സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു; വീണ്ടും സമരത്തിനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍

എന്നാല്‍ ചര്‍ച്ചയിലെ പ്രധാന ഒത്തുതീര്‍പ്പ് വ്യവസ്ഥ അട്ടിമറിച്ചാണ് ഈ മാസം രണ്ടാം തീയതി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതെന്നാണ് സമരക്കാര്‍ പറയുന്നത്.

Update: 2019-03-11 04:05 GMT
Advertising

സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാതായതോടെ സമരമുഖത്തേക്കിറങ്ങാനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ സമരസമിതി. തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ മാര്‍ച്ച് 19ന് കലക്ടറേറ്റ് മാര്‍ച്ചോടെ ആദ്യഘട്ട സമരം ആരംഭിക്കും.

Full View

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 30 മുതല്‍ തിരുവനന്തപുരത്ത് നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ സമരം അവസാനിപ്പിച്ചത്. എന്നാല്‍ ചര്‍ച്ചയിലെ പ്രധാന ഒത്തുതീര്‍പ്പ് വ്യവസ്ഥ അട്ടിമറിച്ചാണ് ഈ മാസം രണ്ടാം തീയതി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതെന്നാണ് സമരക്കാര്‍ പറയുന്നത്.

ജില്ലയിലെ മുഴുവന്‍ ദുരിത ബാധിതതരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് പുറത്ത് പോയി താമസിക്കുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ പറയുന്നത്.

2017ല്‍ നടന്ന മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 1905 പേരില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ ഇനിയൊരു പരിശോധന കൂടാതെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും ആനുകൂല്യങ്ങള്‍ നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. ഈ ഉറപ്പും ലംഘിച്ച് ഇനിയൊരു മെഡിക്കല്‍ പരിശോധന നടത്തിയേ ഇവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തൂ എന്നുമാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്.

ഈ പ്രശ്‌നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും, സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ മാറ്റമൊന്നും ഉണ്ടായില്ലെങ്കില്‍ ഇനിയും സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതി തീരുമാനം. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. പിന്നീട് സെക്രട്ടറിയേറ്റിന് മുന്നിലെ സമരമടക്കമുള്ള സമരപരിപാടികളും സമരക്കാര്‍ ആലോചിക്കുന്നു.

Tags:    

Similar News