുതാണ്. ആദ്യ മത്സരം തോറ്റ ഇംഗ്ലണ്ടിന് ഈ കളി നിർണായകമായിരുന്നു. ഓസീസ് ഓപണർ മാർക്ക് ഹാരിസിനെ മൂന്ന് റൺസിന് പുറത്താക്കിയ സന്ദർശകർ അടുത്ത വിക്കറ്റിനായി ആഞ്ഞുപിടിക്കുന്ന സമയം. വൺഡൗണായിറങ്ങിയ മാർനസ് ലബുഷെയ്ൻ 21 റൺസിൽ നിൽക്കെ ബെൻ സ്റ്റോക്‌സിന്റെ പന്തിലാണ് ആദ്യ ലൈഫ് ലഭിച്ചത്. സ്റ്റോക്‌സിന്റെ ബൗൺസർ പുൾ ചെയ്യാനുള്ള ശ്രമത്തിനിടെ ടോപ് എഡ്ജായ പന്ത് വിക്കറ്റ് കീപ്പറുടെ ഏരിയയിലേക്ക്. ഇടതുഭാഗത്തേക്ക് ഡൈവ് ചെയ്ത ബട്‌ലർ പന്ത് ഗ്ലൗവിനുള്ളിലാക്കിയെന്ന് തോന്നിച്ചെങ്കിലും ഇംഗ്ലണ്ടിന് നിരാശയായിരുന്നു ഫലം. ഏതാണ്ട് ഗ്ലൗവിന്റെ ഉൾഭാഗത്ത് തട്ടിയ പന്ത് അവിശ്വസനീയമാംവിധം താഴേക്കു പതിച്ചു.

ഓസീസ് ജയിച്ച ഈ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ലബുഷെയ്ൻ ആയിരുന്നു. ബട്‌ലർ നൽകിയ ലൈഫ് സെഞ്ച്വറിയാക്കി മാറ്റിയാണ് താരം ഓസീ ഇന്നിങ്‌സിന്റെ നെടുംതൂണായത്. 95-ൽ നിൽക്കെ കുറച്ചുകൂടി എളുപ്പമുള്ള ഒരവസരവും ബട്‌ലർ പാഴാക്കിയത് ഇംഗ്ലണ്ടിന്റെ മുറിവിൽ മുളക് പുരട്ടുകയും ചെയ്തു.

ആവേശം സൃഷ്ടിച്ച ക്യാച്ച് ഡ്രോപ്പ്

ആഗസ്റ്റിൽ നടന്ന പാകിസ്താന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് അവസാന ഘട്ടത്തിൽ അത്യന്തം ആവേശകരമായിരുന്നു. വിൻഡീസ് ഒരു വിക്കറ്റിന് ജയിച്ച മത്സരത്തിന്റെ വിധി നിർണയിച്ചത് പാക് ഫീൽഡർമാരുടെ ചോർന്ന കൈകളും. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനല്ലാത്ത കെമർ റോഷ് പുറത്താകാതെ നേടിയ 30 റൺസാണ് വിൻഡീസിന് ജയം സമ്മാനിച്ചതെങ്കിൽ രണ്ട് തവണയാണ് റോഷിനെ പാക് ഫീൽഡർമാർ വിട്ടുകളഞ്ഞത്.

ആറ് റൺസിൽ നിൽക്കെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനാണ് റോഷിന് ആദ്യത്തെ ജീവശ്വാസം നൽകിയത്. ദുഷ്‌കരമായ അവസരം ഡൈവ് ചെയ്ത റിസ്വാന്റെ ഗ്ലൗസിൽ തട്ടി തെറിച്ചു. റോഷ് 16-ൽ നിൽക്കെ അഫ്രീദിയുടെ പന്തിൽ ഹസൻ അലിയായിരുന്നു അടുത്ത വില്ലൻ. പുൾ ചെയ്യാനുള്ള ശ്രമത്തിൽ ബാറ്റിന്റെ മുകൾഭാഗത്ത് തട്ടിയ പന്ത് വായുവിൽ ഉയർന്നു. അനായാസം പിടിക്കാമായിരുന്ന ക്യാച്ച് ഹസൻ അലിയുടെ കൈകളിൽ തട്ടി നിലത്തു വീണു. അക്ഷരാർത്ഥത്തിൽ മത്സരം കൈവിട്ട നിമിഷം.

ഒരറ്റത്ത് പാക് ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും റോഷിന്റെ ഭാഗ്യവും ഫീൽഡർമാരുടെ കൈചോർച്ചയും ആവേശകരമായൊരു മത്സരാന്ത്യം സൃഷ്ടിച്ചു; വിൻഡീസിന് എന്നും ഓർമിക്കാവുന്നൊരു വിജയവും

TAGS :

Next Story