'കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ട'; ഫിറോസ് കുന്നംപറമ്പിലിനെതിരെ മലപ്പുറം ഡിസിസി ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
'കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ മലപ്പുറത്തിന് വേണ്ട, കുന്നംപറമ്പില്‍ വേണ്ട വേണ്ട' എന്നിങ്ങനെയായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യം

മലപ്പുറം: തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ മലപ്പുറം ഡിസിസി ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ചു. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ മലപ്പുറത്തിന് വേണ്ട, കുന്നംപറമ്പില്‍ വേണ്ടേ വേണ്ട എന്നിങ്ങനെയായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
' മലപ്പുറം ജില്ലയില്‍ കഴിവുള്ള ഒരുപാട് നേതാക്കളുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള ഒരാളെ മലപ്പുറത്തേക്ക് കെട്ടിയിറക്കേണ്ട ആവശ്യമില്ല. അതില്‍ ശക്തമായ പ്രതിഷേധമുണ്ട്. പ്രതിഷേധം പാര്‍ട്ടിക്കെതിരെയല്ല. ജില്ലയ്ക്ക് പുറത്തു നിന്നുള്ള സ്വതന്ത്രരെ കൊണ്ടുവരേണ്ട ആവശ്യമില്ല. ഫിറോസ് കുന്നംപറമ്പില്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യാം. എന്നാല്‍ അവിടെയുള്ള പ്രാദേശിക കമ്മിറ്റികള്‍ തകരും. കോണ്‍ഗ്രസുകാരനാകണം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകേണ്ടത്. ഞങ്ങള്‍ സാധാരണക്കാരാണ്. ഞങ്ങള്‍ക്ക് ഒന്നും കിട്ടാനല്ല. ഇത് ചെറുപ്പക്കാരെ വഴി മുടക്കുന്ന ശീലമാണ്. ഈ പ്രതിഷേധം ദേശീയ തലത്തില്‍ അറിയിക്കും' - പ്രതിഷേധക്കാരില്‍ ഒരാള്‍ മീഡിയ വണ്ണിനോട് പറഞ്ഞു.
നേരത്തെ ഫിറോസിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളെ നൂലില്‍ കെട്ടിയിറക്കുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്ന് പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രാപ്തരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അവഗണിക്കരുതെന്നും പ്രമേയം ആവശ്യപ്പെട്ടു.
കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഫിറോസിനെ കെടി ജലീലിനെതിരെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുസ്ലിംലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി, കെപിസിസി സെക്രട്ടറി കെപി നൗഷാദലി എന്നിവരെ മറികടന്നാണ് ഫിറോസ് അന്തിമപട്ടികയിലെത്തിയത്.
കഴിഞ്ഞ രണ്ട് തവണ ജലീല്‍ ജയിച്ച മണ്ഡലമാണ് തവനൂര്‍. 2011 ല്‍ 6854 ഉം 2016-ല്‍ 17064 ആയിരുന്നു ഭൂരിപക്ഷം. നിലവിലെ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് 2011 ലും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇഫ്തിഖാറുദ്ദീന്‍ 2016 ലും കെ.ടി ജലീലിനോട് പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ എങ്ങനെയും മണ്ഡലം പിടിച്ചെടുക്കണം എന്ന ലക്ഷ്യവുമായാണ് യു.ഡി.എഫ് മത്സരത്തിനിറങ്ങുന്നത്.
Adjust Story Font
16

