കാലങ്ങളായി കാതോരമുണ്ട് ആ നാദം...

സംഗീതത്തിന്‍റെ പൂര്‍ണതയെന്താണെന്ന് ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാന്‍ നമുക്കൊരു ഗായകനുണ്ട്

Update: 2022-01-10 03:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

കാലങ്ങളായി എവിടേക്കും ഒഴുകാതെ കാതുകളെ കെട്ടിയിട്ടുകൊണ്ടിരിക്കുന്ന നാദം..സംഗീതത്തിന്‍റെ പൂര്‍ണതയെന്താണെന്ന് ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാന്‍ നമുക്കൊരു ഗായകനുണ്ട്.. ഗന്ധര്‍വ്വഗായകന്‍. കേട്ടാലും കേട്ടാലും മതിവരാത്ത മധുരശബ്ദത്തില്‍ കാട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസ് കഴിഞ്ഞ 60 വര്‍ഷങ്ങളായി പിന്നണിയില്‍ പാടിക്കൊണ്ടിരിക്കുകയാണ്.

''ഗാനഗന്ധര്‍വ്വന്‍റെ ആരാധകനാണ് ഞാന്‍. ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ യേശുദാസിനെപ്പോലൊരു ഗായകനാകണം എന്നാണ് എന്‍റെ ആഗ്രഹം'' ഒരിക്കല്‍ മമ്മൂട്ടി പറഞ്ഞു. അല്ലെങ്കിലും ഗന്ധര്‍വ്വനാദത്തിന്‍റെ ആരാധകരല്ലാത്ത ആരാണീ ഭൂമിയിലുള്ളത്. ഒരിക്കലെങ്കിലും ആ പാട്ട് കേള്‍ക്കാത്തവരുണ്ടോ. അരനൂറ്റാണ്ടിലധികം വരുന്ന സംഗീതയാത്രയില്‍ മലയാളം,തമിഴ്‌,തെലുങ്ക്,ഹിന്ദി,കന്നഡ,ബംഗാളി,ഒഡിയ,മറാത്തി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലായി 50000ല്‍ അധികം ഗാനങ്ങള്‍ക്ക് യേശുദാസ് തന്‍റെ മാന്ത്രികശബ്ദം പകര്‍ന്നിട്ടുണ്ട്. 1961ല്‍ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ 'ജാതിഭേദം മതദ്വേഷം' എന്ന പാട്ടില്‍ നിന്നും ഈയിടെ പുറത്തിറങ്ങിയ കേശു ഈ വീടിന്‍റെ നാഥന്‍ എന്ന സിനിമയിലെ പുന്നാരപ്പൂങ്കാട്ടില്‍ എന്ന ഗാനത്തിലെത്തുമ്പോള്‍ ആ ഗന്ധര്‍വ്വനാദത്തിന്‍റെ മാധുര്യം ഒട്ടും കുറഞ്ഞിട്ടില്ല.

1961ന് ശേഷം മലയാളിക്ക് ഗായകനെന്നാല്‍ യേശുദാസായിരുന്നു. അദ്ദേഹത്തിന്‍റെ പാട്ടില്ലാത്ത ഒരു സിനിമപോലും അക്കാലങ്ങളില്‍ പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ 80കളുടെ അവസാനത്തോടെ യേശുദാസ് ഒരു തീരുമാനമെടുത്തു. സംഗീതലോകത്തെ ഒന്നാകെ നിരാശയിലാഴ്ത്തുന്ന തീരുമാനമൊന്നായിരുന്നു. തനിക്ക് കിട്ടുന്ന പാട്ടുകള്‍ എല്ലാം പാടുന്നില്ലെന്നായിരുന്നു തീരുമാനം. സംഗീത സംവിധായകർക്ക് അവസരം കുറഞ്ഞതാണ് കാരണങ്ങളിൽ ഒന്ന്. സിനിമാ ഗാനങ്ങൾ പരമാവധി ഒഴിവാക്കി കച്ചേരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനം. അടുത്ത 10 വർഷത്തേക്ക് തരംഗിണി സ്‌റ്റുഡിയോയ്‌ക്ക് വേണ്ടി മാത്രമേ പാടൂ എന്നും യേശുദാസ് തീരുമാനിച്ചു. ഈ സമയത്താണ് മോഹൻലാൽ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ പ്രണവം ആർട്‌സ് ആരംഭിക്കുന്നത്.

