പള്ളിയിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; സൗദിയിൽ തിരുവനന്തപുരം സ്വദേശി മരിച്ചു
റിയാദിൽ വർഷങ്ങളായി ഹോട്ടൽ ജീവനക്കാരനായിരുന്നു
റിയാദ്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പൊയ്ക വീട്ടിൽ ഷാജഹാൻ (63) ആണ് മരിച്ചത്. റിയാദിൽ വർഷങ്ങളായി ഹോട്ടൽ ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു. ഇന്നലെ രാത്രി റിയാദ് ഷിഫയിൽ ആണ് അപകടം. ഇഷാ നമസ്കാരത്തിന് ശേഷം പള്ളിയിൽ നിന്ന് പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ വാഹനം ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഷാജഹാനെ അടുത്തുള്ള ദല്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവ വിവരമറിഞ്ഞ് ദുബൈയിലുള്ള മകൻ റിയാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പരേതരായ മുഹമ്മദ് യൂസുഫ് -ഷരീഫ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ആബിദ ബീവി. മക്കൾ: മുജീബ്, മുഷ്താക്, മുംതാസ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്.