തിരുവനന്തപുരം: പുതുയുഗ യാത്ര സമാപിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയ ചർച്ചകളും അന്തിമഘട്ടത്തിലേക്ക്. സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി ഇന്ന് പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പൂർണമായ ലിസ്റ്റിന് പകരം 40 സീറ്റിലാവും ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കുക.
മുസ്ലീം ലീഗ്- കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്നിവരുമായി ഉഭയകക്ഷി ചർച്ചയുമുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റ് വേണമെന്ന് വാശിയിലാണ് പി.ജെ ജോസഫ്. അധിക സീറ്റിനായി ലീഗ് അവകാശവാദം ഉന്നയിക്കില്ല എന്നാണ് സൂചന. സീറ്റ് വച്ച് മാറൽ ആയിരിക്കും പ്രധാന ചർച്ച. തിരുവമ്പാടിയും പട്ടാമ്പിയും വെച്ച് മാറും. കോങ്ങാടിനു പകരം ബാലുശ്ശേരിയും, പുനലൂരിന് പകരം ചടയമംഗലം സീറ്റും വെച്ച് മാറാനും ആലോചന നടക്കുന്നുണ്ട്.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിച്ച ജാഥയിലൂടെ ഉണർന്ന സംഘടനാ സംവിധാനത്തെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലനിർത്തണമെന്ന് ജില്ലാ നേതൃത്വങ്ങൾക്ക് യുഡിഎഫ് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശം. ജാഥകളിൽ ഉണ്ടായ ജനക്കൂട്ടം ഭരണം വിരുദ്ധ വികാരത്തിൻറെ സൂചനയായിട്ടാണ് യുഡിഎഫ് നേതാക്കൾ കരുതുന്നത്.
രാഹുൽ ഗാന്ധി നൽകിയ ഉറപ്പുകൾ ജനങ്ങളെ സ്വാധീനിക്കും എന്നും യുഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനങ്ങൾക്ക് രാഷ്ട്രീയ മറുപടിയുമായി എൽഡിഎഫ് വരും ദിവസങ്ങളിൽ രംഗത്തെത്തും.
പൊതുയുഗ യാത്രയുടെ ക്യാപ്റ്റൻ പ്രതിപക്ഷനേതാവ് മാത്രമായിരുന്നെങ്കിലും, യുഡിഎഫിന്റെ സംഘടനാ സംവിധാനം മുഴുവൻ ഊർജ്ജസ്വലമായി പ്രവർത്തിച്ചു എന്നാണ് നേതാക്കളെല്ലാം പറയുന്നത്. അതിനുദാഹരണമായി ഉയർത്തിക്കാട്ടുന്നത് കണ്ണൂരിലെ സിപിഎം കോട്ടകളിലെ ജനക്കൂട്ടത്തെയാണ്.
14 ജില്ലകളിലെയും യുഡിഎഫിന്റെ സംഘടന സംവിധാനത്തെ മുഴുവൻ തെരഞ്ഞെടുപ്പ് വരെ ഇതേ ഊർജ്ജത്തിൽ നിലനിർത്തുക എന്ന വലിയ വെല്ലുവിളിയാണ് നേതൃത്വത്തിന് മുന്നിലുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും പ്രവർത്തകർ മുഴുവൻ ഇലക്ഷൻ വർക്കുകളിൽ ആയിരിക്കണമെന്ന നിർദേശമാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വങ്ങൾക്ക് നൽകിയിരിക്കുന്നത്. ഈ നിർദ്ദേശം യുഡിഎഫ് എന്ന നിലയിലും ഓരോ പാർട്ടികൾ എന്ന നിലയിലും നൽകിയിട്ടുണ്ട്.
ജാഥകളിലെ ജനക്കൂട്ടം 10 വർഷത്തെ ഇടതുഭരണത്തിനെതിരായ വികാരമായിട്ടാണ് യുഡിഎഫ് നേതാക്കൾ കാണുന്നത്. ഓരോ മണ്ഡലത്തിലെയും പൗരപ്രമുഖരുമായി പ്രതിപക്ഷ നേതാവ് നടത്തിയ കൂടിക്കാഴ്ചകളിലും ഭരണത്തിനെതിരായി വികാരമുണ്ടായിരുന്നു എന്നാണ് UDF അവകാശവാദം. ഇതിന് പിന്നാലെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി നൽകിയ ഗ്യാരണ്ടികൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതാണെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്.
കർണാടക, തെലങ്കാന, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച വിജയിപ്പിച്ചവയാണ് ഇത്തരത്തിലുള്ള ഉറപ്പുകൾ. രാജസ്ഥാൻ സർക്കാർ നടപ്പാക്കി വിജയത്തിൽ ആക്കിയ ഇൻഷുറൻസ് പദ്ധതിയാണ് ഉമ്മൻചാണ്ടിയുടെ പേരിൽ നടപ്പാക്കാൻ പോകുന്നത്. സ്ത്രീകൾക്കുള്ള സൗജന്യ കെഎസ്ആർടിസി ബസ് യാത്രയും ഇത്തരത്തിൽ പരീക്ഷിച്ചു വിജയിച്ചതാണ്. കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ, യുവജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ തുടങ്ങിയവയും വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.
വിദ്യാർത്ഥികളെയും യുവജനങ്ങളെയും മധ്യവയസ്ക്കരയും സ്ത്രീകളെയും,പ്രായമേറിയവരെയും തുടങ്ങി എല്ലാ മേഖലകളിലും ഉള്ള ആൾക്കാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രഖ്യാപനമാണ് എന്നാണ് യുഡിഎഫിന്റെ അവകാശവാദം. എന്നാൽ ഇതിന് രാഷ്ട്രീയ പ്രതിരോധം തീർക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ടുണ്ട് എൽഡിഎഫ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 600 രൂപ ആയിരുന്ന ക്ഷേമ പെൻഷൻ 18 മാസം കുടിശികയാക്കിയവർ എങ്ങനെ 3000 കൊടുക്കും എന്നാണ് സിപിഎം സൈബർ ഹാൻഡിലുകളിൽ ഉയരുന്ന പ്രധാന ചോദ്യം. യുഡിഎഫിന്റെ പ്രഖ്യാപനങ്ങളെ അതേ നാണയത്തിൽ വരും ദിവസങ്ങളിൽ എൽഡിഎഫ് നേതാക്കന്മാരും നേരിടും.