'ഇസ്രായേലിനുള്ള ധനസഹായം നിർത്തലാക്കും'; ഫലസ്തീൻ- അമേരിക്കൻ വനിതക്ക് ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റ് പ്രൈമറിയിൽ വിജയം
സൊഹ്റാൻ മംദാനിയുടെ പിന്തുണയോടെയാണ് ഫലസ്തീൻ- അമേരിക്കൻ വംശജയായ അബെർ കവാസ് മത്സരിച്ചത്

- Published:
24 Jun 2026 3:25 PM IST

ന്യൂയോർക്ക്: ഡെമോക്രാറ്റിക് സോഷ്യലിസം ഉയർത്തിപ്പിടിച്ചും ഗസ്സയിലെ ഇസ്രായേൽ വംശഹത്യയ്ക്ക് ഫണ്ട് നൽകുന്നത് നിർത്തലാക്കണമെന്ന മുദ്രാവാക്യത്തോടെയും മത്സരിച്ച ഫലസ്തീൻ- അമേരിക്കൻ വംശജ അബെർ കവാസിന് വിജയം. ക്വീൻസിൽ ചൊവ്വാഴ്ച നടന്ന ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റ് സീറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പിലാണ് അബെർ കവാസ് വിജയിച്ചത്.
ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിയുടെ പിന്തുണയോടെ മത്സരിച്ച കവാസ്, ന്യൂയോർക്ക് സ്റ്റേറ്റിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫലസ്തീനിയൻ മുസ്ലിം വനിതയായി മാറി. ഫലസ്തീൻ സ്വദേശികളായ മാതാപിതാക്കളുടെ മകളായി ന്യൂയോർക്കിലാണ് കവാസ് ജനിച്ചതും വളർന്നതും. ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ച കവാസ് തന്റെ പ്രചാരണത്തിലുടനീളം കുടിയേറ്റ വ്യവസ്ഥിതി പരിഷ്കരിക്കുന്നതിനും ന്യൂയോർക്കിലെ വർധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടുന്നതിനും വലിയ പ്രാധാന്യമാണ് നൽകിയത്.
ഡെമോക്രാറ്റിക് പാർട്ടിയെ ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ശക്തിയായി മാറ്റാനുള്ള മേയർ മംദാനിയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്ന മൂന്ന് പ്രധാന പ്രൈമറി വിജയങ്ങൾക്ക് പിന്നാലെയാണ് കവാസിന്റെ നിർണായക നേട്ടം. മംദാനി പിന്തുണയ്ക്കുന്ന ഈ ന്യൂയോർക്ക് സെനറ്റ് പ്രൈമറി വിജയിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇസ്രായേൽ വിരുദ്ധ നിലപാടുകൾ വ്യക്തമാക്കുന്നുണ്ട്. ന്യൂയോർക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകൾ ഇസ്രായേലിന് പണം നൽകുന്നത് തടയാൻ ലക്ഷ്യമിട്ട് മംദാനിയോടൊപ്പം ചേർന്ന് രൂപീകരിച്ച 'നോട്ട് ഓൺ അവർ ഡൈം!' എന്ന കാമ്പയിനിൽ താൻ വഹിച്ച പ്രധാന പങ്കിനെക്കുറിച്ച് കവാസിന്റെ വെബ്സൈറ്റിൽ എടുത്തുപറയുന്നുണ്ട്.
Adjust Story Font
16
