ധന്യമീ ജീവിതം
''ഒന്നാമതായി, ഞാനൊരു പൂര്‍ണ പരാജയം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഭൗതികമായ സമ്പാദ്യങ്ങളല്ല ഒരാളുടെ വിജയത്തിന്റെ അളവുകോല്‍. അങ്ങിനെയാണെങ്കില്‍ ഞാന്‍ ദരിദ്രനാണ്.''
ആദം അയ്യൂബ്
എറണാകുളം മഹാരാജാസ് കോളജില്‍ സഹപാഠിയായിരുന്ന ഒരു സുഹൃത്തിനെ ട്രെയിനില്‍ വെച്ച് വര്‍ഷങ്ങള്‍ക്കു ശേഷം കാണാനിടയായി. അദ്ദേഹം പറഞ്ഞ വാക്കുകള്‍ മനസ്സില്‍ ഇപ്പോഴും പതിഞ്ഞു കിടക്കുന്നു:- ''ഞങ്ങള്‍ക്കെല്ലാം അയൂബിനെക്കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു. നിങ്ങള്‍ ഒരു സൂപ്പര്‍ സ്റ്റാറോ സൂപ്പര്‍ സംവിധായകനോ ഒക്കെ ആകും എന്നാണ് ഞങ്ങള്‍ കരുതിയത്. നിങ്ങള്‍ക്ക് അതിനുള്ള കഴിവും രൂപസൗഭാഗ്യവും ഒക്കെയുണ്ട്. പിന്നെ എന്താണ് പറ്റിയത്?''
ഞാന്‍ പറഞ്ഞു- ''ഒന്നാമതായി, ഞാനൊരു പൂര്‍ണ പരാജയം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഭൗതികമായ സമ്പാദ്യങ്ങളല്ല ഒരാളുടെ വിജയത്തിന്റെ അളവുകോല്‍. അങ്ങിനെയാണെങ്കില്‍ ഞാന്‍ ദരിദ്രനാണ്.''
55 വര്‍ഷങ്ങള്‍ക്കു മുന്‍പ്, മദിരാശിയിലെ ശാരദ സ്റ്റുഡിയോയില്‍ ഒരു ക്യാമറാ അസിസ്റ്റന്റായി സിനിമാ ജീവിതം തുടങ്ങുമ്പോള്‍, ഒരുപാട് സ്വപ്നങ്ങളായിരുന്നു എന്റെ കൈമുതല്‍. ഒപ്പം, സിനിമ പഠിക്കാനുള്ള ആര്‍ത്തിയും. ശാരദ സ്റ്റുഡിയോയിലെ പരിശീലനം കഴിഞ്ഞു നാട്ടില്‍ വന്നു മഹാരാജാസ് കോളജില്‍ പഠിച്ചു. ഡിഗ്രീ സമ്പാദിച്ചതിനു ശേഷമാണ്, മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയതിനു ശേഷവും, ആദ്യകാലങ്ങളില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ വളരെ പ്രയാസപ്പെട്ടിരുന്നുവെങ്കിലും, പിന്നീട് ഒരുവിധം കാലുറപ്പിക്കാന്‍ കഴിഞ്ഞു. അതിനു സഹായിച്ചത് സിനിമയല്ല, ടെലിവിഷന്‍ എന്ന മാധ്യമം ആണ്. കേരളത്തില്‍ ടെലിവിഷന്റെ ആവിര്‍ഭാവ കാലത്തു തന്നെ അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നുള്ളത് വലിയ ഭാഗ്യമായി. കുറെ നല്ല സീരിയലുകള്‍ എഴുതി സംവിധാനം ചെയ്യാന്‍ കഴിഞ്ഞു. പ്രഗത്ഭരായ പല സീരിയല്‍ സംവിധായകരുടെയും സൃഷ്ടികളില്‍ നല്ല കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ഇതൊക്കെയാണ് എനിക്ക് ടിവി മാധ്യമത്തില്‍ ചുവടുറപ്പിക്കാന്‍ സഹായകമായത്.
