വടകരയിൽ നടന്നത് തീകൊണ്ടുള്ള കളി; മോദികാലത്ത് ഇസ്‌ലാമോഫോബിയ വളർത്താന്‍ ഹിന്ദു വര്‍ഗീയ പ്രവർത്തനങ്ങൾ നടക്കുന്നു-കൽപറ്റ നാരായണൻ

''യു.പിയിലും ഗുജറാത്തിലും മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് പശുക്കിടാവിനെ ക്ഷേത്രത്തിൽ നടയിരുത്താനായി പോകുന്ന ഹിന്ദുവിനെ ആരെങ്കിലും വെട്ടിക്കൊന്നാൽ അതു പ്രത്യക്ഷബുദ്ധിക്കു മുസ്‌ലിമാണെന്നു തോന്നും. ലഘുബുദ്ധികളായ ജനങ്ങൾ അത് ആഘോഷിക്കുകയും പക്ഷപാതികളായ മാധ്യമങ്ങൾ കൊണ്ടാടുകയും ചെയ്യും.''

Update: 2024-05-01 13:44 GMT
Editor : Shaheer | By : Web Desk

കല്‍പറ്റ നാരായണന്‍

Advertising

കോഴിക്കോട്: വടകരയില്‍‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലുണ്ടായ വർഗീയ പ്രചാരണ വിവാദങ്ങളിൽ പ്രതികരണവുമായി കവി കൽപറ്റ നാരായണൻ. വടകരയിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വർഗീയമായ കാർഡ് ഇറക്കി നടന്ന കളി തീകൊണ്ടുള്ള കളിയാണെന്ന് അദ്ദേഹം പറഞ്ഞു. മോദികാലത്ത് വിപരീതോക്തികൾ മാത്രമാണുള്ളതെന്നും വാസ്തവോക്തികളില്ലെന്നും ഇസ്‌ലാമോഫോബിയ വളർത്താനുള്ള ഹിന്ദു വർഗീയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും കല്‍പറ്റ നാരായണന്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ചൂണ്ടിക്കാട്ടി.

''വടകരയിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വർഗീയമായ കാർഡ് ഇറക്കി നടന്ന കളി ആരു ചെയ്താലും തീകൊണ്ടുള്ള കളിയാണ്. കാലങ്ങളായി നാം പോറ്റിവളർത്തുന്ന മതസ്‌നേഹത്തെ ഇവിടെ രണ്ടായി പിളർത്താനുള്ള ശ്രമമാണു നടന്നത്. ചെറുത്തുതോൽപ്പിക്കേണ്ടതും സംഭവിക്കാൻ പാടില്ലാത്തതുമായ കാര്യമാണിത്. ആ കുറ്റം ചെയ്തവർ ആരായാലും അത് ഏറ്റുപറയണം.''-കൽപറ്റ ആവശ്യപ്പെട്ടു.

''ആരാണ് അതു ചെയ്തതെന്ന് ഒരു ഊഹവുമില്ല. ആരുടെ പേരിലാണ് എളുപ്പം കുറ്റം ചാർത്താവുന്നത്, അവരാകില്ല അതു ചെയ്തത് എന്നതാണ് അതിലെ ഏക ന്യായം. മോദി കാലത്ത് വാസ്തവോക്തികളില്ല; വിപരീതോക്തികളേയുള്ളൂ. യു.പിയിലും ഗുജറാത്തിലും മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് പശുക്കിടാവിനെ ക്ഷേത്രത്തിൽ നടയിരുത്താനായി പോകുന്ന ഹിന്ദുവിനെ ആരെങ്കിലും വെട്ടിക്കൊന്നാൽ അതു പ്രത്യക്ഷബുദ്ധിക്കു മുസ്‌ലിമാണെന്നു തോന്നും. ലഘുബുദ്ധികളായ ജനങ്ങൾ അത് ആഘോഷിക്കുകയും പക്ഷപാതികളായ മാധ്യമങ്ങൾ അതു കൊണ്ടാടുകയും ചെയ്യും. പക്ഷേ, ഇസ്‌ലാമോഫോബിയ വളർത്താൻ ചെയ്ത ഹിന്ദു വർഗീയതയാണ് അതിനു പിന്നിലെന്ന് പിന്നീട് അറിയും.''

ഇവിടെ സംഭവിച്ചത് എന്താണെന്ന് അറിയില്ലെന്നും സംഭവിക്കാൻ പാടില്ലാത്തതാണു നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വീണിരിക്കുന്ന ഈ തീപ്പൊരി വലിയൊരു അഗ്നിയായി കേരളത്തെ ചുട്ടുകളഞ്ഞേക്കാം. അത്രമേൽ, ലോലമാണ് ഈ വിഷയമെന്ന് ആലോചിക്കണം. ആരാണ് അതിനു പുറപ്പെട്ടതെങ്കിലും അതിൽനിന്നു പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Full View

ദുരഭിമാനം കൊണ്ട് ഏറ്റുപറഞ്ഞില്ലെങ്കിലും തുടർന്നങ്ങോട്ട് അവർ നിശബ്ദരാകണം. ഇതിനു വേണ്ടി പക്ഷംപിടിച്ച ആരും അതു തെറ്റായിരുന്നുവെന്നു മനസിലാക്കണം. അങ്ങനെ ചെയ്ത സാംസ്‌കാരിക പ്രവർത്തകർ ഭാവിയാൽ ചോദ്യംചെയ്യപ്പെടുമെന്ന് അവരും ധരിക്കണം. തെരഞ്ഞെടുപ്പ് പരാജയത്തെ ലഘൂകരിക്കാനൊന്നും ഒരു വിധത്തിലും ഇത് ഉപയോഗിക്കാൻ പാടില്ല. ഇത് തീകൊണ്ടുള്ള കളിയാണെന്നും കൽപറ്റ നാരായണൻ കൂട്ടിച്ചേർത്തു.

Summary: ''Hindu communal activities to foster Islamophobia are taking place during Modi era'': Says renowned poet Kalpatta Narayanan in Vatakara Lok Sabha elections controversy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News