'നിങ്ങൾ റാലി നടത്തിയ മണ്ഡലങ്ങളിലെല്ലാം ഞങ്ങൾ ജയിച്ചു'; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ശരദ് പവാർ

ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഒമ്പത് സീറ്റുകൾ മാത്രമാണ് എൻ.ഡി.എ സഖ്യത്തിന് വിജയിക്കാനായത്.

Update: 2024-06-15 12:04 GMT

മുബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മികച്ച വിജയം നേടാനായതിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്ട്രയിൽ മോദി എവിടെയൊക്കെ റോഡ് ഷോകളും റാലികളും നടത്തിയോ അവിടെയെല്ലാം മഹാ വികാസ് അഘാഡിക്ക് മികച്ച വിജയം നേടാനായെന്ന് പവാർ പറഞ്ഞു. വോട്ടർമാർക്ക് നന്ദി പറയാനായി മഹാ വികാസ് അഘാഡി നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചവാൻ എന്നിവർ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പവാറിന്റെ പരാമർശം.

''എവിടെയൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോയും റാലികളും നടത്തിയോ അവിടെയെല്ലാം ഞങ്ങൾ ജയിച്ചു. അതുകൊണ്ടാണ് പ്രധാനമന്ത്രിയോട് നന്ദി പറയണമെന്ന് കരുതിയത്''-പവാർ വ്യക്തമാക്കി.

Advertising
Advertising

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഒമ്പത് സീറ്റുകൾ മാത്രമാണ് എൻ.ഡി.എ സഖ്യത്തിന് വിജയിക്കാനായത്. ശിവസേനയേയും എൻ.സി.പിയേയും പിളർത്തി മഹാരാഷ്ട്ര പിടിക്കാനിറങ്ങിയ ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് വോട്ടർമാർ നൽകിയത്.

പാർട്ടി പിളർത്തി എൻ.ഡി.എ സഖ്യത്തിനൊപ്പം പോയ അജിത് പവാർ പാർട്ടിയിൽ തിരിച്ചെത്താനുള്ള സാധ്യതകൾ ശരദ് പവാർ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മഹാ വികാസ് അഘാഡി സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് സഹായിച്ച യൂട്യൂബ് ചാനലുകൾക്കും മറ്റുള്ളവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

മോദി റാലി നടത്തിയ മണ്ഡലങ്ങളിലൊന്നും ബി.ജെ.പിക്ക് വിജയിക്കാനായില്ല എന്നാണ് കണക്കുകൾ പറയുന്നത്. മോദി റാലിയും റോഡ് ഷോയും നടത്തിയ 17 മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ബി.ജെ.പി വിജയിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News