Writer - റസിൻ അബ്ദുൽ അസീസ്
razinab@321
അബൂദബി: ചർമത്തിലെ വെള്ളപ്പാണ്ട് രോഗാവസ്ഥയായ 'നോൺ-സെഗ്‌മെന്റൽ വിറ്റിലിഗോ' ചികിൽസിക്കുന്നതിനായി വായിലൂടെ കഴിക്കാവുന്ന മരുന്നിന് ലോകത്താദ്യമായി അംഗീകാരം നൽകി യു.എ.ഇ. 12 വയസ്സും അതിനു മുകളിലും പ്രായമുള്ള രോഗികൾക്ക് ഏറെ ആശ്വാസകരമാകുന്ന പുതിയ ചികിൽസാ രീതിക്കാണ് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (ഇ.ഡി.ഇ) പച്ചക്കൊടി കാട്ടിയത്. സിസ്റ്റമിക് തെറാപ്പി (ശരീരത്തിലാകെ പ്രവർത്തിക്കുന്ന മരുന്നുകൾ) ആവശ്യമായി വരുന്ന രോഗികൾക്കായി 'റിൻവോക്' എന്ന മരുന്നിനാണ് അനുമതി നൽകിയിരിക്കുന്നത്.
ദിവസത്തിൽ ഒരിക്കൽ കഴിക്കാവുന്ന ഈ ഗുളിക, നിശ്ചിത മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്ന രോഗികൾക്ക് ഇനിമുതൽ യു.എ.ഇയിൽ ലഭ്യമാകും. ചർമത്തിന് നിറം നൽകുന്ന മെലനോസൈറ്റ് കോശങ്ങൾ നശിക്കുന്നതുമൂലം ശരീരത്തിൽ വെള്ളപ്പാടുകൾ രൂപപ്പെടുന്ന അവസ്ഥയാണ് വിറ്റിലിഗോ. ഇതൊരു പകർച്ചവ്യാധിയല്ല. ഇതുവരെ ടോപ്പിക്കൽ മരുന്നുകൾ, ഫോട്ടോതെറാപ്പി, ലേസർ അധിഷ്ഠിത ചികിൽസകൾ എന്നിവയായിരുന്നു നിലവിലുണ്ടായിരുന്നത്. പുതിയ ഓറൽ മരുന്നിന്റെ അനുമതി രോഗികൾക്ക് കൂടുതൽ എളുപ്പത്തിൽ ചികിൽസ ലഭ്യമാക്കാൻ സഹായിക്കും.
ആഗോളതലത്തിലെ ശാസ്ത്രീയ മുന്നേറ്റങ്ങളോട് അതിവേഗം പ്രതികരിക്കുന്ന യു.എ.ഇയുടെ മികച്ച ആരോഗ്യ-ഔഷധ നിയന്ത്രണ സംവിധാനത്തിന്റെ പ്രതിഫലനമാണ് ഈ നടപടിയെന്ന് ഇ.ഡി.ഇ. അധികൃതർ വ്യക്തമാക്കി. രോഗികൾക്ക് നൂതന ചികിൽസകൾ വേഗത്തിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചർമത്തിൽ അസ്വാഭാവിക നിറംമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായ രോഗനിർണയത്തിനും യോജിച്ച ചികിൽസ തിരഞ്ഞെടുക്കുന്നതിനുമായി വിദഗ്ധ ഡോക്ടർമാരെ സമീപിക്കണമെന്നും അധികൃതർ നിർദേശിച്ചു.