തൈറോയ്ഡ് തകരാറിലാവുമ്പോൾ അറിഞ്ഞിരിക്കേണ്ടത്...

തൈറോയ്ഡ് ഹോർമോൺ സംബന്ധമായി ഉണ്ടാകുന്ന തകരാറുകൾ ശാരീരികമായും മാനസികമായും വ്യക്തിയെ ബാധിക്കും

Update: 2023-08-14 16:22 GMT
Advertising

കഴുത്തിനു മുൻഭാഗത്തായി പൂമ്പാറ്റയുടെ ആകൃതിയിൽ കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോർമോൺ സംബന്ധമായി ഉണ്ടാകുന്ന തകരാറുകൾ ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ ബാധിക്കും. ആൺ പെൺ വ്യത്യാസമില്ലാതെ ഏതു പ്രായക്കാരിലും തൈറോയ്ഡ് പ്രശ്നങ്ങൾ കണ്ടുവരുന്നു എങ്കിലും സ്ത്രീകളിലാണ് തൈറോയ്ഡ് രോഗങ്ങൾ കൂടുതലായും കാണപ്പെടുന്നത്.

രണ്ടുതരം ഹോർമോണുകളാണ് തൈറോയ്ഡ് ഗ്രന്ഥിയിൽ ഉൽപ്പാദിപ്പിക്കുന്നത്. T3, T4 എന്നിവയാണ് ഈ ഹോർമോണുകൾ. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന അയോഡിനെ ഉപയോഗിച്ചാണ് ഈ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നും ആവശ്യമായ അളവിൽ ഹോർമോണുകൾ ക്രമമായി ഉൽപാദിപ്പിച്ചു കൊണ്ടിരിക്കും. എന്നാൽ ഇതിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ ഹോർമോൺ കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്. അത് ശരീരത്തിലെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും.

ഹൈപ്പോതൈറോയ്ഡിസം

തൈറോയ്ഡ് ഹോർമോൺ ഉല്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഏറ്റവും കൂടുതലായി കാണപ്പെടുന്ന തൈറോയ്ഡ് പ്രശ്നമാണിത്. പ്രത്യേകിച്ചും സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് ഈ പ്രശ്നം കൂടുതലായി കാണാറുണ്ട്. ഹൈപോതൈറോയ്ഡിസം പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. 

ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ് 

ശരീരത്തിലെ പ്രതിരോധ സംവിധാനം അബദ്ധവശാൽ സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുന്ന രോഗമാണിത്.

ചിലതരം കാൻസറുകൾക്കുള്ള റേഡിയേഷൻ ചികിത്സ, തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ എന്നിവയെല്ലാം ഹൈപോതൈറോയ്ഡിസത്തിന് കാരണമാകാം. ചില സന്ദർഭങ്ങളിൽ പിറ്റ്യുട്ടറി ഗ്രന്ഥിക്ക് ഉണ്ടാകുന്ന തകരാറുകളും ഹൈപ്പോതൈറോയ്ഡിസത്തിന് വഴിയൊരുക്കാറുണ്ട്. കഞ്ജേനിറ്റൽ ഹൈപ്പോതൈറോയ്ഡിസം (congenital hypothyroidism) എന്നൊരു പ്രശ്നവുമുണ്ട്. ചില കുട്ടികൾ ജനിക്കുമ്പോൾ തന്നെ തൈറോയ്ഡ് ഹോർമോൺ കുറവായിരിക്കും. തൈറോയ്ഡ് കോശങ്ങളുടെ കുറവ് എൻസൈമുകളുടെ തകരാറുകൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം.

