ഉമർ ഖാലിദിന് നീതിയുക്തവും സമയബന്ധിതവുമായ വിചാരണ ഉറപ്പാക്കണം; യുഎസ് സെനറ്റർമാരുടെ കത്ത്
സെനറ്റര്‍മാരും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും ഉള്‍പ്പെടെ എട്ട് പേരാണ് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്ത് നല്‍കിയത്

- Updated:
2026-01-02 09:25:48.0

ന്യൂഡൽഹി: ഉമര്‍ ഖാലിദിന് നീതിയുക്തവും സമയബന്ധിതവുമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റര്‍മാര്‍ അംബാസഡര്‍ക്ക് കത്ത് നല്‍കി. സെനറ്റര്‍മാരും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും ഉള്‍പ്പെടെ എട്ട് പേരാണ് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്ത് നല്‍കിയത്. ജിം മാക്കേവന്‍ ഉള്‍പ്പെടുന്ന സംഘം ഉമര്‍ ഖാലിദിന്റെ മാതാപിതാക്കളെ നേരില്‍ കണ്ട് പിന്തുണ അറിയിച്ചിരുന്നു.
ഇന്നലെ അധികാരമേറ്റ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് ഉമര്‍ ഖാലിദിന് പിന്തുണയേറുന്നത്. ഉമര്‍ ഖാലിദിന് പിന്തുണ വര്‍ധിക്കുന്നതില്‍ വിമര്‍ശനവുമായി വിഎച്ച്പി രംഗത്തെത്തി.
'ഉമര്‍ ഖാലിദിന് സമയബന്ധിതമായ വിചാരണ ഉറപ്പാക്കണം. നീതിയുക്തമായ രീതിയില്‍ നിയമസംവിധാനം അക്കാര്യത്തില്‍ ഇടപെടണം'. യുഎസ് സെനറ്റര്‍മാര്‍ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തില്‍ കുറിച്ചു. ഉമര്‍ ഖാലിദിന്റെ മാതാപിതാക്കളെ കാണാനായതില്‍ സന്തോഷമുണ്ടെന്നും തങ്ങളെല്ലാവരും താങ്കളെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഉമര്‍ ഖാലിദിന് ന്യൂയോര്‍ക്ക് മേയര്‍ മംദാനി അയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് സെനറ്റര്‍മാരുടെ ഇടപെടല്‍.
യുഎസ് സെനറ്റര്‍മാരുടെ കത്ത മനുഷ്യാവകാശ കമ്മീഷന്റെ തലവന്‍ ഡെമോക്രാറ്റ് ജിം മക്ഗവേര്‍ണിന് കൈമാറി. നേരത്തെ, ഡിസംബറിന്റെ തുടക്കത്തില്‍ ഉമര്‍ ഖാലിദിന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയതടക്കം സെനറ്റര്‍മാര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
യുഎപിഎ ചുമത്തപ്പെട്ട് ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണാ തടവുകാരനായി ഉമര്‍ ഖാലിദ് ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷമായിരിക്കുകയാണ്. ഉമര്‍ ഖാലിദിന്റെ കാര്യത്തില്‍ ഇന്ത്യ ഗൗരവത്തില്‍ നീതിയുക്തമായി ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. അദ്ദേഹത്തിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. കത്തില്‍ പറയുന്നു.
നേരത്തെ, ന്യൂയോര്‍ക്ക് മേയറായി ഇന്നലെ അധികാരമേറ്റ സൊഹ്‌റാന്‍ മംദാനി ഉമര്‍ ഖാലിദിന് അയച്ച കത്തും ഇന്നലെ സുഹൃത്തുക്കള്‍ പുറത്തുവിട്ടിരുന്നു. ഉമര്‍ ഖാലിദിന്റെ വാക്കുകളെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും തങ്ങളുടെ എല്ലാവരുടെയും ചിന്തയില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴുമുണ്ടെന്നുമായിരുന്നു മംദാനിയുടെ എഴുത്ത്. ഇത് പുറത്തുവന്നതിന് പിന്നാലെയാണ് ഉമര്‍ ഖാലിദിന് പിന്തുണയേറിയത്.
നേരത്തെ, ന്യൂയോര്‍ക്ക് മേയറാകുന്നതിന് മുന്‍പേയുള്ള ഒരു പ്രസംഗത്തിനിടെ ജനാധിപത്യത്തെ കുറിച്ചുള്ള ഒരു പരിപാടിയില്‍ ഉമര്‍ ഖാലിദിന്റെ കുറിപ്പുകള്‍ മംദാനി വായിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനോടനുബന്ധിച്ചുള്ള പരിപാടിയിലായിരുന്നു ഇത്.
'ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സ്‌കോളറും വിദ്യാര്‍ഥി ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ഒരു കത്താണ് ഇന്ന് ഞാന്‍ വായിക്കാന്‍ പോകുന്നത്. നിലവില്‍ യുഎപിഎ നിയമപ്രകാരം 1000 ദിവസത്തിലേറെയായി ജയിലില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ ജാമ്യാവസ്ഥ നിരന്തരം തള്ളപ്പെട്ടു. വിചാരണ ഇതുവരെയും നേരിട്ടില്ല. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും വിദ്വേശപ്രചാരണങ്ങള്‍ക്കും എതിരെ അദ്ദേഹം ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു'. എന്ന മുഖവുരയോടെയാണ് മംദാനി അന്ന് ഉമര്‍ ഖാലിദിന്റെ കത്ത് വായിച്ചിരുന്നത്.
2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 14 ദിവസത്തേക്ക് കര്‍ക്കദൂമ കോടതി ഉമര്‍ ഖാലിദിന് ജാമ്യം നല്‍കിയിരുന്നു.
Adjust Story Font
16
