ജോസഫിന് മുന്നിൽ നട്ടെല്ല് വളക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്
കോട്ടയം ജില്ലയിൽ പി.ജെ ജോസഫ് വിഭാത്തിന് കൂടുതല്‍ സീറ്റുകൾ നല്‍കാനുള്ള നീക്കത്തെ എതിർത്ത് യൂത്ത് കോണ്‍ഗ്രസ്

കോട്ടയം ജില്ലയിൽ പി.ജെ ജോസഫ് വിഭാത്തിന് കൂടുതല്‍ സീറ്റുകൾ നല്‍കാനുള്ള നീക്കത്തെ എതിർത്ത് യൂത്ത് കോണ്‍ഗ്രസ്. ജോസഫിന് മുന്നിൽ നട്ടെല്ല് വളക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിന്‍റെ നീക്കം ബി.ജെ.പിയെ ജയിപ്പിക്കാനാണെന്ന് യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം ആരോപിച്ചു.
ചങ്ങനാശേരിയും ഏറ്റുമാനൂരും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും എല്ലാം ജോസഫ് വിഭാഗം ശക്തമായ അവകാശ വാദം ഉന്നയിച്ചതോടെയാണ് യു.ഡി.എഫിനുള്ളില്‍ കലഹം ആരംഭിച്ചത്. ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ് വിട്ടതോടെ കോട്ടയത്ത് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ ജോസഫ് വിഭാഗത്തിന്‍റെ കടുംപിടുത്തം ഈ സാധ്യതകളെ തല്ലി കെടുത്തിയതോടെയാണ് യു.ഡി.എഫില്‍ പരസ്യപ്പോരിലേക്ക് കാര്യങ്ങള്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് തന്നെയാണ് ആദ്യവെടി പൊട്ടിച്ചിരിക്കുന്നത്. ജോസഫ് വിഭാഗത്തിന് ജില്ലയിൽ ഒരു സീറ്റൊഴികെ മറ്റൊന്നിലും ജയസാധ്യതയില്ലെന്നും നേതൃത്വം നട്ടെല്ല് വളയ്ക്കരുതെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതികരണം. ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റ് കൊടുത്താൽ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും ഇവർ പറയുന്നു. തൊട്ടുപിന്നാലെ ഇതിന് മറുപടിയുമായി യൂത്ത് ഫ്രണ്ടും ജോസഫ് വിഭാഗവും രംഗത്ത് വന്നു.
യൂത്ത് കോൺഗ്രസിന്‍റെ പ്രസ്താവന ബി.ജെ.പിയുടെ കോൺഗ്രസ് മുക്തകേരളം സാധ്യമാക്കാനേ ഉപകരിക്കൂ എന്നായിരുന്ന യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം പ്രതികരണം. കോട്ടയം ജില്ലയിൽ ജോസഫ് വിഭാഗത്തിന് ഒരു സീറ്റു മാത്രമേ വിജയ സാധ്യതയുള്ളൂ എന്ന് യൂത്ത് കോൺഗ്രസിന്‍റെ പ്രസ്താവന യു.ഡി.എഫിന്‍റെ വിജയ സാധ്യതയെ തകർക്കാനാണെന്നും ഇവർ പറയുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും ശക്തമായ എതിർപ്പ് ഉയർന്ന് വരുന്നുണ്ട്. സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായാല്‍ പരസ്യമായ പ്രതികരണത്തിലേക്ക് നേതാക്കള്‍ പോയേക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.
Adjust Story Font
16

