ആടുജീവിതം നമ്മുടെ സ്വന്തം സിനിമ, ആഗോളതലത്തിലേക്ക് ഉയർത്താൻ മലയാളികൾ കൂടെ നിൽക്കണം: സന്തോഷ് ജോർജ് കുളങ്ങര

ആടുജീവിതത്തിനു ലഭിച്ചത് വളരെ കുറച്ചു ചിത്രങ്ങള്‍ക്കു മാത്രം ലഭിക്കുന്ന സ്വീകാര്യതയാണെന്നും അതിവിടെ തീരേണ്ടതല്ലെന്നും പൃഥ്വിരാജ് പറഞ്ഞു

Update: 2024-04-23 15:08 GMT
Editor : banuisahak | By : Web Desk
Advertising

പുറത്തിറങ്ങി 25 ദിവസം പിന്നിടുമ്പോള്‍ 150 കോടിയുടെ പ്രഭയില്‍ വിളങ്ങുകയാണ് ആടുജീവിതം. കൊച്ചിയില്‍ വച്ചു നടന്ന ഇരുപത്തഞ്ചാം ദിവസത്തിന്റെ ആഘോഷച്ചടങ്ങില്‍ ചിത്രത്തിലെ നായകനും ഡിസ്ട്രിബ്യൂട്ടറുമായ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലെസ്സി തുടങ്ങിയവരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു. ചടങ്ങില്‍ വച്ച് ആടുജീവിതത്തിനെ വിജയത്തെപ്പറ്റിയും മലയാളസിനിമയുടെ ഭാവിയെപ്പറ്റിയും മറ്റും പ്രമുഖ മാധ്യമപ്രവര്‍ത്തകരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ചര്‍ച്ച ചെയ്തു.

സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങര മോഡറേറ്റര്‍ സ്ഥാനം വഹിച്ച ചര്‍ച്ചയില്‍ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരായ ശ്രീകണ്ഠന്‍ നായര്‍, അഭിലാഷ്, പ്രമോദ് രാമന്‍, റാഷിദ്, ജെവിന്‍ ടുട്ടു തുടങ്ങിയവരും പങ്കെടുത്തിരുന്നു. മലയാളത്തില്‍ ഇതിനുമുന്‍പും ഇരുപത്തിയഞ്ചുദിവസം ഓടിയ ധാരാളം സിനിമകളുണ്ടായിട്ടുണ്ട്. പക്ഷേ ഈ സിനിമയിലൂടെ നമുക്ക് മലയാളത്തിന്, കേരളത്തിന്‌ ലോകത്തിനു മുന്നിലേക്ക് വയ്ക്കാന്‍ നമുക്കൊരു സൃഷ്ടി കിട്ടിയിരിക്കുന്നു.

ഭാഷാഭേദത്തിന് അതീതമായി ആളുകള്‍ ഉള്‍ക്കൊണ്ട സിനിമയാണ് ആടുജീവിതം. പല മേഖലകളിലൂടെ സിനിമകളെ ശക്തമായി വിമര്‍ശിക്കുന്നവര്‍ പോലും ഈ ചിത്രത്തെ പുകഴ്ത്തുന്നുണ്ട്. ഇനി ചര്‍ച്ചചെയ്യപ്പെടേണ്ടത്, ഈ സിനിമയെ കേരളം എങ്ങനെ പ്രയോജനപ്പെടുത്താന്‍ പോകുന്നു, ഈ സിനിമയിലൂടെ കേരളസമൂഹം എങ്ങനെ മലയാളഭാഷയെ ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ പോവുന്നു എന്നതാണ്, അതാണ്‌ ചര്‍ച്ചാവിഷയമാവേണ്ടത് എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങര ചര്‍ച്ച ആരംഭിച്ചത്.

കോവിഡ് അനന്തര ലോകത്ത് പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍പ്പോലും മലയാള സിനിമകള്‍ ചെന്നെത്താന്‍ തുടങ്ങിയിരിക്കുന്നു എന്നും, ഇന്റര്‍നെറ്റ് വഴി മറ്റു രാജ്യങ്ങളിലേക്ക് ഈ സിനിമ സഞ്ചരിക്കുമ്പോള്‍ അവര്‍ക്കും ഈ സിനിമ ഏറെ സ്വീകാര്യമാകും എന്നും ശ്രീകണ്ഠന്‍ നായര്‍ അഭിപ്രായപ്പെട്ടു. പൃഥ്വിരാജിന്റെ പ്രകടനത്തെയും അര്‍പ്പണബോധത്തെയും പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.

ആടുജീവിതം സൃഷ്ടിച്ചെടുത്തത് എങ്ങനെയാണെന്ന് ലോകസിനിമയുടെ വക്താക്കള്‍ അറിയണം, അതിലൂടെ കൂടുതല്‍ അംഗീകാരങ്ങള്‍ ചിത്രത്തിന് കിട്ടണം എന്ന് പ്രമോദ് രാമന്‍ അഭിപ്രായപ്പെട്ടു. മനുഷ്യന്റെ അതിജീവനത്തെപ്പറ്റി നമുക്ക് ചിന്തിക്കാവുന്നതിന് ഒരതിരുണ്ട്‌, പക്ഷേ അതിനും അപ്പുറത്തേക്ക് എത്തിയതാണ് നജീബിന്റെ ജീവിതം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആടുജീവിതം ഇതിനോടകം തന്നെ യൂണിവേഴ്സല്‍ ആയിക്കഴിഞ്ഞു എന്നാണ് കരുതുന്നതെന്ന് അഭിലാഷ് പറഞ്ഞു.