ലക്ഷണങ്ങൾ 

പെട്ടെന്ന് ഭാരം കൂടുക

നടക്കുമ്പോൾ കിതപ്പ്

മുടികൊഴിച്ചിൽ

വരണ്ട ചർമം

ക്രമം തെറ്റിയ ആർത്തവവും കൂടിയ രക്തസ്രാവവും

തണുപ്പ് സഹിക്കാൻ ആവാത്ത അവസ്ഥ

പേശികളുടെ ബലക്ഷയം

സന്ധികളിലും പേശികളിലും വേദന - വിഷാദം, തളർച്ച, ക്ഷീണം

തൈറോയ്ഡ് ഹോർമോണിന്‍റെ അളവ് കുറയുന്നതാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്ന തൈറോയ്ഡ് പ്രശ്നം


ഹൈപ്പർതൈറോയ്ഡിസം

ആവശ്യമായതിലുമധികം ഹോർമോൺ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന അവസ്ഥയാണിത്. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം മൂലം രക്തത്തിൽ ഹോർമോണിന്റെ അളവ് കൂടും. വലിയ അസ്വസ്ഥതകൾക്ക് ഇടയാക്കുന്ന അവസ്ഥയാണിത്. ഹൈപ്പർതൈറോയ്ഡിസം പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. ഓട്ടോ ഇമ്യൂണ്‍ തകരാറായ ഗ്രേവ്സ് ഡിസീസ് ( Graves disease ) ആണ് പ്രധാനം.

ഗോയിറ്റർ 

വീക്കം ഉണ്ടായി തൈറോയ്ഡ് ഗ്രന്ഥി വലുതാകുന്ന അവസ്ഥയാണിത്. ഹൈപോതൈറോയ്ഡിസം കഴിഞ്ഞാൽ കൂടുതൽ കണ്ടുവരുന്ന തൈറോയ്ഡ് പ്രശ്നമാണ് ഗോയിറ്റർ. 20 വയസ്സ് മുതലാണ് സാധാരണ ഈ രോഗം ഉണ്ടായി കാണുന്നത്. കഴുത്തിൽ ഒരു മുഴ പോലെയാണിത് പ്രത്യക്ഷമാവുക. നടക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം മുകളിലേക്കും താഴേക്കും പോവും. വേദനയൊന്നും ഉണ്ടാക്കാതെ ഇതു വളർന്നുകൊണ്ടിരിക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ ഒരുഭാഗത്ത് മാത്രമോ രണ്ടു ഭാഗത്തുമോ മുഴ ഉണ്ടാകാം.

ഹാഷിമോട്ടോ ഡിസീസ്, ഗ്രവ്സ് ഡിസീസ്, തൈറോയ്ഡ് നോഡ്യൂൾ, തൈറോയ്ഡൈറ്റിസ് , തൈറോയ്ഡ് കാൻസർ, അയോഡിന്‍ കുറവ് എന്നിവയെല്ലാം ഗോയിറ്റർ ഉണ്ടാക്കാം. തൈറോയ്ഡ് ഹോർമോൺ ഉൽപ്പാദനത്തിൽ അനിവാര്യഘടകമാണ് അയോഡിന്‍.

ലക്ഷണങ്ങൾ :

കഴുത്തിൽ താഴ്ഭാഗത്തു ഉണ്ടാകുന്ന വീക്കം ആണ് പ്രധാന ലക്ഷണം

ചുമയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുമുണ്ടാകും 

തൈറോയ്ഡ് നോഡ്യൂൾ

തൈറോയ്ഡ് ഗ്രന്ഥിക്കുള്ളിൽ രൂപംകൊള്ളുന്ന ചെറു മുഴകളാണ് തൈറോയ്ഡ് നോഡ്യൂൾ. ഇവ ഒറ്റ മുഴയായോ ഒരുകൂട്ടം മുഴയായോ പ്രത്യക്ഷപ്പെടാം. തൈറോയ്ഡ് നോഡ്യൂൾ ഭൂരിഭാഗവും അപകടകാരികൾ അല്ല. പ്രത്യേകിച്ച് ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ല. എന്നാൽ ചിലപ്പോൾ ശ്വാസം എടുക്കാനോ ഭക്ഷണം വിഴുങ്ങാനോ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ തൈറോയ്ഡ് നോഡ്യൂൾ വലിപ്പം വെക്കാറുണ്ട്. ഈ അവസ്ഥയിൽ ഇത് നേരിട്ട് കാണാനും ആകും.

