ഗള്‍ഫില്‍ ആറ് മലയാളികള്‍‌ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഗള്‍ഫില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 219 ആയി.

Update: 2020-06-14 01:07 GMT
Advertising

ഗള്‍ഫില്‍ ഇന്നലെ ആറ് മലയാളികള്‍‌ കോവിഡ് ബാധിച്ച് മരിച്ചു. സൌദിയില്‍ അഞ്ച് പേരും ദുബൈയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 219 ആയി.

സൌദിയിലെ ജിദ്ദ, ദമ്മാം, റിയാദ്, ജുബൈൽ, അൽ ഖർജ് എന്നിവിടങ്ങളിലും ദുബൈയിലുമായാണ് ഇന്നലെ ആറ് മലയാളികൾ മരിച്ചത്. കൊല്ലം മയ്യനാട് താന്നി സ്വദേശി വിക്ടര്‍ ഷാജി എന്നയാളാണ് ദമ്മാമിൽ മരിച്ചത്. 55 വയസ്സായിരുന്നു. ഒരാഴ്ചയായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ജിദ്ദയിൽ മരിച്ചത് കൊല്ലം വടക്കേവിള പള്ളിമുക്ക് സ്വദേശി ഞാറക്കല്‍ തെക്കേതില്‍ സൈനുല്‍ ആബിദീനാണ്. ഇദ്ദേഹത്തിന് 60 വയസ്സായിരുന്നു. ഇക്കഴിഞ്ഞ അഞ്ചാം തിയ്യതി മുതൽ ജിദ്ദ നാഷണൽ ആശുപത്രിയിൽ കോവിഡിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. പാലക്കാട്‌ പള്ളിപ്പുറം പെഴുങ്കര സ്വദേശി സി.ടി സുലൈമാൻ മരിച്ചത് സൌദിയിലെ അൽ ഖർജിൽ കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്. 63 വയസ്സായിരുന്നു അദ്ദേഹത്തിന്.

ഇന്നലെ പുലർച്ചെ ദുബൈയിൽ വെച്ചാണ് കോഴിക്കോട് നടുവണ്ണൂർ മന്ദങ്കാവിൽ കുന്നങ്കണ്ടി മേലേടുത്ത് രാമചന്ദ്രൻ മരിച്ചത്. 63 വയസ്സായിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സാബിർ മരിച്ചത് സൌദിയിലെ റിയാദിൽ വെച്ചാണ്. രക്ഷിതാക്കള്‍ക്കൊപ്പം റിയാദിലുള്ള ഇദ്ദേഹം പ്ലസ്ടു വരെ സൌദിയിലാണ് പഠിച്ചത്. 23 വയസ്സായിരുന്നു പ്രായം.

പത്തനംതിട്ട മഞ്ഞിനിക്കര സ്വദേശി വടക്കേ തോണ്ടലില്‍ ജോസ് പി മാത്യു മരിച്ചത് സൌദിയിലെ ജുബൈലിലാണ്. 57 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഇതോടെ ഗൾഫിൽ ആകെ മരിച്ച മലയാളികളുടെ എണ്ണം 219 ആയി. ഇന്നലെ മരിച്ച അഞ്ച് പേരുൾപ്പെടെ സൌദിയിൽ ഇത് വരെ മരിച്ചത് 66 മലയാളികളാണ്.

ഗള്‍ഫില്‍ ആകെ മരണം 1715 ആയി

ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ 48 പേരാണ് മരിച്ചത്. ഇതോടെ ഗൾഫിലെ കോവിഡ് മരണ സംഖ്യ 1715 ആയി. സൗദി അറേബ്യയിൽ മാത്രം 39 ആണ് മരണസംഖ്യ

സൗദി അറേബ്യ ഒഴികെ മറ്റു ഗൾഫ് രാജ്യങ്ങളിലൊക്കെയും മരണസംഖ്യയിൽ കുറവുണ്ട്. ഖത്തറില്‍ ഇന്നലെ ഒറ്റ മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം സൗദി അറേബ്യയിലും ഖത്തറിലും ഒമാനിലും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്. സൗദിയിൽ 3366ഉം ഖത്തറിൽ 1828ഉം ഒമാനിൽ 1006ഉം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കുവൈത്തിൽ 514ഉം യു.എ.ഇയിൽ 491ഉം ബഹ്റൈനിൽ 444ഉം പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗം സുഖപ്പെടുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്. രണ്ട് ലക്ഷത്തി പതിനായിരത്തിലേറെ പേർക്ക് ഇതിനകം കോവിഡ് സുഖപ്പെട്ടു.

ഗൾഫിൽ ആകെ രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തി ഇരുപതിനായിരത്തിലേക്ക് കടക്കുകയാണ്. എങ്കിലും നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ട സാഹചര്യം ഇല്ലെന്ന് തന്നെയാണ് മിക്ക ഗൾഫ് രാജ്യങ്ങളുടെയും വിലയിരുത്തൽ. ദുബൈയിൽ ഇന്ന് മുതൽ സർക്കാർ ഓഫീസുകളിൽ നൂറ് ശതമാനം ജീവനക്കാരും ജോലിക്കെത്തും.

Tags:    

Similar News