ഖരീഫ് സീസണിന് സമാപനം: ഒട്ടകങ്ങൾ മലകളിലേക്ക് മടങ്ങുന്ന മനോഹര കാഴ്ചക്ക് സാക്ഷിയായി ദോഫാർ

പാട്ടുകൾ പാടിയും ശബ്ദങ്ങൾ ഉണ്ടാക്കിയും ഒട്ടകകൂട്ടങ്ങളെ അവയുടെ ആലകളിലേക്ക് നയിക്കുകയാണ്

Update: 2026-09-29 16:15 GMT

മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഖരീഫ്കാലം അവസാനിച്ചതോടെ ആരംഭിച്ച മനോഹര കാഴ്ചയാണ് ഒട്ടകങ്ങളുടെ മലകളിലേക്കുള്ള മടക്കയാത്ര. ​ഗവർണറേറ്റ് ശരത്കാലത്തിലേക്ക് മാറിയതോടെ മാസങ്ങളോളം താഴെ സമതലങ്ങളിൽ കഴിഞ്ഞ ആയിരക്കണക്കിന് ഒട്ടകങ്ങളാണ് തിരികെ പോകുന്നത്. ഖരീഫ് മഴക്കാലത്തിന്റെ ഈർപ്പവും കനത്ത മൂടൽമഞ്ഞും മാറി ധോഫാറിൽ തെളിഞ്ഞ ആകാശവും 'അൽ സർബ്' സീസണും എത്തുന്നതോടെയാണ് പരമ്പരാഗത ഒട്ടകയാത്ര ആരംഭിക്കുന്നത്. പരമ്പരാ​ഗത വേഷമണിഞ്ഞ ഒട്ടക ഉടമകൾ പാട്ടുകൾ പാടിയും ശബ്ദങ്ങൾ ഉണ്ടാക്കിയും ഒട്ടകകൂട്ടങ്ങളെ അവയുടെ ആലകളിലേക്ക് നയിക്കുകയാണ്.

Advertising
Advertising

ഖരീഫ് മഴക്കാലത്ത് ഈർപ്പമുള്ള മണ്ണിൽ കാൽവഴുതി അപകടം സംഭവിക്കാതിരിക്കാനും, മലനിരകളിലെ അപൂർവ്വ പുൽമേടുകൾ നശിച്ചുപോകാതിരിക്കാനുമാണ് ഒട്ടകങ്ങളെ മഴക്കാലത്ത് താഴെ സമതലങ്ങളിൽ തളയ്ക്കുന്നത്. മഴ മാറി പുല്ലുകൾ പാകമാകുന്നതോടെ ഇവയെ വീണ്ടും ജബലുകളിലേക്ക് തിരികെ നടത്തുകയാണ്. സർബ് സീസന്റെ സമ്മാനമായ പുൽമേടുകൾ മലഞ്ചെരുവുകളിൽ അവരെ കാത്തിരിക്കുന്നുണ്ട്. ദോഫാറിലെ പുൽമേടുകളെ സംരക്ഷിക്കുകയും, ഒട്ടകങ്ങളുടെ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്ന ഈ പരമ്പരാഗത രീതി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണ്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News