ബിഗീലിന് വിജയകരമായ പാക്കപ്പ്; അണിയറ പ്രവര്‍ത്തകര്‍ക്ക് 400 സ്വര്‍ണ മോതിരങ്ങള്‍ നല്‍കി ഇളയ ദളപതി

ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ എ.ജി.എസ് സിനിമാസിന്റെ അര്‍ച്ചന കല്‍പതിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്

Update: 2019-08-14 07:18 GMT
Advertising

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇളയ ദളപതി നായകനാകുന്ന ബീഗില്‍. സ്പോര്‍ട്സ് പ്രമേയമായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ വിജയ് ബീഗില്‍ ടീമിന് നല്‍കിയ സമ്മാനം കണ്ട് അന്തംവിട്ടിരിക്കുകയാണ് തമിഴ് സിനിമാ ലോകം. 400 പേരടങ്ങുന്ന ടീമിന് ബീഗില്‍ എന്നെഴുതിയ സ്വര്‍ണമോതിരങ്ങളാണ് താരം സമ്മാനിച്ചത്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ എ.ജി.എസ് സിനിമാസിന്റെ അര്‍ച്ചന കല്‍പതിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ''400 പേരടങ്ങുന്ന ഒരു ടീമാണ് ബീഗിലിന് വേണ്ടി പ്രവര്‍ത്തിച്ചത്. ചിത്രത്തിന് വേണ്ടി ഓരോരുത്തരും ചെയ്ത സംഭാവനയെ ഞങ്ങളുടെ ദളപതി ശരിക്കും വിലമതിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്നേഹം ഞങ്ങളുടെ ദിവസത്തെ ധന്യമാക്കി'' അര്‍ച്ചന ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുയാണെന്നും അര്‍ച്ചന പറഞ്ഞു.

തെരി, മെഴ്സല്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആറ്റ്‍ലിയും വിജയും ഒന്നിക്കുന്ന ചിത്രമാണ് ബീഗില്‍. വിജയ് ഫുട്ബോള്‍ പരിശീലകനായി എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഫുട്ബോള്‍ താരമായിട്ടാണ് നയന്‍സുമെത്തുന്നത്. വിവേക്, കതിര്‍, ജാക്കി ഷറോഫ്, ഡാനിയേല്‍ ബാലാജി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫുട്ബോള്‍ താരം ഐ.എം വിജയനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എ.ആര്‍ റഹ്മാനാണ് സംഗീതം. ചിത്രം ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.

Tags:    

Similar News