ബാലു കിരിയത്ത് സംവിധാനം ചെയ്ത, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച 'വിസ' എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുകയും, അതില്‍ സാമാന്യം നല്ലൊരു വേഷം അഭിനയിക്കുകയും ചെയ്തതിനു ശേഷമാണ് ഞാന്‍ തിരുവന്തപുരത്ത് സ്ഥിരതാമസമാക്കുന്നത്. ആ സമയത്താണ് കേരളത്തില്‍ ദൂരദര്‍ശന്‍ തുടങ്ങുന്നത്. എന്റെ ആദ്യ സീരിയലായ ''കുമിളകള്‍''ഷൂട്ടിങ് നടക്കുന്ന സമയം. ഒരു ദിവസം തിരുവനന്തപുരത്തെ ലൂസിയ ഹോട്ടലില്‍ ഷൂട്ടിങ് കഴിഞ്ഞ് ഞാനിറങ്ങുമ്പോഴാണ് ഏതോ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടി അവിടെ വന്നിറങ്ങുന്നത്. അദ്ദേഹം അവിടെയായിരുന്നു താമസം. 'വിസ'ക്ക് ശേഷം ചെറിയൊരു ഇടവേള കഴിഞ്ഞാണ് ഞങ്ങള്‍ വീണ്ടും കാണുന്നത്. ആദ്യ സീരിയലിന്റെ ഷൂട്ടിങ്ങില്‍ ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു -
''പച്ച ഉണ്ടോ?''
വളരെ പ്രസക്തമായ ഒരു ചോദ്യമായിരുന്നു അത്. വാസ്തവത്തില്‍ ആ സീരിയലിന് ശേഷമാണ് എന്റെ ജീവിതം പച്ചപിടിച്ചു തുടങ്ങിയത് !
അങ്ങിനെ മദ്രാസില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള താമസമാറ്റം എന്റെ ജീവിതത്തില്‍ വഴിത്തിരിവായി. അതിനു പ്രധാനമായും മൂന്നു കാരണങ്ങളാണ്. ഒന്നാമതായി, തിരുവനന്തപുരത്ത് വന്ന് അധികം താമസിയാതെ ഒരു സിനിമാ അധ്യാപകനായി. സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനം മുതല്‍ പത്തു-പതിനഞ്ചു വര്‍ഷങ്ങള്‍ അവിടെ നൂറുകണക്കിന് വിദ്യാര്‍ഥികളെ പഠിപ്പിച്ചു. രണ്ടാമതായി, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും, ദൂര്‍ദര്‍ശന്റെയും സംവിധയക പാനല്‍ അംഗമെന്ന നിലയില്‍ സര്‍ക്കാറിന് വേണ്ടി ധാരാളം ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു. ദൂരദര്‍ശനു വേണ്ടി 25ലധികം സീരിയലുകള്‍ സംവിധാനം ചെയ്യുകയും നൂറോളം സീരിയലുകളില്‍ അഭിനയിക്കുകയും ചെയ്തു.
എന്റെ സാമ്പത്തിക അടിത്തറ ഭദ്രമായതും ടെലിവിഷനില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിന് ശേഷമാണ്. ഭൗതികമായി ഉന്നത നേട്ടങ്ങള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും എനിക്ക് വലിയൊരു ശിഷ്യസമ്പത്തുണ്ട്. അതും എന്റെ ജീവിതത്തിലെ പ്രധാന നേട്ടങ്ങളില്‍ ഒന്നാണ്. എന്റെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇന്ന് സിനിമയിലും ടെലിവിഷനിലും വിജയകരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന ചടങ്ങ്
ദൈവം തമ്പുരാന്‍ എനിക്ക് ധാരാളം സര്‍ഗ്ഗസിദ്ധികള്‍ നല്‍കിയിട്ടുണ്ട്. അതെല്ലാം ഞാന്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയോ എന്ന് ചോദിച്ചാല്‍, ''ഇല്ല'' എന്ന് തന്നെയാണ് സത്യസന്ധമായ ഉത്തരം. യാദൃശ്ചികമായി എവിടെയെങ്കിലും വെച്ച് പരിചയപ്പെടുന്ന അപരിചിതര്‍, കുശലത്തിന്റെ ഭാഗമായി ''എവിടെയാണ് ജോലി?'' എന്ന് ചോദിക്കുമ്പോള്‍ എനിക്ക് ഒറ്റവാക്കില്‍ പറയാന്‍ ഒരുത്തരമില്ല. എഴുത്തുകാരന്‍, അഭിനേതാവ്, സംവിധായകന്‍, അധ്യാപകന്‍, അവതാരകന്‍, പ്രഭാഷകന്‍, ഇവയെല്ലാം ഞാന്‍ ചെയ്യുന്ന/ചെയ്തിട്ടുള്ള തൊഴിലുകളാണ്. ഇവയിലൂടെയെല്ലാം ഞാന്‍ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്.
