'വോയ്‌സ് ഓഫ് ഹിന്ദ് റജബ്' സിനിമക്ക് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നല്‍കിയില്ല; ഇസ്രായേല്‍ ബന്ധം വഷളാകുമോയെന്ന കാരണത്താലെന്ന് വിതരണക്കാര്‍

ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് അനുമതി നല്‍കാത്തതെന്ന് സെന്‍സര്‍ ബോര്‍ഡിലെ അംഗം പറഞ്ഞതായി വിതരണക്കാര്‍

Update: 2026-03-20 13:53 GMT

ന്യൂഡല്‍ഹി: ഇസ്രായേല്‍ സൈനികര്‍ കൊലപ്പെടുത്തിയ അഞ്ചുവയസുള്ള ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങള്‍ വിവരിക്കുന്ന 'വോയ്‌സ് ഓഫ് ഹിന്ദ് റജബ്' സിനിമക്ക് രാജ്യത്ത് പ്രദര്‍ശനാനുമതി നല്‍കിയില്ല. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് (സിബിഎഫ്‌സി) സിനിമക്ക് അനുമതി നല്‍കിയില്ലെന്ന് ഇന്ത്യയിലെ വിതരണക്കാരായ മുംബൈയിലെ ജയ് വിരാട്ര എന്റര്‍ടെയിന്‍മെന്റിന്റെ ഉടമ മനോജ് നന്ദ്വാന പറഞ്ഞു. സിനിമ വൈകാരികതയുയര്‍ത്തുന്നതാണെന്നും ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് അനുമതി നല്‍കാത്തതെന്നും സെന്‍സര്‍ ബോര്‍ഡിലെ അംഗം അനൗദ്യോഗികമായി പറഞ്ഞതായി വിതരണക്കാര്‍ പറയുന്നു.

Advertising
Advertising

മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഓസ്‌കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രം ഫ്രഞ്ച് ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹനിയയാണ് സംവിധാനം ചെയ്തത്. 82ാം വെനീസ് ചലിച്ചിത്രമേളയില്‍ സില്‍വര്‍ ലയണ്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിട്ടുണ്ട്.

ഫെബ്രുവരിയിലാണ് സിനിമ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ അനുമതിക്കായി നല്‍കിയതെന്ന് മനോജ് നന്ദ്വാന പറഞ്ഞു. മാര്‍ച്ച് 16ന് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിനാല്‍ മാര്‍ച്ച് ആറിന് റിലീസ് ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സിനിമക്ക് അനുമതി ലഭിച്ചില്ല. ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ സിനിമ ബാധിക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അദ്ദേഹം പറയുന്നു.

'ഇന്ത്യ-ഇസ്രായേല്‍ ബന്ധം ശക്തമാണെന്നും ഒരു സിനിമ കൊണ്ട് തകരുന്നതാണെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നും ഞാന്‍ അവരോട് പറഞ്ഞു. ഇസ്രായേലുമായി അടുത്ത ബന്ധമുള്ള യുഎസ്, യുകെ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്' -മനോജ് നന്ദ്വാന പറഞ്ഞു.

ഗസ്സയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത ഏറെ ചര്‍ച്ചചെയ്യാനിടയാക്കിയ സംഭവമായിരുന്നു ഹിന്ദ് റജബിന്റെ കൊലപാതകം. 2024 ജനുവരി 29നായിരുന്നു സംഭവം. ഗസ്സ സിറ്റിയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ സൈന്യം അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് ആളുകള്‍ ഒഴിഞ്ഞുപോകുകയായിരുന്നു. അമ്മാവനും അമ്മായിക്കും അഞ്ചു ബന്ധുക്കള്‍ക്കുമൊപ്പമാണ് ഹിന്ദ് യാത്ര ചെയ്തത്. യാത്രക്കിടെ ഇസ്രായേല്‍ സൈന്യം ഇവരെ തടയുകയും കാറിന് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്നവര്‍ രക്ഷക്കായി ബന്ധുക്കളെ ഫോണില്‍ വിളിച്ചു. ഇവര്‍ ഫലസ്തീന്‍ റെഡ് ക്രസന്റുമായി ബന്ധപ്പെട്ടു. അതിനിടെ വെടിവെപ്പില്‍ ഹിന്ദ് റജബ് ഒഴികെ ബന്ധുക്കളെല്ലാം കൊല്ലപ്പെട്ടു. റെഡ് ക്രസന്റ് സംഘം വിളിച്ചപ്പോള്‍ കാറില്‍ റജബ് മാത്രമായിരുന്നു ജീവനോടെയുണ്ടായിരുന്നത്. മരണത്തെ മുഖാമുഖം കണ്ടുനിന്ന ആ കുഞ്ഞുമായി മൂന്നുമണിക്കൂറോളം റെഡ് ക്രസന്റ് സംഘം സംസാരിച്ചു. ഹിന്ദിനെ രക്ഷിക്കാനായി ഇവര്‍ ആംബുലന്‍സ് സംഘത്തെ സ്ഥലത്തേക്ക് അയക്കുകയും ചെയ്തു.

അതിനിടെ റെഡ് ക്രസന്റ് സംഘം റജബിന്റെ ഉമ്മയെ ബന്ധപ്പെടുകയും മകളുമായി സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. ഉമ്മയുടെ ശബ്ദം കേട്ടതോടെ അവള്‍ നിര്‍ത്താതെ കരഞ്ഞു. 'ഫോണ്‍ കട്ട് ചെയ്യല്ലേ' എന്ന് അവള്‍ അപേക്ഷിച്ചുകൊണ്ടിരുന്നു. ആംബുലന്‍സ് സംഘം അടുത്തെത്തിയെന്ന് ഹിന്ദ് പറഞ്ഞതിന് പിന്നാലെ ഫോണ്‍ കട്ടാവുകയായിരുന്നു. ഹിന്ദ് റജബിനെയും രക്ഷിക്കാനെത്തിയ ആംബുലന്‍സിലെ ഡ്രൈവര്‍മാരായ യൂസുഫിനെയും അഹ്മദിനെയും ഇസ്രായേല്‍ സൈന്യം നിഷ്‌കരുണം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 10 ദിവസത്തിന് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. റെഡ് ക്രസന്റുമായും ഉമ്മയുമായും ഹിന്ദ് റജബ് ഫോണില്‍ സംസാരിച്ചതൊക്കെയും റെക്കോഡ് ചെയ്തിരുന്നു. ഇത് പിന്നീട് പുറത്തുവിട്ടു. മരണമുഖത്തു നിന്ന് രക്ഷിക്കണേയെന്ന് കരഞ്ഞ് അഭ്യര്‍ഥിക്കുന്ന ഹിന്ദ് റജബിന്റെ വാക്കുകള്‍ കേട്ടവരുടെയെല്ലാം നെഞ്ചുലച്ചു. ഇസ്രായേല്‍ സൈന്യത്തിന്റെ കൊടുംക്രൂരതകളുടെ പര്യായമായി ഹിന്ദ് റജബിന്റെ കൊലപാതകം.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News