'ഇന്ത്യക്കാർ നശിച്ചുപോകട്ടെ, അധികപ്പറ്റുകളേ... ഇവിടെ നിന്നിറങ്ങിപ്പോകൂ വേഗം...; ഇന്ത്യൻ പതാക വലിച്ചുകീറി യുഎസിൽ പ്രതിഷേധം; പിന്നാലെ വ്യാപക വിമർശനം
ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ എത്രയും വേഗം രാജ്യം വിട്ടുപോകണമെന്ന ആവശ്യവുമായി, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ ഉച്ചരിച്ചുകൊണ്ട് പതാക വലിച്ചുകീറുന്ന യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

- Updated:
2026-06-03 13:23:34

വാഷിങ്ടൺ: യുഎസിലെ ടെക്സാസിൽ ഇന്ത്യൻ പതാക വലിച്ചുകീറി യുവാവിന്‍റെ പ്രതിഷേധം. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ എത്രയും വേഗം രാജ്യം വിട്ടുപോകണമെന്ന ആവശ്യവുമായി, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ ഉച്ചരിച്ചുകൊണ്ട് പതാക വലിച്ചുകീറുന്ന യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വിഡിയോ വൈറലായതിന് പിന്നാലെ, കുടിയേറ്റത്തെ കുറിച്ചും ഇന്ത്യാ-യുഎസ് ശത്രുതാ മനോഭാവത്തെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
ടെക്സാസിലെ ഫ്രിസ്കോ സിറ്റി ഹാളിന് സമീപമാണ് സംഭവം. തിരക്കേറിയ നഗരവീഥിയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ചെറുപ്പക്കാരൻ 'ഇന്ത്യക്കാർ നശിച്ചുപോകട്ടെ' എന്ന് ആക്രോഷിക്കുകയായിരുന്നു. ആളുകൾ ചുറ്റിലും തടിച്ചുകൂടുന്നത് ശ്രദ്ധയിൽ പെട്ട യുവാവ് ആവേശംമൂത്ത് ഇന്ത്യൻ പതാക കീറിപ്പറിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ചെറുപ്പത്തിന്‍റെ ചടുലതയും ചോരത്തിളപ്പും ആവോളം കണ്ടാസ്വദിക്കാൻ കൂടെയുണ്ടായിരുന്നവർ യുവാവിന് മതിയായ അളവിലും കൂടുതൽ പ്രോത്സാഹനമേകുകയും ചെയ്തു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും കയ്യടികളുമായി യുവാവിന് കനമേറിയ പിന്തുണ നൽകുന്നവരെയും വിഡിയോയിൽ കാണാം. നോർത്ത് ഡല്ലാസ് മേഖലയിൽ ക്രമാധീതമായി ഉയർന്നുവരുന്ന ഇന്ത്യൻ വംശജരുടെ അംഗസംഖ്യയിൽ അസ്വസ്ഥനായ ചെറുപ്പക്കാനാണ് വിഡിയോയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ വംശജരും കുടിയേറിപ്പാർത്തരും ധാരാളമുള്ള ടെക്സാസ് പോലൊരു നഗരത്തിൽ അരങ്ങേറിയ സംഭവം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിട്ടിരിക്കുകയാണ്. തികച്ചും അനാവശ്യവും അപകീർത്തികരവുമായ പ്രവർത്തിയാണ് യുവാവിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് മിക്ക യൂസർമാരുടെയും അഭിപ്രായം.
'ഇതുപോലുള്ള അൽപ്പന്മാരെ കണ്ടല്ല, ഒരു രാജ്യത്തെയും അവിടെത്തെ സമാധാനാന്തരീക്ഷത്തെയും വിലയിരുത്തേണ്ടത്'. ഒരാൾ എക്സിൽ കുറിച്ചു. 'പതാക കീറിമുറിക്കുന്നതിലൂടെ രാജ്യത്തിന് ഒന്നും സംഭവിക്കുന്നില്ല. ഇത് ചെയ്തയാളുടെ മാനസികാവസ്ഥ തകരാറിലാണെന്ന് എല്ലാവരും അറിയുന്നതൊഴിച്ച്'. മറ്റൊരാൾ കുറിച്ചു. 'ഇന്ത്യക്കാർ ജോലി ചെയ്ത് ജീവിക്കുന്നത് തുടരും, തൊഴിലിടങ്ങളിലെ മികവാർന്ന പ്രകടനങ്ങളിലൂടെ അവരിനിയും കയ്യടികൾ നേടും. ഇത്തരം അനാവശ്യ പ്രതിഷേധങ്ങൾ അവരെ പോറലേൽപ്പിക്കുന്നില്ല.' ഏറ്റവും ശ്രദ്ധേയമായ കമന്‍റുകളിലൊന്ന് ഇതായിരുന്നു.
വിഡിയോക്ക് പിന്നാലെ വ്യത്യസ്തങ്ങളായ അഭിപ്രായപ്രകടനങ്ങളുമായി നിരവധി പേരാണ് തടിച്ചുകൂടിയിരിക്കുന്നത്.
Adjust Story Font
16
