സൂര്യയും മമിതയും തമ്മിൽ 20 വയസിന്‍റെ പ്രായവ്യത്യാസം; 42കാരനും 22കാരിയും തമ്മിലുള്ള പ്രണയം കല്ലുകടിയാകുമോ?

സഞ്ജയ് വിശ്വനാഥ് എന്ന 42 വയസ്സുകാരനായ അന്താരാഷ്ട്ര പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യനായിട്ടാണ് സൂര്യ എത്തുന്നത്

Update: 2026-07-31 08:58 GMT

ചെന്നൈ: തെന്നിന്ത്യൻ സൂപ്പര്‍താരം സൂര്യയുടെ നായികയായി മലയാളി നടി മമിത ബൈജു അഭിനയിക്കുന്ന ചിത്രമാണ് ' വിശ്വനാഥ് ആൻഡ് സൺസ്'. റിലീസിന് മുൻപ് തന്നെ നായകനും നായികയും തമ്മിലുള്ള 20 വയസിന്‍റെ പ്രായവ്യത്യാസം ചര്‍ച്ചയായിരിക്കുകയാണ്. എന്നാൽ പ്രായവ്യത്യാസം മറച്ചുവയ്ക്കാതെ വ്യക്തമായി അവതരിപ്പിക്കണമെന്നത് തന്റെ ആശയമല്ലെന്നും, സൂര്യ തന്നെയാണ് അത്തരമൊരു നിർദേശം മുന്നോട്ടുവെച്ചതെന്നും സംവിധായകൻ വെങ്കി അറ്റ്‌ലൂരി വെളിപ്പെടുത്തി.

"സൂര്യയുടെ  പ്രേക്ഷകർ മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു കുടുംബനാഥന്‍റെ വേഷമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 'ഗജിനി'യിലെ ഫ്ലാഷ്ബാക്ക് രംഗങ്ങൾ പോലെയായിരിക്കും ചിത്രത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം." നടി മമിത ബൈജുവിനെ 'നാച്ചുറൽ' ആക്ടർ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, മിക്ക രംഗങ്ങളും ഒറ്റ ടേക്കിലാണ് മമിത പൂർത്തിയാക്കിയതെന്നും കൂട്ടിച്ചേർത്തു.

Advertising
Advertising

സഞ്ജയ് വിശ്വനാഥ് എന്ന 42 വയസ്സുകാരനായ അന്താരാഷ്ട്ര പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യനായിട്ടാണ് സൂര്യ എത്തുന്നത്. മാഡി എന്ന 22 വയസുകാരിയെ മമിത ബൈജുവും അവതരിപ്പിക്കുന്നു. എന്നാൽ ഇതൊരു സ്പോര്‍ട്സ് ഡ്രാമയല്ലെന്നും അറ്റ്‌ലൂരി വ്യക്തമാക്കി. "സിനിമയിലെ പിസ്റ്റൾ ഷൂട്ടിംഗ് എന്നത് രണ്ടാമതൊരു ലെയർ (തലം) മാത്രമാണ്. സഞ്ജയ് വിശ്വനാഥും മാഡിയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം," അദ്ദേഹം പറഞ്ഞു.

പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള 20 വയസ്സിന്റെ പ്രായവ്യത്യാസമാണ് കഥയിലെ ഏറ്റവും ചർച്ചാവിഷയമാകുന്ന ഘടകമെന്ന് തുറന്നുപറഞ്ഞ വെങ്കി അറ്റ്‌ലൂരി, ചിത്രം അത് മറച്ചുവെക്കാൻ ശ്രമിക്കുന്നില്ലെന്നും വ്യക്തമാക്കി. "20 വയസിന്‍റെ പ്രായവ്യത്യാസം ചിലർക്ക് ഒരു ഫാന്‍റസിയും മറ്റു ചിലർക്ക് അതൊരു നിഷിദ്ധമായ കാര്യവുമായിരിക്കാം. ക്ലൈമാക്സിൽ ഞാൻ ഈ രണ്ടു കാഴ്ചപ്പാടുകളെയും അഭിസംബോധന ചെയ്തിട്ടുണ്ട്, അതിനാൽ എല്ലാവർക്കും തൃപ്തികരമായ ഒരു ഉത്തരം അതിൽ നിന്ന് ലഭിക്കും," അദ്ദേഹം പറഞ്ഞു.

"സ്ക്രീനിൽ രണ്ടു ആപ്പിളുകളെപ്പോലെയാണ് അവർ രണ്ടുപേരും കാണപ്പെട്ടത്. കാണാൻ ഏറെ മനോഹരമായ ഒരു കൂട്ടുകെട്ടായിരുന്നു അത്. ഈ തിരക്കഥ തന്നെയാണ് ഈ രണ്ടു മനോഹര അഭിനേതാക്കളെയും കണ്ടെത്തിയതെന്ന് എനിക്ക് തോന്നുന്നു. അവർ എപ്പോഴും അവരുടെ സീനുകൾ മെച്ചപ്പെടുത്താൻ ശ്രമിച്ചിരുന്നു'' എന്നാണ് സൂര്യ-മമിത കോമ്പോയെക്കുറിച്ച് സംവിധായകൻ പറഞ്ഞത്. 

"ഇന്നത്തെ കാലത്ത് അഭിനേതാക്കൾ തങ്ങളുടെ പ്രായം പോലും സ്ക്രീനിൽ പരാമർശിക്കാൻ ആഗ്രഹിക്കാറില്ല. എന്നാൽ, അതൊരു വലിയ വ്യത്യാസമായി കാണിക്കാൻ വേണ്ടി പ്രായവ്യത്യാസം കൃത്യമായി 20 വയസ് എന്ന് തന്നെ നിലനിർത്താൻ സൂര്യ സർ എന്നോട് ആവശ്യപ്പെട്ടു," വെങ്കി അറ്റ്‌ലൂരി കൂട്ടിച്ചേര്‍ത്തു. വിജയ് നായകനായ ജനനനായകന് ശേഷം മമിത അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസ്.

സൂര്യയെപ്പോലുള്ള ഒരു മുതിർന്ന താരവും തമിഴിലേക്ക് ചുവടുവെക്കുന്ന പുതുമുഖമായ മമിതയും തമ്മിലുള്ള ഓൺ-സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർ എത്രത്തോളം സ്വീകരിക്കും എന്നൊരു ആശങ്ക ആരാധകര്‍ക്കുണ്ട്. തെന്നിന്ത്യൻ സിനിമകളിൽ നായകന്മാർക്ക് പ്രായമായാലും ചെറിയ പ്രായമുള്ള നായികമാരെ കാസ്റ്റ് ചെയ്യുന്ന രീതിക്കെതിരെ അടുത്തകാലത്തായി വലിയ തോതിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ക്ലൈമാക്സ് തൃപ്തികരമല്ലെങ്കിൽ ഇത് വലിയ ട്രോളുകൾക്ക് വഴിവെച്ചേക്കാം.

രാധിക ശരത്കുമാർ, രവീണ ടണ്ടൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജി.വി പ്രകാശ് കുമാറാണ് സംഗീതം.ഛായാഗ്രഹണം-നിമിഷ് രവി. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ആഗസ്ത് 14ന് ചിത്രം തിയറ്ററുകളിലെത്തും. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News