രാകേഷ് ടികായത്തിനെ കണ്ട് ചന്ദ്രശേഖർ ആസാദ്; കർഷക സമരത്തിന് പിന്തുണ

ഘാസിപ്പൂരിൽ നിന്ന് ജില്ലാ ഭരണകൂടം കർഷകരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആസാദിന്റെ സന്ദർശനം.

Update: 2021-01-30 03:21 GMT
Advertising

ന്യൂഡൽഹി: ഡൽഹി-യുപി അതിർത്തിയിലെ ഘാസിപ്പൂരിൽ കർഷക സമര നായകൻ രാകേഷ് ടികായത്തുമായി കൂടിക്കാഴ്ച നടത്തി ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ എല്ലാ തരത്തിലുള്ള പിന്തുണയും ദളിതരുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ആസാദ് ടികായത്തിന് ഉറപ്പു നൽകി.

ഘാസിപ്പൂരിൽ നിന്ന് ജില്ലാ ഭരണകൂടം കർഷകരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആസാദിന്റെ സന്ദർശനം. സമരം അവസാനിപ്പിക്കില്ലെന്നും അതിനേതാക്കൾ നല്ലത് ആത്മഹത്യയാണ് എന്നും കഴിഞ്ഞ ദിവസം ടികായത്ത് വ്യക്തമാക്കിയിരുന്നു.

ഭീം ആർമിയിലെ നൂറ് പേർക്കൊപ്പം ഇന്നലെ ആറരയ്ക്കാണ് ആസാദ് ഘാസിപ്പൂരിലെത്തിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ അഭിമാനമാണ് ടികായത്ത് എന്ന് ആസാദ് പറഞ്ഞു. കർഷക നേതാവിനൊപ്പം തോളോടു തോൾ ചേർന്നു നിന്ന് പോരടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, സിംഘുവിൽ കർഷക സമരത്തിനിടെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തു. കർഷകരടക്കം 44 പേരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമമുൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അലിപൂർ എസ്.എച്ച്.ഒയെ വാളുകൊണ്ട് ആക്രമിച്ച 22കാരൻ അടക്കം അറസ്റ്റിലായി.

പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് കർഷകർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഏറ്റുമുട്ടുകയുമായിരുന്നു. ഇതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

Tags:    

Similar News