ആടുജീവിതത്തിലെ സഹനമെന്നത് ലോകത്തെ ഏതൊരു വ്യക്തിയ്ക്കും കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ഒന്നാണ്, അതിനാല്‍ത്തന്നെ ഭാഷയുടെ പരിമിതി ചിത്രത്തെ സാര്‍വത്രികമാക്കുന്നതില്‍ വിലങ്ങുതടിയാവുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് പലപ്പോഴും പ്രേക്ഷകസ്വീകാര്യത ലഭിക്കാതെ പോകാറുണ്ടെങ്കിലും ആടുജീവിതത്തിന് അതിനും സാധിച്ചു എന്നും അഭിലാഷ് പറഞ്ഞു.

ഇന്ത്യന്‍ ഡയസ്പോറ പല രാജ്യങ്ങളിലും ശക്തമാണ്, അത്തരം ഇടങ്ങളില്‍ ആടുജീവിതത്തിന്റെ സ്ക്രീനിങ്ങുകളും ചര്‍ച്ചകളും നടന്നാല്‍ അത് ചിത്രത്തിന് അടുത്ത ലെവലിലേക്ക് പോകാന്‍ സഹായകമാകും എന്നും, ഒപ്പം തന്നെ ഫിലിം ഫെസ്റ്റിവലുകളും ഒരു സാധ്യതയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുറത്തുനിന്നുള്ള പിന്തുണ പോലെതന്നെ, തമിഴ് സിനിമയിലും മറ്റും കാണുന്ന പോലെ മലയാള സിനിമാ ഫ്രട്ടേണിറ്റിയുടെ അകത്തുനിന്നുള്ള സപ്പോര്‍ട്ട് ആടുജീവിതത്തിനു ഉണ്ടാവുകയാണെങ്കില്‍ നന്നാവുമെന്ന് തോന്നുന്നു എന്ന് മലയാളമനോരമയിലെ റാഷിദ്‌ അഭിപ്രായപ്പെട്ടു.

മലയാളി സമൂഹം ഈ ചിത്രത്തെ ഏറ്റെടുത്ത പോലെ ഈ ചിത്രത്തിന് ആഗോള തലത്തിലും ജനശ്രദ്ധ ലഭിക്കേണ്ടതാണ് എന്നും, ഇതെങ്ങനെ മലയാളികള്‍ അന്താരാഷ്‌ട്ര തലത്തിലേക്ക് കൊണ്ടുപോകും, അതിലേക്കായി എന്താണ് പ്രേക്ഷകര്‍ക്ക് ചെയ്യാനുള്ളത് എന്ന സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങരയുടെ ചോദ്യത്തിന് പൃഥ്വിരാജ് മറുപടി പറഞ്ഞു. ആടുജീവിതത്തിനു ലഭിച്ചത് വളരെ കുറച്ചു ചിത്രങ്ങള്‍ക്കു മാത്രം ലഭിക്കുന്ന സ്വീകാര്യതയാണെന്നും, എന്നാല്‍ ഈ സ്വീകാര്യത ഇവിടെ തീരുന്നില്ല, അഥവാ തീരേണ്ടതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി മുന്നോട്ടുള്ള സിനിമയുടെ യാത്ര എന്നത് നമ്മുടെ സിനിമ, മലയാളത്തിന്റെ സ്വന്തം സിനിമ എന്ന ഐഡന്റിറ്റി ഈ സിനിമയ്ക്ക് കിട്ടുക എന്നതാണ് എന്നദ്ദേഹം പറഞ്ഞു. ലോകത്ത് എവിടെ പോയാലും ഇതൊരു മലയാള സിനിമ തന്നെയാണ്, ആ സ്വത്വം രൂപാന്തരപ്പെടുത്തുക എന്നതാണ് ഈ യാത്രയുടെ തുടക്കം എന്നദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകര്‍ ഇന്നിവിടെ വന്ന് ഈ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട ആവശ്യമില്ലല്ലോ.

ഈ സിനിമ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാനും ചര്‍ച്ചചെയ്യപ്പെടാനും ആദ്യം ഇത് ഇന്ത്യയില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടണം. അതിനുശേഷമേ ഇത് അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയാവുകയുള്ളൂ. ഇത് നമ്മുടെ സിനിമ തന്നെയാണ്, അതേസമയം ലോകസിനിമയുമാണ് എന്ന തിരിച്ചറിവ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടായതില്‍ കടപ്പാടുണ്ട് എന്നും, അതേ തിരിച്ചറിവ് പ്രേക്ഷകര്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ ഉണ്ടായി ഇത് നമ്മുടെ സിനിമയാണ് എന്ന തിരിച്ചറിവുണ്ടായ ശേഷം വേണം അന്താരാഷ്‌ട്ര തലത്തിലേക്കുള്ള ഈ യാത്ര തുടങ്ങാന്‍ എന്നും, ആ തുടക്കം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News