അരനൂറ്റാണ്ടിലേറെ സിനിമാരംഗത്തുണ്ടെങ്കിലും, ആകെ അഭിനയിച്ച സിനിമകളുടെ എണ്ണം വളരെ കുറവാണെങ്കിലും, ആറ് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നത് വലിയ കാര്യമായി ഞാന്‍ കരുതുന്നു. ഇതില്‍ ഇംഗ്ലീഷും അറബിയും ഉള്‍പ്പെടുന്നു എന്നതും സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. മദിരാശിയിലെ സിനിമാ ജീവിതം, ആദ്യമൊക്കെ നിലനില്‍പ്പിന് വേണ്ടിയുള്ള സമരം തന്നെയായിരുന്നു. ദിവസങ്ങളോളം പട്ടിണി കിടന്നാലും ആഹാരം വാങ്ങിത്തരാന്‍ ആരുമുണ്ടാവില്ല. എന്നാല്‍ മദ്യപിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മദ്യപാന സദസ്സുകള്‍ സുലഭമാണ്.
ഒ.എന്‍.വി കുറുപ്പ്, പി. പത്മരാജന്‍
പ്രലോഭനങ്ങളുടെ പെരുമഴ പെയ്യുന്ന സിനിമാലോകത്ത്, ചോരത്തിളപ്പുള്ള ഒരു ചെറുപ്പക്കാരന്, നനഞ്ഞു കുതിരാതെ പിടിച്ചു നില്‍ക്കാന്‍ കഴിയുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. ഒന്നുകില്‍ ഒരു തികഞ്ഞ മദ്യപാനിയായി സര്‍ഗ്ഗസൃഷ്ടികളില്‍ മുഴുകാം, അല്ലെങ്കില്‍, പ്രലോഭനങ്ങള്‍ക്ക് വശംവദനായി, ഈ രംഗത്തെ ഏതെങ്കിലും സ്ത്രീയോടൊപ്പം ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടാം (ചിലപ്പോള്‍ ഒരു തികഞ്ഞ പരാജയമായി ആ ജീവിതത്തോട് വിട പറയാം). അല്ലെങ്കില്‍ ഈ മേഖലയ്ക്ക് യോജിക്കാത്ത ആളായി പുറന്തള്ളപ്പെടാം. ഉയരങ്ങളില്‍ എത്തിയില്ലെങ്കിലും, അന്‍പതിലധികം വര്‍ഷങ്ങള്‍ ഈ രംഗത്ത്, ലഹരിക്ക് അടിമപ്പെടാതെയും, അനാവശ്യമായ ഒരു ബന്ധത്തിലും അകപ്പെടാതെയും, ഭദ്രവും സന്തുഷ്ടവുമായ ഒരു കുടുംബ ജീവിതം കെട്ടിപ്പടുക്കാനും, ദൃശ്യമാധ്യമ രംഗത്ത് തന്നെ ചെറുതെങ്കിലും മാന്യമായ ഒരിടം നേടിയെടുക്കാനും കഴിഞ്ഞു എന്നുള്ളതില്‍ ഞാന്‍ സംതൃപ്തനാണ്.
ഇന്ന് സിനിമാരംഗത്ത് മദ്യത്തോടൊപ്പം, മാരകമായ മയക്കുമരുന്നുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, ഞാന്‍ സിനിമയില്‍ വന്ന സമയത്ത് മദ്യം മാത്രമായിരുന്നു പ്രധാന ലഹരി വസ്തു. തമിഴ്നാട്ടില്‍ മദ്യനിരോധനം ഉണ്ടായിരുന്ന കാലങ്ങളില്‍, വാറ്റും മറ്റ് അപകടകരമായ രാസ ലഹരിക്കൂട്ടുകളെയും മദ്യപന്മാര്‍ ആശ്രയിച്ചിരുന്നു. മദ്യപാനം ഒരു ശീലമായ പി.എ ബക്കറിനോടൊപ്പമാണ് ഞാന്‍ കൂടുതല്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചത്. പല സഹപ്രവര്‍ത്തകരുടെയും, ലഹരി തലയ്ക്കുപിടിച്ചുള്ള അഴിഞ്ഞാട്ടങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്, എനിക്ക് ഒരിക്കലും മദ്യത്തോട് ആസക്തി തോന്നിയിട്ടില്ല. സിനിമയിലെ ചില അവസരമോഹികള്‍ സമ്മാനമായി തരുന്ന മദ്യക്കുപ്പികള്‍ ഒന്നുകില്‍ നിരസിക്കുകയോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും സമ്മാനിക്കുകയോ ആണ് പതിവ്.
