ഫ്ലൈ ദുബൈ വിമാനം അടിയന്തരമായി ഇറക്കൽ: കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്

ഇന്ത്യൻ പൈലറ്റ്​ സ്മിത്​ മച്ചാർ ദുബൈയി​ലെ ആശുപ​​ത്രിയിൽ സുഖം ​​പ്രാപിച്ചുവരുന്നു

Update: 2026-10-02 05:11 GMT
Editor : Rafeeq MM | By : Gulf Desk

റിയാദ്​/ദുബൈ: ദുബൈ- ടെൽ അവീവ്​ ഫ്ലൈ ദുബൈ വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി സൗദി അറേബ്യ. കോ പൈലറ്റ്​ ക്യാപ്​റ്റനെ ആ​ക്രമിച്ചതായാണ്​ പ്രാഥമിക അന്വേ​ഷണത്തിൽ വ്യക്​തമായതെന്ന്​ സൗദി ആഭ്യന്തര മന്ത്രാലയം വാർത്തകുറിപ്പിൽ വ്യക്​തമാക്കി. സൗദി അധികൃതർ യുഎഇയിൽനിന്നുള്ള സുരക്ഷാ സംഘവുമായി സഹകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി കണ്ടെത്തിയത്. കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതായും തുടർന്ന് ഇരുവർക്കും പരിക്കേറ്റതായും അന്വേഷണത്തിൽ വ്യക്തമായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.വൈദ്യപരിശോധനക്കും ചികിത്സക്കുമായി ക്യാപ്റ്റനെയും കോ-പൈലറ്റിനെയും തബൂക്കിലെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില സംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഇരുവരും ഒക്ടോബർ ഒന്നിന് സൗദിയിൽനിന്ന് അബൂദബിയിലേക്ക് മടങ്ങി. യു.എ.ഇ സുരക്ഷാ സംഘവും ഇവർക്കൊപ്പമുണ്ടായിരുന്നു.

Advertising
Advertising

വിമാനത്തിലെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സൗദി അധികൃതർ അന്താരാഷ്ട്ര, മാനുഷിക ബാധ്യതകൾ പൂർണമായി പാലിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനുള്ള രാജ്യത്തെ വ്യോമയാന–സുരക്ഷാ സംവിധാനങ്ങളുടെ സജ്ജതയും സംഭവം വ്യക്തമാക്കുന്നതായും അധികൃതർ അറിയിച്ചു.തബൂക്കിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച രാവിലെ 9.45നാണ്​ വിമാനം സുരക്ഷിതമായി ഇറക്കി. വിമാനത്തിൽ 174 യാത്രക്കാരും എട്ട് ജീവനക്കാരും അടക്കം 182 പേരാണ്​ ഉണ്ടായിരുന്നത്​.

സഹ പൈലറ്റിന്‍റെ കുത്തേറ്റിട്ടും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ധീര വ്യക്തിയായി മാറിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാർ ദുബൈയിലെ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുകയാണ്​. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ദുബൈയിലെ ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചു. സ്മിത് സുഖം പ്രാപിച്ച് വരുന്നുവെന്ന് അംബാസഡർ പറഞ്ഞു. നേരത്തെ അബൂദബിയിലുള്ള കുടുംബത്തെയും അംബാസഡർ സന്ദർശിച്ചിരുന്നു. ഫ്ലൈ ദുബൈ ആക്രമണത്തിൽ തീവ്രവാദ ബന്ധവും പരിശോധിക്കുമെന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ ജനറൽ സിവിൽ എവിയേഷന്​ പുറമെ പബ്ലിക്​ ​പ്രോസിക്യൂഷനും അന്വേ​ഷണം നടത്തും. 

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News