ടെസ്റ്റ് റാങ്കിങ്ങില്‍ കോഹ്‍ലിയെയും സ്മിത്തിനെയും പിന്നിലാക്കി വില്ല്യംസണ്‍ ഒന്നാമത്

പാകിസ്താനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് വില്യംസണ് തുണയായത്

Update: 2020-12-31 13:10 GMT
Advertising

വിരാട് കോഹ്‍ലിയെയും സ്റ്റീവ് സ്മിത്തിനെയും മറികടന്ന് ന്യൂസിലാന്‍റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം റാങ്ക്. അഞ്ച് വർഷത്തോളം ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയും ഓസീസ്​ മുൻ നായകൻ സ്റ്റീവ്​ സ്​മിത്തും മാറിമാറി നിലനിർത്തിയ ഐ.സി.സി ടെസ്റ്റ് റാങ്കിലെ ആദ്യ സ്​ഥാനമാണ്​ ഇത്തവണ കിവി ക്യാപ്​റ്റൻ സ്വന്തമാക്കിയിരിക്കുന്നത്.

പാകിസ്താനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് വില്യംസണ് തുണയായത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ താരം സെഞ്ചുറി നേടിയിരുന്നു. അതിനു മുമ്പ് വെസ്റ്റിന്‍ഡീസിനെതിരെ നടന്ന പരമ്പരയില്‍ ഇരട്ട സെഞ്ചുറി നേട്ടവും വില്യംസണ്‍ സ്വന്തമാക്കിയിരുന്നു.

രണ്ടും മൂന്നും സ്​ഥാനത്ത്​ കോഹ്​ലിയും സ്​മിത്തുമുണ്ട്​. പുതിയ റാങ്കിങ്ങില്‍ വലിയ നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയാണ്. മെല്‍ബണിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ ഒറ്റയടിക്ക് അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രഹാനെ 784 പോയന്‍റുമായി റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേക്ക് കുതിച്ചു. 2019 ഒക്ടോബറില്‍ അഞ്ചാം സ്ഥാനത്തെത്തിയ ശേഷമുള്ള രഹാനെയുടെ മികച്ച നേട്ടമാണിത്.

Tags:    

Similar News