നാര്‍ക്കോട്ടിക്‌സ് കേസില്‍ അകപ്പെട്ടാല്‍ വധശിക്ഷ വരെ കിട്ടാം; എന്‍.ഡി.പി.എസ് ആക്ടിനെ കുറിച്ച് അറിയാം

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അറസ്റ്റുചെയ്യുന്ന എന്‍.ഡി.പി.എസ് ആക്ട് എന്താണെന്ന് പരിശോധിക്കാം

Update: 2021-10-04 10:48 GMT
Editor : Dibin Gopan | By : Web Desk
Advertising

മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള എട്ടുപേരെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് ലഹരിമരുന്ന് വില്‍പ്പന കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്ന കണക്കുകള്‍ ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പുറത്തുവന്നത്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ 70 മിനുറ്റിനുള്ളിലും പൊലീസ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒരു കേസെങ്കിലും രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എന്നാല്‍ ലഹരിമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായാല്‍ ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ച് പലര്‍ക്കും അറിവില്ല. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അറസ്റ്റുചെയ്യുന്ന എന്‍.ഡി.പി.എസ് ആക്ട് എന്താണെന്ന് പരിശോധിക്കാം.

എന്‍.ഡി.പി.എസ് ആക്ട്?

മയക്കുമരുന്നുകളുടെ കൈവശം വെക്കല്‍, ഉപയോഗം, വില്‍പ്പന തുടങ്ങിയവയാണ് ആക്ടില്‍ പ്രധാനമായി പറയുന്ന കാര്യങ്ങള്‍. 1985ല്‍ ആണ് രാജ്യത്ത് എന്‍.ഡി.പി.എസ് ആക്ട് നിലവില്‍ വന്നത്. മയക്കുമരുന്ന് നിര്‍മ്മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവില്‍ വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവന്നതിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്.

മയക്കുമരുന്നിന് അടിമപ്പെട്ട ഒരാള്‍ക്ക് പരിരക്ഷ നല്‍കുവാനും ആക്ടിലെ സെക്ഷന്‍ 64.എ യില്‍ പറയുന്നുണ്ട്. എന്നാല്‍ കോടതിക്ക് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത്. മയക്കുമരുന്ന് കേസില്‍പ്പെട്ടയാള്‍ ലഹരിക്ക് അടിമയാണെങ്കില്‍ ലഹരിവിമുക്ത ചികിത്സയ്ക്ക് തയ്യാറാണെന്ന് സമ്മതിച്ചാല്‍ മാത്രമാണ് നിയമപരിരക്ഷ ലഭിക്കുക. ചെറിയ അളവില്‍ മാത്രമാണ് ലഹരി കൈവശമുള്ളതെങ്കില്‍ മാത്രമാണ് പരിരക്ഷ ലഭിക്കുക.

എന്‍ഡിപിഎസ് ആക്ട് പ്രകാരമുള്ള കേസുകളില്‍ കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷാ നടപടികള്‍ തീരുമാനിക്കുന്നത്. വധശിക്ഷയാണ് ഇത്തരം കേസുകളില്‍ പരമാവധി നല്‍കുന്ന ശിക്ഷ. മയക്കുമരുന്ന് വലിയ അളവില്‍ വിപണനത്തിന് ഉപയോഗിക്കുന്നവര്‍ക്കാണ് വധശിക്ഷ പോലും കിട്ടാവുന്ന കുറ്റമായി കണക്കാകുക.

നിരോധിക്കപ്പെട്ട മയക്കുമരുന്ന് ഉപയോഗിക്കുക മാത്രം ചെയ്തവര്‍ക്ക് ജാമ്യം നല്‍കുവാനും ആക്ട് അനുസരിച്ച് സാധ്യതയുണ്ട്. ഉപയോഗിച്ചയാള്‍ ഇതിന്റെ വ്യാപാരവുമായി ഇടപെടാത്ത ആളാണെങ്കിലാണ് ജാമ്യം ലഭിക്കുക. എന്നാല്‍ ഇതിനും കോടതിയില്‍ ബോണ്ട് ഉള്‍പ്പെടെ സമര്‍പ്പിക്കേണ്ടതുണ്ട്.

2015ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ഇത്തരം നിരോധിത മയക്കുമരുന്നുകളുടെ പട്ടികയില്‍ ഏതൊക്കെ ഉള്‍പ്പെടും എന്ന് എപ്പോള്‍ വേണമെങ്കില്‍ ഭേദഗതി ചെയ്യാം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News