തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. എല്ലാ സ്ത്രീകൾക്കും കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര, 3000 ക്ഷേമെപൻഷൻ എന്നിങ്ങനെ വമ്പൻ പ്രഖ്യാപനങ്ങളാണ് പുതുയുഗ യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി നടത്തിയത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും. ഫെബ്രുവരി ആറിന് കാസർകോട് നിന്നും ആരംഭിച്ച യാത്രയാണ് ഇന്ന് പുത്തരിക്കണ്ട മൈതാനത്ത് സമാപിച്ചത്.
പ്രധാന പ്രഖ്യാപനങ്ങൾ
1. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1,000
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചെലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കോളജ് വിദ്യാർഥിനികൾക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നൽകും.
2. ക്ഷേമ പെൻഷൻ ₹3,000 ആയി ഉയർത്തും
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും.
3. കുടുംബങ്ങൾക്ക് ₹25 ലക്ഷത്തിന്‍റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്
'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി'യിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കുന്. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
4. യുവ സംരംഭകർക്ക് ₹5 ലക്ഷം പലിശരഹിത വായ്പ
സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.
5. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ്
കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും.
സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
കേരളത്തിൽ ഇടതുപക്ഷവും ബിജെപിയും തമ്മിൽ സംഖ്യകക്ഷികളെ പോലെയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ മോദി മുഖ്യമന്ത്രി പിണറായി വിജയനെയും നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ തൊഴിലാളികളോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന സമീപനം എന്താണെന്ന് നോക്കിയാൽ മനസിലാകും. സിബിഐ, ഇഡി പോലുള്ള കേന്ദ്ര ഏജൻസികൾ യുഡിഎഫിനെതിരെ നീങ്ങുമ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വരുന്നില്ലെന്നും രാഹുൽ ചോദിച്ചു.
36 കേസുകൾ എനിക്കെതിരെ എടുത്തു. ഉത്തരം ഒന്നേയുള്ളൂ അവർ ഒന്നിച്ച് നീങ്ങുകയാണ്. കേരളത്തിൽ സിജെപിയാണ്. ഘടകകക്ഷികളെപ്പോലെ യുഡിഎഫിനെ തോൽപ്പിക്കാൻ ഒറ്റക്കെട്ടായി കൈകോർക്കുന്നു. കേരളത്തിലെ ഗവൺമെന്‍റിന് എന്ത് കമ്മ്യൂണിസ്റ്റ് സ്വഭാവമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
നൂറ് സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എത്ര പരസ്യം നൽകിയാലും നിങ്ങളുടെ മുഖം നന്നാക്കി അധികാരത്തിൽ വരാൻ കഴിയില്ല. സാധാരണക്കാരുടെ ജീവത്തിൽ ഒരു മാറ്റവും വരുത്താത്ത അഴിമതി ഗവൺമെൻറ് ആണ് ഭരിക്കുന്നത്. കേരളത്തെ 10 വർഷം പിന്നോട്ട് കൊണ്ടുപോയ സർക്കാർ ആണ് ഭരിക്കുന്നത്. ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നില്ല. രാഹുൽ ഗാന്ധിക്കൊപ്പം കേരളം ഉറച്ചുനിൽക്കും. ഭരണവിരുദ്ധ വികാരത്തിന്‍റെ കുത്തൊഴുക്കായിരുന്നു പുതുയുഗയാത്രയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.