തൈറോയ്ഡൈറ്റിസ്

തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന വീക്കമാണിത്. ഇത്‌ പലതരമുണ്ട്.

ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ് 

ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ വിഭാഗത്തിൽപ്പെടുന്ന അസുഖമാണ്. ശരീരത്തിലെ പ്രതിരോധ സംവിധാനം ഉണ്ടാക്കുന്ന ചില ആൻറി ബോഡികൾ തൈറോയ്ഡ് കോശങ്ങളെ നശിപ്പിക്കുകയും ഹോർമോൺ ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഇല്ലാതാകുകയും ചെയ്യും.


പോസ്റ്റ് പാർട്ടം തൈറോയ്ഡൈറ്റിസ്

പ്രസവശേഷം ഒന്നു മുതൽ നാലാഴ്ചയ്ക്കുള്ളിൽ ആണ് ഈ രോഗത്തിൻറെ ആദ്യഘട്ടം കാണുക. നശിച്ചുകൊണ്ടിരിക്കുന്ന തൈറോയ്ഡ് ഗ്രന്ഥി കൂടുതൽ ഹോർമോണുകൾ രക്തത്തിലേക്ക് അലിയിപ്പിക്കുന്ന ഹൈപ്പർതൈറോയ്ഡിസൻറെ ലക്ഷണമാണ് ഈ ഘട്ടത്തിൽ കാണുക. 

പ്രസവിച്ച നാല് മുതൽ എട്ട് ആഴ്ചക്കുള്ളിൽ രണ്ടാംഘട്ട ലക്ഷണങ്ങൾ പ്രകടമാകും. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം ഏറെക്കുറെ നിൽക്കുന്നതിനാൽ ഈ ഘട്ടത്തിൽ ഹൈപോതൈറോയ്ഡിസൻറെ ലക്ഷണങ്ങളാണ് ഉണ്ടാക്കുക. ഭൂരിഭാഗം സ്ത്രീകളിലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് ഒന്നര വർഷത്തിനുള്ളിൽ അസുഖം തനിയെ മാറാറുണ്ട്.

കൂടാതെ വേദനയൊന്നും ഇല്ലാത്ത സൈലൻറ് തൈറോയ്ഡൈറ്റിസ്, കഴുത്ത്, താടി, ചെവി എന്നിവിടങ്ങളിൽ വേദനയുണ്ടാക്കുന്ന സബാക്യൂട്ട് തൈറോയ്ഡൈറ്റിസ് എന്നിവയും കാണാറുണ്ട് .

തൈറോയ്ഡ് രോഗത്തെക്കുറിച്ചുള്ള അറിവ് വർധിച്ചതോടെ രോഗം കണ്ടെത്തുന്നതും ചികിത്സിക്കുന്നതും എളുപ്പമായി മാറി. കഴുത്തിൽ ചെറിയൊരു മുഴ കണ്ടാൽ പോലും ആളുകൾ ഇപ്പോൾ പരിശോധനയ്ക്ക് വിധേയരാകുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവും കൂടാതെ തകരാറുകളും കണ്ടുപിടിക്കാൻ പരിശോധനകളും ഉണ്ട് .

തൈറോയ്ഡ് ഹോർമോൺ അളവിലെ വ്യതിയാനം ഉണ്ടോ എന്ന് രക്തപരിശോധനയിലൂടെ തിരിച്ചറിയാനാകും. രോഗം നിയന്ത്രിക്കാൻ ഫലപ്രദമായ മരുന്നുകൾ ഹോമിയോപ്പതിയിലുണ്ട്. നിങ്ങൾക്ക് ഏത് തരത്തിലുള്ള തൈറോയ്ഡൈറ്റിസാണ് എന്നതിന് അനുസരിച്ചാണ് ചികിത്സ നിർണയിക്കുക. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Dr Nasneem Salim

contributor

Similar News