ഇടുക്കിയില്‍ പ്രളയം തകര്‍ത്തത് 92 റോഡുകള്‍, 3 പാലങ്ങള്‍

ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ജില്ലയ്ക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇടുക്കി ജില്ലക്കാര്‍ നന്നേ ബുദ്ധിമുട്ടുന്നു

Update: 2018-08-21 03:24 GMT
Advertising

കനത്ത പ്രളയത്തില്‍ ഇടുക്കി ജില്ലയില്‍ സഞ്ചാര യോഗ്യമായ റോഡുകളുടെ എണ്ണം നാമമാത്രമായി. ആയിരം കോടിയിലധികം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പ് മാത്രം കണക്കാക്കുന്നത്. 92 റോഡുകള്‍ തകര്‍ന്നപ്പോള്‍ പ്രധാനപ്പെട്ട മൂന്നു പാലങ്ങളും തകര്‍ന്നു.

മഴ മാറിനിന്നതോടെ ഇടുക്കിയിലെ റോഡുകളുടെ നാശങ്ങളുടെ കണക്കെടുപ്പ് പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. ജില്ലയിലെ 80 ശതമാനം റോഡുകളും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. പ്രാഥമികമായ കണക്കെടുപ്പില്‍ ജില്ലയിലെ 92 റോഡുകളാണ് തകര്‍ന്നത്. കണക്കെടുപ്പ് തുടരുകയാണ്. ദേവികുളം സബ് ഡിവിഷനു കീഴിലുള്ള റോഡുകളാണ് ഏറെയും നശിച്ചത്. ഇടുക്കി സബ് ഡിവിഷനു കീഴിലെ 86 റോഡുകളില്‍ 83ഉം തകര്‍ന്ന അവസ്ഥയിലാണ്.

കല്ലാര്‍കുട്ടി മുനിയറ നെടുങ്കണ്ടം റോഡ്, കല്ലാര്‍കുട്ടി പനംകുട്ടി റോഡ്, വെള്ളത്തൂവല്‍ രാജാക്കാട്, തൊടുപുഴ ഇടുക്കി, കട്ടപ്പന എറണാകുളം, എന്നീ റോഡുകളും, കൊച്ചി ധനുഷ്കോടി ദേശീയ പാതയില്‍ അടിമാലി മൂന്നാര്‍ റോഡ്, കല്ലാര്‍ മാങ്കുളം, മൂന്നാര്‍ മറയൂര്‍ ഉദുമല്‍പേട്ട റോഡ് എന്നിവയും സഞ്ചാരയോഗ്യമല്ല. ചെറുതോണി കട്ടപ്പന, കട്ടപ്പന ഇരട്ടയാര്‍, കട്ടപ്പന നെടുങ്കണ്ടം റോഡുകളും തകര്‍ന്ന അവസ്ഥയിലാണ്.

Full View

പ്രധാന പാലങ്ങളായ തൊടുപുഴ ഇടുക്കി വഴിയിലെ മീന്‍മുട്ടി, മൂന്നാര്‍ മറയൂര്‍ വഴിയിലെ പെരിയാവാരെ, കട്ടപ്പന ശാന്തിഗ്രാം പാലം, എല്ലയ്ക്കല്‍ പാലം എന്നീ പ്രധാന പാലങ്ങളാണ് തകര്‍ന്നത്. ഗതാഗതം പുനഃസ്ഥാപിച്ച ചുരുക്കം പാതകളില്‍ ഒറ്റവരിയാണ് ഗതാഗതം അനുവദിച്ചിട്ടുള്ളതും.

ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ജില്ലയ്ക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇടുക്കി ജില്ലക്കാര്‍ നന്നേ ബുദ്ധിമുട്ടുമെന്ന് ഉറപ്പാണ്.

Tags:    

Similar News