Quantcast

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് എന്തിന്? അംബാനി എസ്‌യുവി കേസിൽ ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ

മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് നിലവിൽ ഉത്തരമില്ലാതെ കിടക്കുന്നത്

MediaOne Logo

  • Published:

    7 March 2021 1:48 PM IST

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് എന്തിന്? അംബാനി എസ്‌യുവി കേസിൽ ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ
X

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമ മരിച്ച സംഭവത്തിൽ ചുരുളഴിയാതെ ദുരൂഹത. മാർച്ച് അഞ്ചിനാണ് കാറുടമ മൻസുഖ് ഹിരണെ താനെയ്ക്കടുത്ത കൽവ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

കേസ് അന്വേഷിക്കുന്ന ഏജൻസികളെ ചൊല്ലി രാഷ്ട്രീയ കക്ഷികൾ വാക്‌പോര് തുടങ്ങിയിട്ടുണ്ട്. ഭീകരവിരുദ്ധ സേനയ്ക്കാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് കേസ് കൈമാറിയത്. എൻഐഎ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടത്. എന്നാൽ എൻഐഎ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പ്രതികരിച്ചു.

മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് നിലവിൽ ഉത്തരമില്ലാതെ കിടക്കുന്നതെന്ന് ദ ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു. അവയിങ്ങനെ;

ഹിരണിന്റെ മരണം ആത്മഹത്യയോ?

കൽവ കടലിടുക്കിൽ രാവിലെ 10.25നാണ് ഹിരണിന്റെ മൃതദേഹം കാണപ്പെടുന്നത്. വെള്ളത്തിൽ നിന്ന് പുറത്തെടുത്ത വേളയിൽ ഹിരണിന്റെ ശരീരം കെട്ടിയിടപ്പെട്ട നിലയിലായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പ്രകാരം ഇദ്ദേഹത്തിന്റെ വായിൽ തൂവാല തിരുകപ്പെട്ടിരുന്നു.

മൃതദേഹം കണ്ടെത്തിയ വേളയിൽ മൊബൈൽ ഉണ്ടായിരുന്നില്ല. ഇത്രയേറെ ദുരുഹൂതകൾ ഉണ്ടായിട്ടും ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് എന്തിന്?

മരണത്തിന് പിന്നാലെ, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റുമായ സച്ചിൻ വസെയെ സർക്കാർ ദിവസങ്ങൾക്കം ചുമതലയിൽ നിന്നു മാറ്റി. വസെയും മൻസുഖ് ഹിരണും തമ്മിൽ 2020 ജൂൺ, ജൂലൈ മാസങ്ങളിൽ ഫോൺ സംഭാഷണങ്ങൾ നടന്നു എന്ന് ഫഡ്‌നാവിസ് നിയമസഭയിൽ ആരോപിച്ചിരുന്നു.

മൻസുഖ് ഹിരൺ

അംബാനിയുടെ വീടിന് മുമ്പിൽ സ്‌ഫോടക വസ്തുക കണ്ടെത്തി എന്ന വിവരത്തിന് പിന്നാലെ, പ്രദേശത്ത് ആദ്യമെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വസെയാണ് എന്നും ഫഡ്‌നാവിസ് അവകാശപ്പെടുന്നു. ദിവസങ്ങൾക്കുള്ളിൽ അന്വേഷണം വസെയിൽ നിന്ന് എടുത്തു കളഞ്ഞതിൽ ദുരൂഹതയുണ്ട്. എന്തു കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയത് എന്ന് സർക്കാർ വിശദീകരിക്കണമെന്നും മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. നിതിൻ അൽകുനുറെയ്ക്കാണ് ഇപ്പോൾ അന്വേഷണ ചുമതല.

