ചർച്ചക്കിടെ വീണ്ടും ഇറാനിൽ ആക്രമണം; ഖിഷം ദ്വീപിൽ സ്ഫോടനങ്ങൾ, യുഎസ് ഡ്രോണുകൾ വീഴ്ത്തിയെന്ന് ഇറാൻ
വൻ തോതിൽ കുറഞ്ഞ എണ്ണ വിലയിൽ നേരിയ വർധന
വാഷിങ്ടൺ/ദുബൈ/ തെഹ്റാൻ: എട്ട് മാസത്തിലധികം നീണ്ട പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഇറാനിൽ വീണ്ടും ആക്രമണം നടത്തി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപത്തെ ഖിഷം ദ്വീപിലാണ് അമേരിക്ക മിസൈൽ ആക്രമണം നടത്തിയത്. ദ്വീപിൽ അഞ്ച് സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, യുഎസ് താൽപര്യങ്ങൾ സംരക്ഷിക്കാൻ പരിമിതമായ തോതിലാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കൻ അവകാശ വാദം. ഖിഷം ദ്വീപിന് സമീപം അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ടതായും പിടിച്ചെടുത്തതായും ഇറാൻ റെവല്യൂഷനറി ഗാർഡും അവകാശപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ എംക്യുഎം-170 ഡ്രോൺ വെടിവെച്ചിട്ടെന്നും പിടിച്ചെടുത്തെന്നുമാണ് ഐആർജിസി അവകാശപ്പെടുന്നത്. ഈ അവകാശവാദം യു.എസ് സെൻട്രൽ കമാൻഡ് തള്ളിയിട്ടുണ്ട്.
ചർച്ചകളിൽ പുരോഗതിയെന്ന് ജെഡി വാൻസും ട്രംപും
ഇറാനിൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്കിടയിലും സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നതായി അമേരിക്ക. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും കരാറിലെത്താൻ സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് ജെഡി വാൻസും പ്രതികരിച്ചു.
ഇറാനുമായി ‘കരാർ ഉണ്ടാകാം’ എന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് കുറിച്ചു. ഇറാൻ എത്രയും വേഗം ഒത്തുതീർപ്പിന് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി. ഇറാനുമായി നല്ല സംഭാഷണങ്ങൾ നടന്നിട്ടുണ്ടെന്നും ചർച്ചയിലൂടെ പരിഹാരത്തിലെത്താനുള്ള സാധ്യതയെക്കുറിച്ച് പ്രസിഡന്റിനും തനിക്കും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യങ്ങൾ അംഗീകരിക്കാതെ ധാരണയിലെത്തില്ലെന്ന് ഇറാൻ
അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുകയും ഇറാന്‍റെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യാതെ ധാരണക്ക് തയാറല്ലെന്നാണ് ഇറാൻ നിലപാട്. ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ കരാറിലെത്താനാകില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു. നേരത്തേ ഇറാൻ മുന്നോട്ടുവെച്ച ഏഴ് ഇന നിർദേശങ്ങൾ അമേരിക്ക അടക്കം അംഗീകരിക്കണമെന്നാണ് ഇറാന്‍റെ നിലപാട്. ഇത് അംഗീകരിച്ചാൽ 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഖത്തറിന്‍റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടാകുന്നതിനിടെയാണ് ആക്രമണ വിവരം പുറത്തുവന്നിരിക്കുന്നത്.
എണ്ണ വില വൻതോതിൽ ഇടിഞ്ഞു; ആക്രമണ വാർത്തയോടെ വീണ്ടും കൂടി
ഇറാൻ–അമേരിക്ക സംഘർഷത്തിന് നയതന്ത്ര പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ ആഗോള എണ്ണവിലയിൽ വൻ ഇടിവുണ്ടായിരുന്നു. ഖിഷം ദ്വീപിന് നേരെ ആക്രമണം നടത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഇന്ന് രാവിലെ വീണ്ടും ചെറിയ തോതിൽ ഉയർന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നിർദേശമുൾപ്പെടെ ഖത്തറിന്‍റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ പ്രതിഫലിച്ചത്. ഒക്ടോബറിൽ കുതിച്ചുയർന്ന എണ്ണവിലയിലെ നേട്ടത്തിന്‍റെ വലിയൊരു ഭാഗം ഇതോടെ ഇല്ലാതായി.
നവംബർ മൂന്നിന് രാവിലെ വരെ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില എട്ട് ശതമാനത്തിലേറെ കുറഞ്ഞ് ബാരലിന് 104.10 ഡോളറിലെത്തിയിരുന്നു. 9.32 ഡോളറിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇറാനും ഖത്തറും തമ്മിൽ വാരാന്ത്യത്തിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്കു പിന്നാലെയാണ് എണ്ണവിലയിൽ ഇടിവ് തുടങ്ങിയത്. എന്നാൽ, ചൊവ്വാഴ്ച ആക്രമണ വിവരം പുറത്തുവന്നതോടെ അര ശതമാനം വില വർധിച്ചിട്ടുണ്ട്.