ഖത്തറിലേക്ക് ഒഴുകിയെത്തി വിനോദസഞ്ചാരികൾ; എണ്ണത്തിൽ വൻ മുന്നേറ്റം, കണക്കുകൾ പുറത്ത്
വേനൽ അവസാനിച്ചതോടെ കൂടുതൽ അന്താരാഷ്ട്ര സഞ്ചാരികൾ രാജ്യത്തെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ദോഹ: ഈ വർഷത്തിന്റെ ആദ്യ ഒമ്പതു മാസങ്ങളിൽ ഖത്തറിലെത്തിയത് രണ്ടര ദശലക്ഷത്തിലേറെ സന്ദർശകർ. ഖത്തർ ടൂറിസമാണ് കണക്കുകൾ പങ്കുവച്ചത്. ആഗോള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഖത്തർ തുടരുന്നു എന്നു തെളിയിക്കുന്നതാണ് കണക്കുകൾ.
2026 സെപ്തംബർ വരെ 26.14 ലക്ഷം സന്ദർശകരാണ് കര, വ്യോമ, കടൽ അതിർത്തികൾ വഴി ഖത്തറിലെത്തിയത്. സെപ്തംബർ മാസത്തിൽ മാത്രം 2.76 ലക്ഷം പേർ രാജ്യത്തെത്തി. കഴിഞ്ഞ വർഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ സഞ്ചാരികളുടെ എണ്ണത്തിൽ 1.1 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ജിസിസി രാഷ്ട്രങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ. ആകെ സന്ദർശകരുടെ 40.9 ശതമാനം, അതായത് 10.69 ലക്ഷം പേർ. ഏഷ്യ- ഓഷ്യാനിയ മേഖലയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ നിന്നെത്തിയത്. 5.48 ലക്ഷം പേർ. ആകെ സന്ദർശകരുടെ 21 ശതമാനം. മൂന്നാം സ്ഥാനത്ത് യൂറോപ്പാണ്. അഞ്ചര ലക്ഷത്തോളം പേരാണ് യൂറോപ്പിൽ നിന്ന് ഇക്കാലയളവിൽ രാജ്യത്തെത്തിത്.
വർഷത്തിന്റെ അവസാന മൂന്ന് മാസങ്ങളിലും സന്ദർശകരുടെ ഒഴുക്ക് തുടർന്നാൽ 2026 ഖത്തറിന്റെ ടൂറിസം മേഖലയ്ക്ക് മികച്ച വർഷമായി മാറുമെന്നാണ് വിലയിരുത്തൽ. വേനൽ അവസാനിച്ചതോടെ കൂടുതൽ അന്താരാഷ്ട്ര സഞ്ചാരികൾ രാജ്യത്തെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.