സിനിമാപ്രേമികള്‍ക്ക് ചാകര; ഓണക്കാലത്ത് ഒടിടിയില്‍ കാണാം പുത്തന്‍ മലയാള സിനിമകള്‍

തിയറ്ററില്‍ കാണാന്‍ കഴിയാതെ പോയ സിനിമകള്‍ വീട്ടിലിരുന്ന് കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്

Update: 2026-08-19 11:45 GMT

ഓണക്കാലത്ത് നിരവധി പുതിയ മലയാള സിനിമകളാണ് വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ഒടിടി റിലീസിനെത്തുന്നത്. പൃഥ്വിരാജ്-പാര്‍വതി ത്രില്ലര്‍ ചിത്രം 'ഐ, നോബഡി', കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ഒന്നിച്ച പൊലീസ് സ്റ്റോറി 'ഉന്മാദം' എന്നിവയാണ് റിലീസുകളില്‍ പ്രധാനപ്പെട്ടത്. കാട്ടാളന്‍, ഉയിര്‍, അരൂപി, അച്യുത അവതാരം എന്നീ സിനിമകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ഒടിടിയില്‍ റിലീസ് ചെയ്തിട്ടുണ്ട്. തിയറ്ററില്‍ കാണാന്‍ കഴിയാതെ പോയ സിനിമകള്‍ വീട്ടിലിരുന്ന് കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.

 

പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തിയ 'ഐ, നോബഡി' ആഗസ്റ്റ് 25 മുതലാണ് ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുക. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം അപകടകരമായ ഒരു ക്രിമിനല്‍ സാഹചര്യത്തില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് ജീവിതം താറുമാറാകുന്ന ഒരു സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്റെ കഥയാണ് പറയുന്നത്. ഹക്കിം ഷാജഹാന്‍, അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Advertising
Advertising

 

കുഞ്ചാക്കോ ബോബന്‍ നായകനായ 'ഉന്മാദം' ആണ് പട്ടികയിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്ന്. കിരണ്‍ ദാസ് സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ ലിജോമോള്‍ ജോസ്, സിദ്ദിഖ്, സാബുമോന്‍ അബ്ദുസമദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സോണി ലിവാണ് ചിത്രം ഒടിടിയിലെത്തിക്കുന്നത്. എന്നാല്‍ നിലവില്‍ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ വരുന്ന ആഴ്ചയില്‍ തന്നെ ഒടിടി തീയതി പ്രഖ്യാപിക്കുമെന്നാണ് വിവരം. 

 

ആന്റണി വര്‍ഗീസ് നായകനായി അഭിനയിച്ച 'കാട്ടാളന്‍' ഒടിടി സ്ട്രീമിങ് ആഗസ്റ്റ് 13 മുതല്‍ ആരംഭിച്ചിട്ടുണ്ട്. മനോരമ മാക്‌സ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ഈ ചിത്രം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ജോബി വര്‍ഗീസ്, പോള്‍ ജോര്‍ജ്, ജെറോ ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരന്‍ ഉണ്ണി ആര്‍ ആണ് ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

 

ഹൊറര്‍ ചിത്രമായ അരൂപി ആഗസ്റ്റ് 13 മുതല്‍ ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങി. ജൂലൈ മൂന്നിന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. മനോരമ മാക്‌സിലൂടെയും ചിത്രം ലഭ്യമാണ്. വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വര്‍മ്മ, അഭിലാഷ് വാര്യര്‍, കിരണ്‍ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണന്‍ സാഗര്‍, എ കെ വിജുബാല്‍, നെബു എബ്രഹാം തുടങ്ങിയവരാണ് അഭിനേതാക്കള്‍. 

 

യുവ താരനിരയെ അണിനിരത്തി കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്ത 'അച്യുത അവതാരം' ആഗസ്റ്റ് 13ന് ഒടിടിയില്‍ എത്തി. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിംഗ്. കേരളത്തില്‍ ആദ്യ വാരം തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ കൂടി തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. സൈബര്‍ ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം റെയ്റ വെഞ്ചേഴ്സിന്റെ ബാനറില്‍ രമേശ സി, രുദ്രമൂര്‍ത്തി, രാജേഷ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. 

 

പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമായ 'ഉയിര്‍' ആഗസ്റ്റ് നാലിന് ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. റോഷന്‍ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതിയകരണമാണ് ഒടിടിയിലും ലഭിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News