'സുരേഷ് ഗോപിയെ എനിക്കിഷ്ടമാണ്, പക്ഷെ അയാളുടെ പാര്‍ട്ടിയെ ഇഷ്ടമല്ല': ശ്രീനിവാസൻ

അടിസ്ഥാനപരമായി താൻ ജനാധിപത്യത്തിന് എതിരാണ്, ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടം പോലെ പഴുതുണ്ട്.

Update: 2024-04-26 07:32 GMT
Editor : anjala | By : Web Desk

ശ്രീനിവാസൻ

Advertising

കൊച്ചി: അടിസ്ഥാനപരമായി താൻ ജനാധിപത്യത്തിന് എതിരാണെന്ന് നടൻ ശ്രീനിവാസൻ. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ട്. ആരു ജയിച്ചാലും അവർ ജനത്തിന് എതിരാണ്. ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവും ഇല്ല. സുരേഷ് ഗോപിയെ എനിക്കിഷ്ടമാണ്, പക്ഷെ അയാളുടെ പാര്‍ട്ടിയെ ഇഷ്ടമല്ല. തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് സോക്രട്ടീസ് മരിച്ചേനെയെന്നും ശ്രീനിവാസൻ പറഞ്ഞു.

‘‘ഏത് പാർട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കും. ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ട്. അതുകൊണ്ടാണ് എനിക്ക് താൽപര്യമില്ലാത്തത്. ജനാധിപത്യത്തിന്റെ ആദ്യ മോഡൽ ഉണ്ടായത് ഗ്രീസിലാണെന്ന് പറ‍ഞ്ഞു. നമ്മളേക്കാൾ ബുദ്ധിയുണ്ടെന്ന് കരുതുന്ന സോക്രട്ടീസ് അന്ന് പറഞ്ഞത്, കഴിവുള്ളവരെ ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നു, പക്ഷേ ഈ വോട്ട് ചെയ്യുന്നവർക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്. അതു തന്നെയാണ് പ്രശ്നം. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട്, വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. വിലകൂടിയ വിഷം കഴിക്കുന്നത് ആർഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്.

Full View

ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല. ഞാൻ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ മോശമായിട്ട് പറഞ്ഞപ്പോൾ, ദുബായിൽ നിന്ന് ലീവിനു വന്ന ഒരാൾ ചോദിച്ചു, എന്തെങ്കിലും ഒരു വ്യവസ്ഥിതിയില്ലാതെ എങ്ങനെ ശരിയാകുമെന്ന്. ഞാൻ പറഞ്ഞു, ദുബായിൽ നിന്ന് വന്ന ഒരാൾ എന്നോട് ഇങ്ങനെ ചോദിക്കരുത്. ദുബായിലുള്ള ഭരണാധികാരി ജനാധിപത്യ വിശ്വാസിയാണോ? ഏതെങ്കിലും പാർട്ടിയുടെ ആളാണോ? ഒന്നുമല്ലല്ലോ. നാടിനോടും ജനങ്ങളോടും അൽപം സ്നേഹം വേണം.’’ ശ്രീനിവാസൻ പറഞ്ഞു.

"സുരേഷ് ​ഗോപി എനിക്ക് വ്യക്തിപരമായി ഇഷ്ടമുളള ആളാണ്. പക്ഷെ, അദ്ദേഹത്തിന്റെ പാർട്ടിയോടൊന്നും എനിക്ക് താത്പര്യമില്ല" ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News