മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് പതിപ്പ് കാണാനുള്ള ധൈര്യമില്ല- ശ്യാം പുഷ്കരന്‍

മികച്ച തിരക്കഥക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ശ്യാം പുഷ്കരന് നേടിക്കൊടുക്കുകയും മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരം നേടുകയും ചെയ്തിട്ടുള്ള ചിത്രമാണ് മഹേഷിന്‍റെ പ്രതികാരം

Update: 2019-03-16 07:40 GMT
Advertising

മലയാള സിനിമ വിഭാഗത്തില്‍ ‘മോഡേണ്‍ ക്ലാസിക്’ പരാമര്‍ശങ്ങള്‍ നേടിയ സിനിമയാണ് ശ്യാം പുഷ്കരന്‍റെ രചനയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരം. കണ്ടുപഴകിയ രംഗങ്ങളും തമാശകളും മാറ്റി നിര്‍ത്തി മികച്ച ഒരു സിനിമ അനുഭവം പ്രേക്ഷകന് സമ്മാനിച്ച മഹേഷിന്‍റെ പ്രതികാരം ഒരുപാട് പേരുടെ പെഴ്സണല്‍ ഫേവറേറ്റായി നിലകൊള്ളുന്നു. പോത്തേട്ടന്‍സ് ബ്രില്യന്‍സിനെക്കുറിച്ച് ഇന്നും പ്രേക്ഷകര്‍ സംസാരിക്കുന്നു. മലയാളത്തില്‍ നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും നേടിയ മഹേഷിന്‍റെ പ്രതികാരം തമിഴില്‍ റീമേക്ക് ചെയതിരുന്നു. നിമിര്‍ എന്ന് പേരില്‍ ഇറങ്ങിയ ചിത്രം പ്രിയദര്‍ശനാണ് സംവിധാനം ചെയ്തത്. എന്നാല്‍, നിമിര്‍ കാണാന്‍ തനിക്ക് ധൈര്യമില്ല എന്നാണ് മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍ പറയുന്നത്.

‘’നിമിര്‍ കണ്ടിട്ടില്ല. കാണേണ്ട എന്ന് പലരും പറഞ്ഞു, അതുകൊണ്ട് കാണാന്‍ ശ്രമിച്ചിട്ടില്ല. പ്രിയന്‍ സാറിന്‍റെ പടത്തില്‍ നമ്മുടെ ഒരു ടൈറ്റില്‍ കാര്‍ഡ് വരുന്നത് ഭയങ്കര രസമായത് കൊണ്ട് അതുവരെ ഞാന്‍ കണ്ടു, സ്റ്റോറി ബൈ ശ്യാം പുഷ്കരന്‍ എന്ന് എഴുതി കാണിക്കുന്നത് വരെ കണ്ടിട്ടുണ്ട്. നിമിര്‍ കാണാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് കാണാതിരുന്നത്. പ്രിയന്‍ സാര്‍ നമുക്ക് ഇഷ്ടമുള്ള ഒരു സംവിധായകന്‍ ആയതുകൊണ്ടും മോശം ആയെന്ന് ആളുകള്‍ പറഞ്ഞതുകൊണ്ടുമാണ് ആ ധൈര്യം ലഭിക്കാതിരുന്നത്.’’ ശ്യാം പുഷ്കരന്‍ പറയുന്നു.

മികച്ച തിരക്കഥക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ശ്യാം പുഷ്കരന് നേടിക്കൊടുക്കുകയും മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരം നേടുകയും ചെയ്തിട്ടുള്ള ചിത്രമാണ് മഹേഷിന്‍റെ പ്രതികാരം. ദിലീഷ് പോത്തന്‍റെ അടുത്ത സിനിമക്കായി ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍, ദിലീഷ് പോത്തന്‍ ടീം വിണ്ടും ഒന്നിക്കുകയാണ്.

Tags:    

Similar News