Quantcast

ട്രംപിന്റെ ഗസ്സ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം; ലക്ഷ്യം സമാന്തര യുഎൻ?

സമിതിയിൽ ചേരുമോ എന്നതിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല

MediaOne Logo
ട്രംപിന്റെ ഗസ്സ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം; ലക്ഷ്യം സമാന്തര യുഎൻ?
X

വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം. വൈറ്റ് ഹൗസാണ് ഇന്ത്യയെ ക്ഷണിച്ച വിവരം എക്‌സിലൂടെ അറിയിച്ചത്. സമിതിയിൽ ചേരുമോ എന്നതിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ- യുഎസ് ബന്ധം തീരുവയുടെ പേരിൽ വഷളാകുന്നതിനിടെയാണ് ട്രംപിന്റെ ക്ഷണമെന്നത് ശ്രദ്ധേയമാണ്. നിലവിൽ ഇന്ത്യൻ ഉത്പങ്ങൾക്ക് 50 ശതമാനമാണ് യുഎസ് ചുമത്തുന്ന നികുതി. ഗസ്സ സമാധാന പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ട്രംപ് സമിതിയെ പ്രഖ്യാപിച്ചത്.

ട്രംപ് അധ്യക്ഷനായ സമിതിയിൽ തുർക്കി, ഈജിപ്ത്, അർജന്റീന, ഇന്തോനേഷ്യ, ഇറ്റലി, മൊറോക്കോ, യുകെ, ജർമനി, കാനഡ, ആസ്‌ത്രേലിയ അടക്കം 60 രാജ്യങ്ങളുടെ തലവൻമാർക്ക് ക്ഷണമുണ്ട്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബാംഗ, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും സമിതിയിൽ അംഗങ്ങളാണ്.

കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗസ്സക്കായി 20 ഇന സമാധാന പദ്ധതി നിർദേശിച്ചത്. ഇതനുസരിച്ച് ഗസ്സയുടെ ദൈനംദിന ഭരണം സാങ്കേതിക വിദഗ്ധരും രാഷ്ട്രീയേതരവുമായ ഒരു പലസ്തീനിയൻ കമ്മിറ്റി ഉൾപ്പെടുന്ന താൽക്കാലിക ഭരണസംവിധാനത്തിന് കീഴിലാക്കും. ഈ കമ്മിറ്റിയുടെ മേൽനോട്ടം ട്രംപ് അധ്യക്ഷനായ 'ബോർഡ് ഓഫ് പീസ്' എന്ന പുതിയ അന്താരാഷ്ട്ര സമിതിക്കായിരിക്കും. ഇത് ഫലത്തിൽ ഗസ്സയുടെ നിയന്ത്രണം യുഎസ് പ്രസിഡന്റിൽ നിക്ഷിപ്തമാക്കുതാണെന്ന് അന്ന് തന്നെ വിമർശനമുയർന്നിരുന്നു.

യുഎൻ അംഗീകരിച്ച ഈ സമാധാന പദ്ധതിയും ബോർഡ് ഓഫ് പീസും ഇപ്പോൾ കൂടുതൽ വിപുലമായ രൂപത്തിലേക്ക് മാറിയിരിക്കുകയാണ്. പുതിയ ചാർട്ടർ പ്രകാരം, യുഎസ് പ്രസിഡന്റ് എന്ന നിലയിലല്ല, മറിച്ച് ഡൊണാൾഡ് ട്രംപ് വ്യക്തിപരമായിട്ടായിരിക്കും ഇതിന്റെ ചെയർമാൻ. ഹംഗറി, അൽബേനിയ, ഗ്രീസ്, കാനഡ, തുർക്കി, സൈപ്രസ്, ഈജിപ്ത്, ജോർദാൻ, പരാഗ്വേ, അർജന്റീന തുടങ്ങിയ രാജ്യങ്ങൾക്ക് ഇതിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇന്ത്യക്ക് മുമ്പ് പാകിസ്താന് സമിതിയിലേക്ക് ക്ഷണം ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

അംഗമാകുന്ന രാജ്യങ്ങൾക്ക് മൂന്ന് വർഷത്തെ കാലാവധിയുണ്ടാകും. എന്നാൽ ഒന്നാം വർഷം തന്നെ ഒരു ബില്യൺ ഡോളർ പണമായി നൽകിയാൽ അവർക്ക് സ്ഥിരം അംഗത്വം ലഭിക്കും. 2025 നവംബറിൽ യുഎൻ അംഗീകരിച്ചത് 2027 വരെ ഗസ്സയിൽ മാത്രം പ്രവർത്തിക്കാനായിരുന്നു. എന്നാൽ പുതിയ ചാർട്ടർ പ്രകാരം ഇത് ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഒരു പുതിയ അന്താരാഷ്ട്ര സംഘടനയും താൽക്കാലിക ഭരണകൂടവുമായി പ്രവർത്തിപ്പിക്കാനാണ് ട്രംപിന്റെ പ്ലാൻ. ട്രംപ് യുഎസ് പ്രസിഡന്റ് പദവി ഒഴിഞ്ഞാലും സമിതിയുടെ ചെയർമാനായി തുടരുന്ന രീതിയിലാണ് ഇപ്പോൾ സമിതി രൂപീകരിച്ചിരിക്കുത്. സ്വയം രാജിവെക്കുകയോ, അല്ലെങ്കിൽ ട്രംപ് തന്നെ നിയമിച്ച എക്‌സിക്യൂട്ടീവ് ബോർഡ് ഐകകണ്‌ഠ്യേന അദ്ദേഹത്തിന് പ്രാപ്തിയില്ലെന്ന് വിധിക്കുകയോ ചെയ്താൽ മാത്രമേ ട്രംപിനെ മാറ്റാൻ കഴിയൂ. പകരക്കാരനെ നിർദേശിക്കാനുള്ള അധികാരവും അദ്ദേഹത്തിനായിരിക്കും.

ഐക്യരാഷ്ട്ര സഭക്ക് സമാന്തര സംഘടന എന്ന രീതിയിലാണ് പുതിയ സമിതി ട്രംപ് വിഭാവനം ചെയ്യുന്നത് എന്നാണ് വിലയിരുത്തൽ. യുഎന്നിനോടുള്ള ട്രംപിന്റെ വിമുഖത പരസ്യമാണ്. ട്രംപ് നേരത്തെ തന്നെ ഐക്യരാഷ്ട്ര സഭക്കുന്ന യുഎസിന്റെ ഫണ്ട് വെട്ടിക്കുറയ്ക്കുകയും നിരവധി യുഎൻ സമിതികളിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു. ഏകദേശം 60 രാജ്യങ്ങളെ ക്ഷണിച്ചതിൽ ഹംഗറി മാത്രമാണ് ഇതുവരെ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചത്.

TAGS :

Next Story