Quantcast

ഉറങ്ങുമ്പോൾ കാലെപ്പോഴും പുതപ്പിന് പുറത്താണോ? കാരണമറിയാം

നല്ലൊരു ഉറക്കത്തിനായി നമ്മൾ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. അതിലൊന്നാണ് ഉറങ്ങുമ്പോൾ ശരീരമാകെ പുതപ്പുകൊണ്ട് മൂടിയാലും ഒരു കാൽ മാത്രം വെളിയിൽ വെക്കുക എന്നത്. ഇത് കേവലം ഒരു ശീലം മാത്രമാണെന്ന് കരുതിയെങ്കിൽ തെറ്റി

MediaOne Logo

Web Desk

  • Updated:

    2025-12-18 09:16:58.0

Published:

18 Dec 2025 2:39 PM IST

ഉറങ്ങുമ്പോൾ കാലെപ്പോഴും പുതപ്പിന് പുറത്താണോ? കാരണമറിയാം
X

നല്ലൊരു ഉറക്കത്തിനായി നമ്മൾ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. തലവഴി പുതപ്പുമൂടിയാൽ മാത്രം ഉറക്കം വരുന്നവർ, ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നാൽ മാത്രം ഉറങ്ങുന്നവർ, എത്ര ചൂടാണെങ്കിലും കാലിലെങ്കിലും പുതപ്പിട്ടാലേ ഉറങ്ങാനാകൂ എന്നുള്ളവർ അങ്ങനെയങ്ങനെ പല ശീലങ്ങളുമുള്ളവരുണ്ട്. അതിലൊന്നാണ് ഉറങ്ങുമ്പോൾ ശരീരമാകെ പുതപ്പുകൊണ്ട് മൂടിയാലും ഒരു കാൽ മാത്രം വെളിയിൽ വെക്കുക എന്നത്. ഇത് കേവലം ഒരു ശീലം മാത്രമാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇതിന് പിന്നിൽ രസകരമായ ചില ശാസ്ത്രീയ കാരണങ്ങളും ആരോഗ്യപരമായ വശങ്ങളുമുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമായും പത്തോളം കാരണങ്ങളാണ് ഈ ശീലത്തിന് പിന്നിലുള്ളത്. ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമ്മുടെ ശരീരം ഉറക്കത്തിലേക്ക് കടക്കുമ്പോൾ സ്വാഭാവികമായും ശരീര താപനില അല്പം താഴേണ്ടതുണ്ട്. പാദങ്ങളിലെ രക്തക്കുഴലുകൾക്ക് ശരീരത്തിലെ അമിത താപം പുറന്തള്ളാനുള്ള പ്രത്യേക കഴിവുണ്ട്. ഒരു കാൽ പുതപ്പിന് പുറത്ത് വെക്കുമ്പോൾ ശരീരത്തിലെ ചൂട് വേഗത്തിൽ പുറത്തേക്ക് പോവുകയും ശരീരം തണുക്കുകയും ചെയ്യുന്നു. ഇത് ആഴത്തിലുള്ള ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. കൂടാതെ, കാലിലെ രോമമില്ലാത്ത ചർമം താപനില പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.

മാനസികമായ ആശ്വാസവും ഈ ശീലത്തിന് പിന്നിലുണ്ട്. പൂർണമായും പുതപ്പിനുള്ളിൽ ഇരിക്കുന്നത് ചിലരിൽ വീർപ്പുമുട്ടലോ അല്ലെങ്കിൽ ശ്വാസംമുട്ടലോ പോലുള്ള അസ്വസ്ഥതകളുണ്ടാക്കാറുണ്ട്. ഒരു കാൽ മാത്രം പുതപ്പിന് വെളിയിൽ വെക്കുന്നത് വഴി ശാരീരികമായ സ്വാതന്ത്ര്യം അനുഭവപ്പെടുത്തുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു. 'റെസ്റ്റ്ലെസ്സ് ലെഗ് സിൻഡ്രോം' (Restless Leg Syndrome) പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്കും ഇത്തരത്തിൽ കാൽ പുറത്ത് വെക്കുന്നത് ആശ്വാസം നൽകാറുണ്ട്. പേശികളിലെ വലിവും അസ്വസ്ഥതയും കുറയ്ക്കാൻ ഈ ചെറിയ മാറ്റം സഹായിക്കും.

കുട്ടിക്കാലം മുതലേയുള്ള ശീലങ്ങൾ, പങ്കാളിയുമായി കിടക്ക പങ്കിടുമ്പോൾ ഉണ്ടാകുന്ന സ്ഥലപരിമിതി, അല്ലെങ്കിൽ വെറുമൊരു മാനസിക സംതൃപ്തി എന്നിവയും ഈ ശീലത്തിന് കാരണമാകാം. ചിലർക്ക് ഇത് ഒരു 'സ്ലീപ്പ് സിഗ്‌നൽ' പോലെയാണ് പ്രവർത്തിക്കുന്നത്; അതായത് കാൽ പുറത്ത് വെക്കുമ്പോൾ ശരീരം ഉറങ്ങാനുള്ള സമയമായെന്ന് സ്വയം തിരിച്ചറിയുന്നു. മെലാറ്റോണിൻ എന്ന ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാനും ശരീരതാപനിലയിലെ ഈ കുറവ് സഹായിക്കുന്നു.

ചുരുക്കത്തിൽ, രാത്രിയിൽ പുതപ്പിന് പുറത്ത് ഒരു കാൽ വെച്ച് ഉറങ്ങുന്നത് കേവലമൊരു ശീലമല്ല, മറിച്ച് നമ്മുടെ ശരീരം നല്ലൊരു വിശ്രമത്തിനായി കണ്ടെത്തുന്ന ലളിതമായൊരു വിദ്യയാണ്. മികച്ച ഉറക്കം ഉറപ്പാക്കാനും ശരീരത്തെ തണുപ്പിക്കാനും ഈ ശീലം സഹായിക്കുന്നുണ്ടെങ്കിൽ അത് തുടരുന്നതിൽ തെറ്റില്ല. എങ്കിലും, ഉറക്കമില്ലായ്മയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ നിരന്തരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.

TAGS :

Next Story