Quantcast

ഇറാനിലെ സൈനിക നടപടിയിൽ അമേരിക്കയ്ക്ക് വൻ നഷ്ടം; ഫൈറ്റർ ജെറ്റുകൾ ഉൾപ്പടെ 42 വിമാനങ്ങൾ തകർന്നുവെന്ന് റിപ്പോർട്ട്

പെന്റഗണിന്റെയും യുഎസ് സെൻട്രൽ കമാൻഡിന്റെയും പ്രസ്താവനകളും വാർത്താറിപ്പോർട്ടുകളും വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്

MediaOne Logo
ഇറാനിലെ സൈനിക നടപടിയിൽ അമേരിക്കയ്ക്ക് വൻ നഷ്ടം; ഫൈറ്റർ ജെറ്റുകൾ ഉൾപ്പടെ 42 വിമാനങ്ങൾ തകർന്നുവെന്ന് റിപ്പോർട്ട്
X

വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നടപടിയിൽ അമേരിക്കൻ വ്യോമസേനക്ക് വൻ നഷ്ടമെന്ന് റിപ്പോർട്ടുകൾ. ഫൈറ്റർ ജെറ്റുകളും ഡ്രോണുകളും ഉൾപ്പടെ 42 ലേറെ വിമാനങ്ങൾ തകർന്നുവെന്നാണ് റിപ്പോർട്ട്. യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ റിപ്പോർട്ടിലാണ് അമേരിക്കയുടെ നഷ്ടത്തെ കുറിച്ച് പറയുന്നത്.

പെന്റഗണിന്റെയും യുഎസ് സെൻട്രൽ കമാൻഡിന്റെയും പ്രസ്താവനകളും വാർത്താറിപ്പോർട്ടുകളും വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഫെബ്രുവരി 28 നാണ് ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടി അമേരിക്ക ആരംഭിച്ചത്. വിശദമായ പരിശോധനകളിൽ വ്യോമ നഷ്ടം കൂടിയേക്കാമെന്നും യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിൽ പറയുന്നുണ്ട്.

അമേരിക്കയുടെ അഭിമാനമായ ഡ്രോൺ വ്യൂഹത്തിനാണ് ഇറാൻ വ്യോമപ്രതിരോധ സംവിധാനങ്ങളിൽ നിന്ന് ഏറ്റവും വലിയ പ്രഹരമേറ്റത്. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് ആക്രമണം നടത്താൻ കെൽപ്പുള്ള 24 എംക്യു-9 റീപ്പർ അത്യാധുനിക ഡ്രോണുകളും, നിരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു എംക്യു-4സി ട്രൈറ്റൺ ഡ്രോണും അമേരിക്കയ്ക്ക് നഷ്ടമായി. കഴിഞ്ഞ ദശാബ്ദത്തിനിടെ ഡ്രോൺ വ്യൂഹം നേരിട്ട വലിയ തിരിച്ചടിയാണിത് എന്നാണ് വിലയിരുത്തുന്നത്.

വ്യോമസേനയ്ക്കുണ്ടായ കനത്ത നാശനഷ്ടങ്ങളുടെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇറാനിൽ യുദ്ധത്തിനായി ചിലവിട്ട പണത്തെ കുറിച്ചും വലിയ തർക്കങ്ങളാണ് നടക്കുന്നത്. മെയ് 12-ന് നടന്ന ഹൗസ് അപ്രോപ്രിയേഷൻസ് സബ്കമ്മിറ്റി യോഗത്തിൽ ആക്ടിങ് പെന്റഗൺ കൺട്രോളർ ജൂൾസ് ഡബ്ല്യു. ഹർസ്റ്റ് യുദ്ധച്ചെലവ് കുത്തനെ ഉയർന്നതായി സമ്മതിച്ചിരുന്നു. ഇറാനിലെ സൈനിക നടപടികൾക്കായി ഇപ്പോൾ 29 ബില്യൺ യുഎസ് ഡോളറായി ട്ടുണ്ടെന്നും (ഏകദേശം 2.4 ലക്ഷം കോടി രൂപ) അദ്ദേഹം പറഞ്ഞിരുന്നു.

TAGS :

Next Story