'നെതന്യാഹു മനുഷ്യരൂപം പൂണ്ട ചെകുത്താൻ, ഗസ്സയിലെ അനീതി കണ്ടില്ലെന്ന് നടിക്കാനാകില്ല': തുറന്നടിച്ച് ജോ ബൈഡന്റെ മകൻ
അമേരിക്കയിലെ പ്രമുഖ കൺസർവേറ്റീവ് വലതുപക്ഷ അവതാരകനായ ടക്കർ കാൾസണുമായുള്ള 'ദ ടക്കർ കാൾസൺ ഷോ' അഭിമുഖപരിപാടിയിലാണ് ഹണ്ടർ ബൈഡന്‍റെ പരാമർശം

- Updated:
2026-08-12 15:31:36

വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷമായ ഭാഷയിൽ തുറന്നടിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ. നെതന്യാഹു 'മനുഷ്യരൂപം പൂണ്ട ചെകുത്താൻ' ആണെന്നും, ഇസ്രായേൽ ഭരണകൂടത്തിന്റെ ക്രൂരതകളെ വിമർശിക്കുന്നത് ജൂതവിരുദ്ധതയായി ചിത്രീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ പ്രമുഖ കൺസർവേറ്റീവ് വലതുപക്ഷ അവതാരകനായ ടക്കർ കാൾസണുമായുള്ള 'ദ ടക്കർ കാൾസൺ ഷോ' അഭിമുഖപരിപാടിയിലാണ് ഹണ്ടർ ബൈഡന്‍റെ പരാമർശം.
'നിങ്ങളെ (ടക്കർ കാൾസൺ) ജൂതവിരുദ്ധനാണെന്ന് മുദ്ര കുത്തുന്നതുകൊണ്ട് ഞാൻ നിങ്ങളെ വെറുക്കണമെന്നാണ് പലരും കരുതുന്നത്. എന്നാൽ, എനിക്കുറപ്പുണ്ട്, നിങ്ങൾ ജൂതവിരുദ്ധനല്ല. ബെഞ്ചമിൻ നെതന്യാഹു സാക്ഷാൽ ചെകുത്താനാണെന്ന് തുറന്നുപറയുന്നത് ജൂതവിരുദ്ധതയാണെന്ന് ആരെങ്കിലും അത്തരം വാദിച്ചാൽ, അവരോടെന്ത് പറയാനാണെന്ന് എനിക്കറിയില്ല'. ഹണ്ടർ വ്യക്തമാക്കി.
ഇസ്രായേലിന്റെ നിലവിലെ സൈനിക നടപടികളെയും നെതന്യാഹുവിന്റെ രാഷ്ട്രീയ നിലപാടുകളെയും രൂക്ഷമായി കടന്നാക്രമിച്ച ഹണ്ടർ, അവിടെ നടന്നുകൊണ്ടിരിക്കുന്ന അനീതികൾ കണ്ടില്ലെന്ന് നടിക്കാൻ ലോകത്തിന് കഴിയില്ലെന്ന് ഓർമ്മിപ്പിച്ചു. നെതന്യാഹു സാക്ഷാൽ ചെകുത്താനാണെന്ന് തുറന്നുപറയുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഗസ്സയിലും ഇസ്രായേലിലും സംഭവിക്കുന്നത് എന്താണെന്ന് മനസിലാക്കാൻ ജനങ്ങൾ തങ്ങളുടെ കണ്ണും ഹൃദയവും തുറന്നുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഇവിടെ നടക്കുന്ന കാര്യങ്ങൾ മനസിലാക്കാൻ ജനങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. അക്ഷരാർത്ഥത്തിൽ നിങ്ങളുടെ കണ്ണുകൾ തുറന്നുവെക്കുക. ഹൃദയം ഒരുനിമിഷത്തേക്കെങ്കിലും തുറന്നുവെക്കുക. ഗസ്സയിലും ഇസ്രായേലിലും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് നിഷ്പക്ഷമായി മനസിലാക്കാൻ ശ്രമിക്കുക. അവിടെ നടക്കുന്ന അനീതികളെയും കെടുതികളെയും കണ്ടില്ലെന്ന് നടിക്കാൻ ഇനിയാർക്കും കഴിയില്ല'. ഹണ്ടർ വ്യക്തമാക്കി. ഇസ്രായേൽ നയങ്ങളെ ആര് വിമർശിച്ചാലും അവരെ ജൂതവിരുദ്ധരായി ലേബൽ ചെയ്യുന്ന രീതി ഇനി ചെലവാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കഴിഞ്ഞ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഹണ്ടർ ബൈഡന്റെ പ്രതിച്ഛായ തകർക്കാൻ ഇടയാക്കിയ 'ലാപ്‌ടോപ്പ് വിവര ചോർച്ചയ്ക്ക്' പിന്നിൽ ഇസ്രായേലി ബന്ധങ്ങളാണെന്ന ടക്കർ കാൾസണിന്റെ വെളിപ്പെടുത്തലും അഭിമുഖത്തിൽ വലിയ ചർച്ചയായി. ഈ വിവാദങ്ങൾക്ക് പിന്നിൽ റഷ്യയാണെന്ന തരത്തിൽ അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ വ്യാജ പ്രചാരണം നടത്തിയപ്പോൾ, യഥാർത്ഥത്തിൽ ഇസ്രായേലി വൃത്തങ്ങളും അവരുമായി ബന്ധമുള്ള സംഘങ്ങളുമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് കാൾസൺ ആരോപിച്ചത്.
സ്വന്തം കുടുംബത്തിനും രാഷ്ട്രീയ ജീവിതത്തിനും എതിരെ ഉണ്ടായ കടന്നാക്രമണങ്ങളെക്കുറിച്ചും, തന്റെ മുൻകാല മയക്കുമരുന്ന് അടിമത്തത്തെക്കുറിച്ചും ഹണ്ടർ അഭിമുഖത്തിൽ മനസ്സ് തുറക്കുന്നുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തിൽ രണ്ട് ധ്രുവങ്ങളിൽ നിലയുറപ്പിച്ചിരുന്ന പ്രമുഖ ലിബറൽ ഡെമോക്രാറ്റ് നേതാവിന്റെ മകനായ ഹണ്ടർ ബൈഡനും തീവ്ര വലതുപക്ഷ വക്താവായ ടക്കർ കാൾസണും ഇസ്രായേൽ വിഷയത്തിലും നെതന്യാഹുവിനെ വിമർശിക്കുന്നതിലും ഒരേ നിലപാടിലെത്തിയത് യുഎസ് രാഷ്ട്രീയത്തിൽ വൻ ചർച്ചയായിട്ടുണ്ട്.
Adjust Story Font
16
