ചോക്ലേറ്റ് ബോയ് ഇമേജ് പൊളിച്ചടുക്കി നസ്ലെൻ; ‘സീൻ’ സിനിമയിൽ ഡാർക്ക് വില്ലൻ, ക്യാരക്ടർ പ്രൊമോ പുറത്ത്
മലയാളികളുടെ പ്രിയതാരം നസ്ലെൻ ഇനി തമിഴിലും വില്ലൻ വേഷത്തിൽ
മലയാളികളുടെ പ്രിയതാരം നസ്ലെൻ ഇനി തമിഴിലും വില്ലൻ വേഷത്തിൽ. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യയുടെ പുതിയ ചിത്രം ‘സീൻ’ എന്ന സിനിമയിൽ ഇതുവരെ കാണാത്ത ഡാർക്ക് ലുക്കിലാണ് താരം എത്തുന്നത്. നസ്ലെന്റെ തമിഴ് അരങ്ങേറ്റം കൂടിയായ ചിത്രത്തിലെ ‘ഈശ്വരൻ’ എന്ന കഥാപാത്രത്തിന്റെ പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
‘വികാരങ്ങളില്ലാത്ത, മനുഷ്യത്വമില്ലാത്ത വേട്ടക്കാരൻ’ എന്നാണ് നസ്ലെന്റെ കഥാപാത്രത്തെ പ്രൊമോയിൽ വിശേഷിപ്പിക്കുന്നത്. പശ്ചാത്തലത്തിൽ മൃതദേഹം തൂങ്ങിക്കിടക്കുമ്പോൾ യാതൊരു ഭാവമാറ്റവുമില്ലാതെ ഇൻസ്റ്റഗ്രാം സ്ക്രോൾ ചെയ്യുന്ന നസ്ലെനിലൂടെയാണ് പ്രൊമോ തുടങ്ങുന്നത്. പിന്നാലെ, ഒരു കെമിസ്ട്രി പരീക്ഷണത്തെക്കുറിച്ച് ശാന്തമായി സംസാരിക്കുന്ന കഥാപാത്രം പ്രേക്ഷകരിൽ ഭീതിയുണർത്തുന്നു.
സൂര്യ അവതരിപ്പിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥൻ ഡിഎസ്പി ഇൻബരാജും പ്രൊമോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തങ്ങൾ അന്വേഷിക്കുന്ന കൊലയാളി മുഖമില്ലാത്ത, വികാരങ്ങളില്ലാത്ത ക്രൂരനായ വേട്ടക്കാരനാണെന്നാണ് ഇൻബരാജിന്റെ വിശേഷണം.
സൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പ്രൊമോ പങ്കുവെച്ച് നസ്ലെനെ തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്തത്. ‘പ്രേമലു’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നസ്ലെന്റെ പതിവ് ചോക്ലേറ്റ് ബോയ് ഇമേജിൽനിന്നുള്ള മാറ്റം ആരാധകരിലും കൗതുകമുണർത്തുന്നു.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. ചിത്രം നവംബർ ആറിന് തിയറ്ററുകളിലെത്തും.