കര്‍ഷക സമരത്തെ അനുകൂലിച്ച് ഫുട്ബോള്‍ താരങ്ങള്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗവും മലയാളി താരവുമായ സി.കെ വിനീത് ഉള്‍പ്പടെയുള്ളവരാണ് കര്‍ഷകരെ അനുകൂലിച്ച് രംഗത്തെത്തിയത്

Update: 2021-02-05 16:26 GMT
Advertising

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ഫുട്ബോള്‍ താരങ്ങള്‍. ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗവും മലയാളി താരവുമായ സി.കെ വിനീത്, ദേവിന്ദർ സിംഗ്, ജർമ്മൻപ്രീത് സിംഗ്, മൈക്കൽ സൂസൈരാജ് തുടങ്ങി ഒരുപിടി താരങ്ങളാണ് കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ ഫുട്ബോള്‍ താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. ക്രിക്കറ്റ് താരങ്ങളും ചലച്ചിത്ര താരങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ സ്വരത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന നിലയില്‍ ഇന്ത്യ ഒറ്റക്കെട്ടാണെന്നും പുറത്തുനിന്നുള്ളവര്‍ അഭിപ്രായം പറയേണ്ട എന്ന തരത്തിലുമുള്ള അഭിപ്രായ പ്രകടനം നടത്തവേയാണ് ഫുട്ബോള്‍ താരങ്ങളുടെ ഭിന്നസ്വരമെന്നതും ശ്രദ്ധേയമായി.

കര്‍ഷര്‍ക്ക് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തുവന്ന ക്രിക്കറ്റ് താരങ്ങളേയും ചലച്ചിത്ര താരങ്ങളേയും സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുന്ന സമയത്താണ് ഇതില്‍ നിന്നും വ്യതസ്തമായി ഫുട്ബോള്‍ താരങ്ങള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തിയത്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ റിഹാന ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ പിന്തുണ ലഭിക്കുന്നതിനിടെ ഇന്ത്യയിലെ സച്ചിന്‍ ഉള്‍പ്പടെയുള്ള ക്രിക്കറ്റ് താരങ്ങള്‍ പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്നും, ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാമെന്നുമുള്ള തരത്തില്‍ ട്വിറ്ററില്‍ ക്യാമ്പെയിനുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്ത് വളരെയധികം സ്വീകാര്യത ലഭിച്ചിരുന്ന ക്രിക്കറ്റ് താരങ്ങള്‍ കര്‍ഷകപ്രക്ഷോഭത്തിന് ലഭിക്കുന്ന പിന്തുണയെ തള്ളിപ്പറഞ്ഞതോടെ സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ താരങ്ങളുടെ പ്രൊഫൈലുകളില്‍ കയറി വിയോജിപ്പ് രേഖപ്പെടുത്തുകയും വലിയ പ്രതിഷേധ പ്രകടനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തിരുന്നു.

Tags:    

Similar News