വാഗ്ദാനം പാഴ്‍വാക്കായി; നിതാഖത്തിന്റെ ഇരകള്‍ക്ക് വായ്പ ലഭിക്കുന്നില്ല

Update: 2018-06-12 00:06 GMT
Editor : Ubaid
വാഗ്ദാനം പാഴ്‍വാക്കായി; നിതാഖത്തിന്റെ ഇരകള്‍ക്ക് വായ്പ ലഭിക്കുന്നില്ല
Advertising

നിതാഖത്ത് മൂലം പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തിയവര്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ 22,364 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

നിതാഖത്ത് മൂലം സ്വദേശത്ത് മടങ്ങിയെത്തിയ പ്രവാസികളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന നോര്‍ക്കയുടെ വാഗ്ദാനം പാഴ്‍വാക്കായി. സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ബാങ്ക് വായ്പ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും നാമമാത്രമായവര്‍ക്കാണ് ഈ ഇനത്തില്‍ വായ്പ ലഭിച്ചത്. പ്രഖ്യാപനത്തിനപ്പുറം ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് പ്രശ്ന കാരണം.

Full View

നിതാഖത്ത് മൂലം പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തിയവര്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ 22,364 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 2015-16 കാലയളവില്‍ 2901 പേര്‍ സ്വയം തൊഴിലിനായി നോര്‍ക്ക വഴി ബാങ്ക് ലോണിന് അപേക്ഷ നല്‍കി. വായ്പ ലഭിച്ചത് 167 പേര്‍ക്ക്. 2016-17 കാലയളവില്‍ 12,423 പേര്‍ അപേക്ഷ നല്‍കിയെങ്കിലും 328 പേര്‍ക്ക് മാത്രമാണ് വായ്പ ലഭിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം ലഭിച്ച 11331 അപേക്ഷകളില്‍ 436 പേര്‍ക്ക് വായ്പ ലഭിച്ചതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് നോര്‍ക്ക ശുപാര്‍ശ സമര്‍പ്പിക്കുന്നതിനപ്പുറം നടപടിയൊന്നുമുണ്ടാകുന്നില്ല. മതിയായ ഈട് നല്‍കാന്‍ പ്രാപ്തിയുള്ളവര്‍ക്ക് മാത്രമാണ് വായ്പ ലഭിക്കുന്നതെന്ന് ചുരുക്കം.

എസ്.ബി.ഐ, സൌത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ കേരള സംസ്ഥാന പ്രവാസി വികസന കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നീ സ്ഥാപനങ്ങളാണ് നോര്‍ക്കയുമായി സഹകരിക്കുന്നത്. ലഭ്യമാക്കുന്ന വായ്പയില്‍ ആദ്യ മൂന്ന് വര്‍ഷത്തേക്ക് 3 ശതമാനം സബ്സിഡി ലഭിക്കുമെന്നതാണ് പ്രത്യേകത. പ്രവാസികള്‍ക്ക് വായ്പ ലഭിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കാത്തിടത്തോളം വായ്പ ലഭ്യമാക്കുന്നതില്‍ ബാങ്കുകള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News