പ്രണവം ആർട്‌സിന്‍റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കാൻ രവീന്ദ്രൻ മാഷിനെയാണ് സമീപിച്ചത്. യേശുദാസിനോട് രവീന്ദ്രൻ കാര്യം പറഞ്ഞെങ്കിലും അദ്ദേഹം പാടാൻ തയ്യാറായില്ല. തരംഗിണിക്ക് വേണ്ടി മാത്രമേ താൻ പാടുന്നുള്ളുവെന്നും മറ്റൊരു ബാനറിനായി പാടുന്നില്ലെന്നും തീര്‍ത്തുപറഞ്ഞു. ദാസേട്ടൻ പാടുന്നില്ലെങ്കിൽ താൻ മറ്റുവല്ല പണിക്കും പോകുമെന്നായി രവീന്ദ്രൻ. ചിത്രത്തിലെ ചില പാട്ടുകൾക്ക് ഈണമിട്ടിട്ടുണ്ടെന്നും ഒന്നുകേൾക്കണമെന്നുമുള്ള രവീന്ദ്രന്‍റെ നിർബന്ധത്തിന് ഒടുവിൽ യേശുദാസ് വഴങ്ങുകയായിരുന്നു. പാട്ടുകൾ കേട്ടുകഴിഞ്ഞപ്പോൾ യേശുദാസിന്‍റെ മുഖം തെളിഞ്ഞു. അങ്ങനെയാണ് ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ സുന്ദര ഗാനങ്ങൾ പിറന്നത്. യേശുദാസ് എന്ന ഗായകനെ ഊറ്റിയെടുത്ത സംഗീതസംവിധായകനാണ് രവീന്ദ്രനെന്ന വിമര്‍ശനവും അക്കാലത്തുണ്ടായിരുന്നു.

യേശുദാസ് പാടിയ പാട്ടുകള്‍ പോലെയായിരുന്നു അദ്ദേഹം സംഗീതം നല്‍കിയ പാട്ടുകളും. രണ്ടിനും ഒരേ മധുരം. എല്ലാവരും യേശുദാസിന്‍റെ പാട്ടുകള്‍ പാടിനടക്കുമ്പോള്‍ ദാസിന് മുഹമ്മദ് റഫിയുടെ പാട്ടുകളോടായിരുന്നു ആരാധന. തുടക്കകാലത്ത് അദ്ദേഹത്തെ പോലെ പാടണമെന്നായിരുന്നു ആഗ്രഹം. നാടകനടനും ഗായകനുമായ പിതാവുമായ അഗസ്റ്റിന്‍ ജോസഫിന്‍റെ സ്വാധീനം യേശുദാസിലുണ്ടായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്‍റെ മതചിന്തകളെയും സ്വാധീനിച്ചത്. യേശുദാസ് എന്ന പേരുമാറ്റണമെന്ന് പലരും പറഞ്ഞപ്പോഴും അതുമാറ്റാതെ കിട്ടുന്ന പാട്ടുകള്‍ മതിയെന്ന നിലപാടായിരുന്നു അഗസ്റ്റിന്‍ ജോസഫിന്. ആ സ്വരമാധുര്യത്തിനു മുന്നില്‍ പേരും മതവും ജാതിയുമൊന്നും ഒരു പ്രശ്നമായിരുന്നില്ല. സംഗീതത്തിനായി അര്‍പ്പിച്ചൊരു ജീവിതം കൊണ്ടു അദ്ദേഹം തന്നിലെ ഗായകനെ മുഴുവന്‍ ലോകത്തിനു നല്‍കി. ഇന്നും എപ്പോഴും കേട്ടുകൊണ്ടിരിക്കാന്‍ തോന്നുന്ന ശബ്ദമായി യേശുദാസ് മാറുന്നതും അതുകൊണ്ടാണ്...

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News