വിദ്യാര്‍ഥികള്‍ക്കിടയില്‍ മനോജ് കെ. ജയന്‍
നടന്‍ മധു സാര്‍ 'അമ്മ'യുടെയും കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെയും പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് കുട്ടികള്‍ക്ക് വേണ്ടി ഒരു അഭിനയക്കളരി സംഘടിപ്പിച്ചത്. അവിടെ പരിശീലകനായും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നിര്‍മിച്ച 'ബാലകാണ്ഡം' എന്ന സീരിയലിന്റെ സംവിധായകനായും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇടയ്ക്കിടെ മധു സാറിന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പോയി, ചര്‍ച്ച കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍, അദ്ദേഹം മേശയുടെ താഴത്തെ ഷെല്‍ഫ് തുറന്ന് ഒരു വിദേശമദ്യക്കുപ്പി എടുത്ത് മേശപ്പുറത്തു വെച്ചു.
''അയൂബ് ഇത് കൊണ്ടുപൊയ്‌ക്കോളൂ, ഞാന്‍ മദ്യപാനം നിര്‍ത്തി. ഇനി ഇതിവിടെ വെച്ചാല്‍ ശരിയാവില്ല'.
കുപ്പി എടുക്കാതെ അവിടുന്ന് ഇറങ്ങിയിരുന്നെങ്കില്‍, കുടി നിര്‍ത്തിയ മധു സാറിന്, ഏകാന്ത വേളകളില്‍ വീണ്ടും അതെടുത്തു കുടിക്കാനുള്ള പ്രലോഭനം ഉണ്ടാകും. അതുകൊണ്ട് ഞാന്‍ മദ്യക്കുപ്പിയും എടുത്തു പുറത്തിറങ്ങി. പിന്നെ ഇത് എന്തു ചെയ്യും എന്നായി ചിന്ത. നടന്‍ പൂജപ്പുര രാധാകൃഷ്ണനെ വിളിച്ചു. ഒരു കുപ്പി വിദേശമദ്യം ഉണ്ട്, വേണമെങ്കില്‍ വന്നു കൊണ്ടുപൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.
''ഏതാണ് ബ്രാന്‍ഡ്?'' -രാധാകൃഷ്ണന്‍ ചോദിച്ചു.
''ബ്രാന്‍ഡൊന്നും എനിക്കറിയില്ല. ഒരു വലിയ താരം സമ്മാനിച്ചതാണ്. അതുകൊണ്ട് മുന്തിയത് ആവാനേ തരമുള്ളു. വേണമെങ്കില്‍ വീട്ടിലേക്കു വാ'' -ഞാന്‍ പറഞ്ഞു.
ഒട്ടും താമസിയാതെ രാധാകൃഷ്ണന്‍ ഓടിയെത്തി. സന്തോഷത്തോടെ കുപ്പിയും കൊണ്ട് പോയി.
മധു സാര്‍ കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റും നടി മല്ലിക സുകുമാരന്‍ സെക്രട്ടറിയും ആയിരുന്നു. ഈ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനതപുരം ടാഗോര്‍ തിയേറ്ററില്‍ നടത്തിയ ഒരു പരിപാടിയില്‍ അവതാരകനായി അരങ്ങേറിയത് അന്ന് സ്‌കൂള്‍ വിദ്യാര്‍ഥി ആയിരുന്ന പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു.
മറ്റൊരിക്കല്‍, ദൃശ്യം-2 എന്ന സിനിമയുടെ തെലുങ്ക് റീമേക്കില്‍ അഭിനയിക്കാനായി ഹൈദരാബാദില്‍ പോയപ്പോള്‍, ട്രൈഡന്റ് എന്ന നക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് രാത്രി റൂമില്‍ എത്തി. കുളി കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ കോളിങ് ബെല്‍ മുഴങ്ങി. വാതില്‍ തുറന്നപ്പോള്‍ ഒരു ട്രോളിയില്‍ മദ്യക്കുപ്പിയും ഗ്ലാസും മറ്റ് അനുബന്ധ സാമഗ്രികളുമായി ഒരു വെയ്റ്റര്‍ !
''എന്താ ?'' ഞാന്‍ ചോദിച്ചു.
''സാറിന് വേണ്ടി കൊണ്ടുവന്നതാണ് ?'' അയാള്‍ പറഞ്ഞു.
''ഞാന്‍ ഓര്‍ഡര്‍ ചെയ്തില്ലല്ലോ''
''ഇല്ല, പക്ഷെ സാറിന് തരാന്‍ പറഞ്ഞു''
''ആരാ കൊടുത്തയച്ചത്?''
