Quantcast

'ബഹിഷ്‌ക്കരണ കാംപയിനിൽ ആശങ്കയില്ല, പിന്നിൽ തെറ്റിദ്ധരിക്കപ്പെട്ട ചിലർ'; പ്രതികരണവുമായി ഖത്തർ എയർവേയ്‌സ്

ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഓഹരി സ്വന്തമാക്കാനുള്ള നീക്കത്തിൽനിന്ന് പിന്നോട്ടില്ലെന്നും ഖത്തർ എയർവേയ്‌സ് സി.ഇ.ഒ അക്ബർ അൽബകർ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    21 Jun 2022 10:18 AM GMT

ബഹിഷ്‌ക്കരണ കാംപയിനിൽ ആശങ്കയില്ല, പിന്നിൽ തെറ്റിദ്ധരിക്കപ്പെട്ട ചിലർ; പ്രതികരണവുമായി ഖത്തർ എയർവേയ്‌സ്
X

ദോഹ: ഖത്തർ എയർവേയ്‌സിനെതിരായ സംഘ്പരിവാർ അനുകൂലികളുടെ ബഹിഷ്‌ക്കരണ ആഹ്വാനത്തിൽ പ്രതികരിച്ച് വിമാന കമ്പനി സി.ഇ.ഒ അക്ബർ അൽബകർ. തെറ്റിദ്ധരിക്കപ്പെട്ട ആളുകളാണ് ബഹിഷ്‌ക്കരണ ആഹ്വാനം നടത്തിയതെന്നും ഇതിൽ കമ്പനിക്ക് ആശങ്കയില്ലെന്നും അദ്ദേഹം 'ദ ഹിന്ദു'വിനോട് പ്രതികരിച്ചു.

തെറ്റിദ്ധരിക്കപ്പെട്ട ഏതാനും ചിലരാണ് അത്തരം പ്രചാരണം നടത്തിയത്. അതേക്കുറിച്ച് പ്രതികരിക്കാൻ താൽപര്യപ്പെടുന്നില്ല. ആർക്കും ആർക്കെതിരെയും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, വിവരമുള്ളവർക്ക് അതെല്ലാം വെറും അസംബന്ധമാണെന്ന് അറിയാം.''- അക്ബർ അൽബകർ വ്യക്തമാക്കി.

ദോഹയിൽ ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ(അയാട്ട) വാർഷിക ജനറൽ മീറ്റിങ്ങിനിടെയാണ് അക്ബർ അൽബകർ 'ദ ഹിന്ദു'വിനോട് സംസാരിച്ചത്.

അതേസമയം, ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഓഹരി സ്വന്തമാക്കാനുള്ള നീക്കത്തിൽനിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, രാകേഷ് ഗംഗ്‌വാളും രാഹുൽ ഭാട്ടിയയും തമ്മിലുള്ള അധികാരത്തർക്കത്തിൽ താൽപര്യമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. രാഹുൽ ഭാട്ടിയയിൽനിന്നു മാത്രമേ ഓഹരി വാങ്ങൂവെന്ന് ഖത്തർ എയർവേയ്‌സ് സി.ഇ.ഒ കൂട്ടിച്ചേർത്തു.

ബി.ജെ.പി നേതാക്കളായ നുപൂർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ പ്രവാചകനിന്ദയെ ആദ്യമായി വിമർശിച്ച് രംഗത്തെത്തിയ രാജ്യമാണ് ഖത്തർ. ദോഹയിലെ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തർ വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഖത്തർ എയർവേയ്‌സ് ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ അനുകൂലികളുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയിൽ കാംപയിൻ നടന്നത്.

Summary: 'Misled' individuals behind boycott calls, not worried about it'', says Qatar Airways CEO Akbar Al Baker

TAGS :

Next Story