ഖ്വാജ യൂനുസ് മരണ കേസുമായി ബന്ധപ്പെട്ട് 12 വർഷം മുമ്പ് സേനയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് വസെ. സസ്‌പെൻഷന് ശേഷം ഇദ്ദേഹം ശിവസേനയിലെത്തിയിരുന്നു. ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയതിന് പിന്നാലെ ഇദ്ദേഹത്തെ മുംബൈ ക്രൈംബ്രാഞ്ചിൽ തിരിച്ചെടുക്കുകയായിരുന്നു. അർണബ് ഗോസ്വാമി ഉൾപ്പെട്ട അൻവയ് നായിക് ആത്മഹത്യാ കേസ്, വിഖ്യാത കാർ ഡിസൈനർ ദിലീപ് ഛബ്രിയ ഉൾപ്പെട്ട തട്ടിപ്പു കേസ് എന്നിവ അന്വേഷിക്കുന്നത് സച്ചിൻ വസെയാണ്.

എന്നാൽ സംഭവ സ്ഥലത്ത് തനിക്ക് മുമ്പ് മുതിർന്ന പൊലീസ് ഇൻസ്‌പെക്ടർ ഗാംദേവി എത്തിയിരുന്നതായും വസെ പറയുന്നു.

ഹിരൺ പോയത് ഏതു പൊലീസ് ഉദ്യോഗസ്ഥനെ കാണാൻ?

കാണ്ഡിവലി പൊലീസ് സ്റ്റേഷനിലെ തവ്‌ഡെ എന്നു പേരുള്ള പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ചതനുസരിച്ചാണ് മാർച്ച് നാലിന് ഹിരൺ പുറത്തുപോയത് എന്ന് ഭാര്യ വിമല ഹിരൺ പറയുന്നു. ഗോദ്ബന്ദർ റോഡിലേക്കാണ് ഹിരൺ പോയത്. എന്നാൽ കുറച്ചു നേരത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. രാത്രി ഏറെ കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതോടെ കുടുംബം നവോപാഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മാർച്ച് അഞ്ചു വരെ കാത്തിരിക്കാനായിരുന്നു സ്‌റ്റേഷനിൽനിന്നുള്ള നിർദേശം.

ഹിരണിന് ആത്മഹത്യ ചിന്തയുണ്ടായിരുന്നില്ല എന്നാണ് കുടുംബം പറയുന്നത്. അതിന് പുറമേ, നന്നായി നീന്തൽ വശമുള്ളയാളുമായിരുന്നു ഹിരൺ.

ഹിരണിനെ ഭീഷണിപ്പെടുത്തിയത് ആര്?

തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹിരൺ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്, മുംബൈ, താനെ പൊലീസ് കമ്മിഷണർമാർ എന്നിവർക്ക് കത്തെഴുതിയിരുന്നു. പൊലീസും മാധ്യമപ്രവർത്തകരും ഉപദ്രവിക്കുന്നു എന്നാണ് അദ്ദേഹം ആരോപിച്ചിരുന്നത്.

എടിഎസ് ചോദ്യം ചെയ്തതിന് പുറമേ, വിഖ്‌റോളി, ഘട്‌കോപാർ പൊലീസ് സ്‌റ്റേഷനിലേക്കും ഹിരണിനെ വിളിപ്പിച്ചിരുന്നു. കൂടാതെ, നാഗ്പഡയിലെ എടിഎസിലെ ഓഫീസിലേക്കും വിളിച്ചു വരുത്തി. കേസിൽ ഒരേസമയം നിരവധി സംഘങ്ങളാണ് ഹിരണിനെ ചോദ്യം ചെയ്തിരുന്നത്.

അതിനിടെ, കാറിന്റെ ഉടമ ഹിരൺ അല്ലെന്നും സാം ന്യൂട്ടൺ എന്നയാളാണ് എന്നും മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞിരുന്നു. ഇന്റീരിയർ ജോലിക്കായി ഏൽപ്പിക്കപ്പെട്ട കാർ മുഴുവൻ കൂലി നൽകാത്തതിനാൽ തിരിച്ചുനൽകിയിരുന്നില്ല. പിന്നീട് ഇത് മോഷ്ടിക്കപ്പെടുകയായിരുന്നു എന്നാണ് ദേശ്മുഖ് പറയുന്നത്. ഫെബ്രുവരി 25ന് രാത്രിയാണ് 20 ജലാറ്റിൻ സ്റ്റിക്കുകളും അംബാനിക്കെതിരെയുള്ള ഭീഷണിക്കത്തും സഹിതം കാർ കണ്ടെത്തിയത്. ഇതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഹിരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

TAGS :

Next Story