''അതറിയില്ല, എന്നോട് ഇതിവിടെ ഡെലിവര്‍ ചെയ്യാന്‍ മേലുദ്യോഗസ്ഥന്‍ പറഞ്ഞു''
''ഞാന്‍ മദ്യം കഴിക്കില്ല. ഇത് തിരിച്ചു കൊണ്ടുപോയ്‌ക്കോളൂ.''
അയാള്‍ ഒരു മിനിട്ട് ആലോചിച്ചു നിന്നിട്ടു തിരിച്ചു പോയി.
എന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ട മദ്യോപഹാരങ്ങള്‍ നിരസിച്ച സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ധാരാളം ഉണ്ടായിട്ടുണ്ട്. കൂടെത്താമസിക്കാന്‍ ക്ഷണിച്ച ഒരു മദാലസ നടിയുടെ ക്ഷണം നിരസിച്ചതും, വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ ദുരൂഹമായ അന്ത്യവുമൊക്കെ ഞാന്‍ നേരത്തെ എഴുതിയിട്ടുണ്ട്.
1985ല്‍ സ്ഥാപിതമായ സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിന്റെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ സജീവമാണ്. അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന ടി.എം ജേക്കബാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്. പ്രിന്‍സിപ്പല്‍ തിക്കുറിശ്ശി സുകുമാരന്‍ നായരെക്കൂടാതെ മലയാള സിനിമാ, സാഹിത്യ, കലാ മേഖലകളിലെ അതികായന്മാരായ ഒ.എന്‍.വി കുറുപ്പ്, പി. പദ്മരാജന്‍, ടി.എന്‍ ഗോപിനാഥന്‍ നായര്‍, ഗുരു ഗോപിനാഥ് എന്നിവര്‍ ആ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. പ്രഭാകരന്‍ മുത്താന ആയിരുന്നു സ്ഥാപനത്തിന്റെ ഡയറക്ടര്‍.
തിക്കുറിശ്ശി സുകുമാരന്‍ നായര്‍
അവിടെ പഠിച്ച അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അതിന്റെ 40ാം വാര്‍ഷികം ആഘോഷിച്ചു ജനുവരി അവസാന വാരം. അവരില്‍ പലരും ഇന്ന് പ്രശസ്തരായ അഭിനേതാക്കളും പ്രഗത്ഭരായ സംവിധായകരും തിരക്കഥാകൃത്തുക്കളും ക്യാമറാമാന്മാരുമൊക്കെയാണ്. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയുടെ തൊട്ടടുത്തായി സ്ഥാപിക്കപ്പെട്ട ആ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് ഇല്ല. കേരളത്തില്‍ നിന്ന് മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ഥികള്‍ ഈ സ്ഥാപനത്തില്‍ പഠിച്ചിറങ്ങിയിട്ടുണ്ട്. പക്ഷെ ഇത്രയധികം പ്രഗത്ഭരായ സിനിമാ പ്രവര്‍ത്തകരെ സമ്മാനിച്ച ആ സ്ഥാപനം വിസ്മൃതിയില്‍ വിലയിക്കാന്‍ പാടില്ല എന്ന ആഗ്രഹം കൊണ്ടാണ്, ഇതേവരെ ആ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഒത്തുകൂടി ആ ഓര്‍മ്മകളെ സജീവമാക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടേണ്ട ഒരു പേരാണ് സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. പ്രിന്‍സിപ്പല്‍ ആയിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അധ്യാപകരായിരുന്ന കെ.കെ ചന്ദ്രന്‍, ജമീല മാലിക് എന്നിവര്‍ ഇന്നീ ലോകത്തില്ല. ആദ്യകാലം മുതല്‍ അവിടെ അധ്യാപകനായിരുന്ന ഞാന്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്ന സ്ഥാപക അധ്യാപകന്‍. നിരവധി നല്ല സിനിമകളിലൂടെയും സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങളിലൂടെയും മലയാള സിനിമയെ ധന്യമാക്കിയ എന്റെ വിദ്യാര്‍ഥികളെ ഓര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു. സിനിമയില്‍ കഴിഞ്ഞ 55 വര്‍ഷം കൊണ്ട് എന്തു നേടി എന്ന് ചോദിച്ചാല്‍ വിപുലമായ ഒരു ശിഷ്യസമ്പത്ത് എന്ന് ഞാന്‍ പറയും. അവരാണെന്റെ ജീവിതത്തെ ധന്യമാക്കിയത്. ഞാന്‍ പകര്‍ന്നു കൊടുത്ത അറിവിലൂടെ അവരുടെ ജീവിതവും മലയാള സിനിമയും ധന്യമായി !