Quantcast

ട്രംപിന്റെ നയങ്ങള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് തുടക്കം; ന്യൂയോര്‍ക്ക് മേയറായി നൂറ് ദിവസം പൂര്‍ത്തിയാക്കി മംദാനി

ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാന്‍ മംദാനി

MediaOne Logo
ട്രംപിന്റെ നയങ്ങള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് തുടക്കം; ന്യൂയോര്‍ക്ക് മേയറായി നൂറ് ദിവസം പൂര്‍ത്തിയാക്കി മംദാനി
X

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി ആദ്യ മുസ്‌ലിം വംശജന്‍ സൊഹ്‌റാന്‍ മംദാനി സ്ഥാനമേറ്റിട്ട് നൂറ് ദിവസം തികയുന്നു. നഗരത്തിലെ സാധാരണക്കാരുടെ ജീവിതച്ചിലവ് കുറക്കുമെന്ന വാഗ്ദാനവുമായി അധികാരമേറ്റെടുത്ത മംദാനി, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും നഗരത്തിലെ എല്ലാവര്‍ക്കും ശിശുപരിചരണം ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ട്, നിരവധി പ്രതിബന്ധങ്ങളും പരീക്ഷണങ്ങളും അതിജീവിച്ചാണ് മേയര്‍ പദവിയില്‍ നൂറ് ദിവസം തികക്കുന്നത്.

അന്യായമായ വാടകയും ശിശുപരിചരണത്തിന് ഉയര്‍ന്ന സാമ്പത്തികചിലവും കാരണം ഞെരുങ്ങിക്കഴിയുകയായിരുന്ന അന്തരീക്ഷത്തിലേക്കാണ് മംദാനിയുടെ രംഗപ്രവേശനം. തന്റെ അധികാരപരിധിയില്‍ സാധാരണക്കാര്‍ക്കും തൊഴിലാളി വിഭാഗത്തിനുമാണ് മുഖ്യപരിഗണനയെന്ന് മംദാനിയെ ഉദ്ദരിച്ച് അല്‍ജസീറ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാവര്‍ക്കും സൗജന്യ ശിശുപരിചരണം ഉറപ്പാക്കുന്നതിനായി ഗവര്‍ണറുമായി ചേര്‍ന്ന് 1.2 ബില്യണ്‍ ഡോളറിന്റെ ഫണ്ട് അനുവദിക്കാനും മംദാനിക്ക് സാധിച്ചിട്ടുണ്ട്. ഇതിനുപുറമെ നഗരവാസികളുടെ ചിരകാല പ്രയാസമായിരുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ പുനര്‍നിര്‍മാണവും മംദാനിയെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനപ്രിയനായ മേയറാക്കുകയായിരുന്നു.

ഇത് കൂടാതെ, ന്യൂയോര്‍ക്ക് മേയറായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഇസ്രായേലിന് അനുകൂലമായി മുന്‍മേയര്‍ സ്വീകരിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ റദ്ദാക്കാനും മംദാനി മടിച്ചില്ല. ഇസ്രായേലിനെ പിന്തുണക്കുന്നതിനായി മുന്‍മേയര്‍ കൈക്കൊണ്ട ഉത്തരവുകളെ റദ്ദാക്കുന്നതിനായുള്ള ഉത്തരവില്‍ ഒപ്പുവെച്ചുകൊണ്ടായിരുന്നു മംദാനിയുടെ നടപടി. ഇന്റര്‍നാഷണല്‍ ഹോളോകോസ്റ്റ് റിമെംബറന്‍സ് അലയന്‍സ്, ആന്റിസെമിറ്റിസത്തിന്റെ നിര്‍വചനം അംഗീകരിച്ചതും അതില്‍ ഉള്‍പ്പെടും.

ഭരണകാര്യങ്ങളിലുടനീളം മംദാനിയുടെ തീരുമാനങ്ങളിലും നിലപാടുകളിലും പ്രശംസയുമായി നിരവധി പേര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നെങ്കിലും, ചില നീക്കങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും മംദാനിക്ക് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. അതിസമ്പന്നര്‍ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്താനുള്ള മംദാനിയുടെ നീക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നികുതി വര്‍ധിപ്പിച്ചാല്‍ കോടീശ്വരന്മാര്‍ നഗരം വിടുമെന്നാണ് വിമര്‍ശകരുടെ വാദം. കൂടാതെ, മുസ്‌ലിം വംശജനായതിന്റെ പേരില്‍ വലതുപക്ഷ സംഘടനകളില്‍ നിന്ന് കടുത്ത അധിക്ഷേപങ്ങളും ഇക്കാലയളവില്‍ നേരിടേണ്ടിവന്നിട്ടുണ്ട്. പ്രതിസന്ധികളും പ്രതിബന്ധങ്ങളും പലതും നേരിടേണ്ടിവന്നെങ്കിലും സാധാരണക്കാരുടെ ശബ്ദം ഏറ്റെടുത്ത് കേന്ദ്രഭരണപ്രദേശങ്ങളിലെത്തിക്കാന്‍ സാധിച്ചുവെന്നത് തന്നെയാണ് മേയര്‍ മംദാനിയുടെ ആദ്യ നൂറ് ദിവസത്തിന്റെ പ്രത്യേകത.

ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലിം മേയറും ഏഷ്യന്‍വംശജനായ ആദ്യ മേയറുമാണ് മംദാനി. ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാല്‍ നിര്‍മിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരന്‍ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞാണ് മുപ്പത്തിനാലുകാരനായ മംദാനി ന്യൂയോര്‍ക്കിന്റെ അമരത്തേക്ക് വരുന്നത്. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത സോഷ്യലിസ്റ്റ്, അവയ്ക്ക് പരിഹാരം ഉറപ്പുനല്‍കിയാണ് ജനവിധി സ്വന്തമാക്കിയത്.

ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാന്‍ മംദാനി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്റാന്‍ ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും.

TAGS :

Next Story